മറുകുകള്‍ വലുതാകുന്നതും നിറം മാറുന്നതും പുതുതായി ഉണ്ടാകുന്നതുമെല്ലാം ശ്രദ്ധിക്കുക....

Published : May 03, 2023, 07:04 PM IST
മറുകുകള്‍ വലുതാകുന്നതും നിറം മാറുന്നതും പുതുതായി ഉണ്ടാകുന്നതുമെല്ലാം ശ്രദ്ധിക്കുക....

Synopsis

ക്യാൻസര്‍ അഥവാ അര്‍ബുദം പല രീതിയിലുണ്ട്. പല അവയവങ്ങളെയും അര്‍ബുദം ബാധിക്കാറുണ്ട്. ഇത്തരത്തില്‍ ചര്‍മ്മത്തെ അര്‍ബുദം ബാധിക്കുന്നത് ഏറ്റവും കൂടുതലായി 'മെലനോമ' എന്ന രീതിയിലാണ്. അതായത് ചര്‍മ്മത്തിന് നിറം നല്‍കുന്ന 'മെലാനിൻ' ഉത്പാദിപ്പിക്കുന്ന കോശങ്ങളെ ബാധിക്കുന്ന അര്‍ബുദം. 

നമ്മുടെ ശരീരത്തില്‍ കാണുന്ന കറുത്ത നിറത്തിലുള്ള ചെറിയ കുത്തുകള്‍ ആണ് മറുകുകള്‍ അല്ലെങ്കില്‍ കാക്കപ്പുള്ളികള്‍. ചെറിയ കുത്തുകളെ പൊതുവെ നമ്മള്‍ കാക്കപ്പുള്ളി എന്നാണ് വിളിക്കാറ്. അല്‍പം വലുതാണെങ്കില്‍ അവയെ മറുക് എന്നും പറയാറുണ്ട്. എന്തായാലും ഇവയെ ശരീരത്തിന് ദോഷകരമായ ഒന്നായി ആരും കരുതാറില്ല. 

എന്നാല്‍ ഇവയും ദോഷകരമായി വരാം. എങ്ങനെയെന്നല്ലേ? വിശദമാക്കാം. 

നമുക്കറിയാം, ക്യാൻസര്‍ അഥവാ അര്‍ബുദം പല രീതിയിലുണ്ട്. പല അവയവങ്ങളെയും അര്‍ബുദം ബാധിക്കാറുണ്ട്. ഇത്തരത്തില്‍ ചര്‍മ്മത്തെ അര്‍ബുദം ബാധിക്കുന്നത് ഏറ്റവും കൂടുതലായി 'മെലനോമ' എന്ന രീതിയിലാണ്. അതായത് ചര്‍മ്മത്തിന് നിറം നല്‍കുന്ന 'മെലാനിൻ' ഉത്പാദിപ്പിക്കുന്ന കോശങ്ങളെ ബാധിക്കുന്ന അര്‍ബുദം. 

പലവിധത്തിലുള്ള സ്കിൻ ക്യാൻസറുകളില്‍ ഏറ്റവും പേടിക്കേണ്ടതാണ് 'മെലനോമ'. ഇതാണെങ്കില്‍ ശരീരത്തിലെ ഏത് അവയവത്തിലേക്കും പടരുകയും ചെയ്യാം. സമയബന്ധിതമായി കണ്ടെത്തപ്പെട്ടിട്ടില്ലെങ്കിലുള്ള വെല്ലുവിളിയും ഇതുതന്നെയാണ്. പലപ്പോഴും 'മെലനോമ' ആദ്യഘട്ടങ്ങളില്‍ കണ്ടെത്തപ്പെടാറില്ല എന്നതാണ് സത്യം. 

'മെലനോമ'യുടെ പ്രധാന ലക്ഷണമാണ് ശരീരത്തില്‍ അമിതമായി കാക്കപ്പുള്ളികള്‍ വരുന്നതും, ഉള്ള കാക്കപ്പുള്ളികളുടെ നിറവും ഘടനയും വലുപ്പവുമെല്ലാം മാറിവരുന്നതും എല്ലാം. അതിനാലാണ് കാക്കപ്പുള്ളികളില്‍ വരുന്ന വ്യത്യാസം നിരീക്ഷിക്കേണ്ടത് നിര്‍ബന്ധമാണെന്ന് പറയുന്നത്. 

പുരുഷന്മാരിലാണ് കാര്യമായും 'മെലനോമ' കാണാറുള്ളത്. അതും പുറത്തായിരിക്കും ഇത് ബാധിക്കുകയത്രേ. എന്നാല്‍ സ്ത്രീകളിലാണെങ്കില്‍  കാലിലാണ് ഏറെയും ബാധിക്കുക. രോഗം ബാധിക്കുന്നയിടങ്ങളില്‍ തന്നെയാകും കാക്കപ്പുള്ളികള്‍ കൂടുതലായി കാണുന്നതും. 

കാക്കപ്പുള്ളികളില്‍ വരുന്ന വ്യത്യാസങ്ങളില്‍ തന്നെ സൂക്ഷ്മമായി ശ്രദ്ധിക്കേണ്ട ചിലതുണ്ട്. എന്തെന്നാല്‍ കാക്കപ്പുള്ളിയുടെ ഒരു പകുതിയും മറുപകുതിയും ഒരേ അളവില്‍ അല്ലാതിരിക്കുക, കാക്കപ്പുള്ളിയുടെ അറ്റം വ്യക്തമല്ലാത്ത രീതിയില്‍ പരന്നു- വളഞ്ഞുമെല്ലാം ആയിരിക്കുക, കാക്കപ്പുള്ളിയുടെ നിറം ഒന്നില്‍ തന്നെ വ്യത്യസ്തമായി കാണുക, അസ്വാഭാവികമായി വലുപ്പം വയ്ക്കുന്ന കാക്കപ്പുള്ളി, കാക്കപ്പുള്ളിയുടെ സ്ഥലം മാറി വരിക, ചെറിയ മുഴ പോലെ കാക്കപ്പുള്ളി വരിക - ഇക്കാര്യങ്ങളെല്ലാമാണ് പ്രത്യേകമായി ശ്രദ്ധിക്കേണ്ടത്. 

അധികവും സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങള്‍ പതിവായി നേരിട്ടേല്‍ക്കുന്നതാണ് 'മെലനോമ'യ്ക്ക് കാരണമാകുന്നത്. ഇതിന് പുറമെ ജനിതക കാരണങ്ങള്‍, ടാന്നിംഗ് ബെഡുകളുടെയോ ലാമ്പുകളുടെയോ അമിതോപയോഗം, രോഗപ്രതിരോധ ശേഷി കാര്യമായ അളവില്‍ ദുര്‍ബലമാവുക- എന്നിവയെല്ലാം ഇതില്‍ ഘടകങ്ങളായി വരാറുണ്ട്. 

കഴിയുന്നതും നേരിട്ട് വെയിലേല്‍ക്കുന്നത് കുറയ്ക്കുക. വെയിലില്‍ ഇറങ്ങുമ്പോള്‍ സണ്‍സ്ക്രീൻ- സണ്‍ ഗ്ലാസ് എന്നിവയുടെ ഉപയോഗം പതിവാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം 'മെലനോമ' പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ചെയ്യാം.

Also Read:- ബിപിയും കൊളസ്ട്രോളും മുതല്‍ ലൈംഗികരോഗങ്ങള്‍ വരെ കണ്ണിലൂടെ തിരിച്ചറിയാം...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടികളിലെ യൂറിനറി ഇൻഫെ​ക്ഷൻ ; പ്രധാനപ്പെട്ട 10 ലക്ഷണങ്ങൾ
Health Tips : തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം വർദ്ധിപ്പിക്കാൻ കഴിയുന്ന നാല് ഫ്രൂട്ട് കോമ്പിനേഷനുകൾ