ഗർഭിണിയാണോ അല്ലയോ; തുടക്കത്തിൽ കാണുന്ന ചില ലക്ഷണങ്ങൾ, ഡോക്ടർ പറയുന്നു

By Web TeamFirst Published Jun 3, 2020, 3:02 PM IST
Highlights

ഗർഭാവസ്ഥയുടെ ആദ്യ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് മുംബൈയിലെ ഭാട്ടിയ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രണയ് ഷാ പറയുന്നു.

പല സ്ത്രീകൾക്കും ഗർഭാവസ്ഥയുടെ ആദ്യ ലക്ഷണങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞേക്കില്ല. ഗർഭ പരിശോധന കിറ്റിന്റെ സഹായമില്ലാതെ ഗർഭിണിയാണോ എന്നറിയാൻ കഴിയുമോ..? ആർത്തവം മുടങ്ങുന്നത് മാത്രമാണോ ഗർഭത്തിന്റെ ആദ്യ ലക്ഷണം?. ​ ഗർഭാവസ്ഥയുടെ ആദ്യ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് മുംബൈയിലെ ഭാട്ടിയ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രണയ് ഷാ പറയുന്നു. ആർത്തവം ക്യത്യമായി വരുന്നവർക്ക് ​പ്രശ്നം വരില്ല. എന്നാൽ, ക്രമരഹിതമായി ആർത്തവം ഉണ്ടാകുന്നവർക്ക് ഗർഭത്തിന്റെ ആദ്യ ലക്ഷണങ്ങൾ‌ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകാമെന്ന് ഡോ. ഷാ പറഞ്ഞു. 

ഒന്ന്...

ഒരു സ്ത്രീക്ക് തന്റെ പ്രതിമാസ ആർത്തവചക്രത്തിന് തടസ്സം വരികയോ അല്ലെങ്കിൽ സാധാരണ ആർത്തവസമയം കഴിഞ്ഞ് ഒന്നോ രണ്ടോ ആഴ്ച്ച കഴിഞ്ഞിട്ടും ആർത്തവം ഉണ്ടാകുന്നില്ല എങ്കിലോ ഗർഭത്തിന്റെ ആദ്യകാല ലക്ഷണമായി ഇതിനെ കണക്കാക്കുവാൻ കഴിയുന്നതാണ്. 

രണ്ട്...

ഗർഭാവസ്ഥയുടെ ആറ് മുതൽ ഏഴ് ആഴ്ചകൾക്ക് ശേഷമാണ് ഓക്കാനം തുടങ്ങുന്നത്. ചില സ്ത്രീകൾക്ക് പ്രഭാതത്തിൽ മനംപിരട്ടൽ അനുഭവപ്പെടുമ്പോൾ, മറ്റുള്ളവർക്ക് ഗർഭധാരണം ഉണ്ടായിട്ട് ഒന്നോ രണ്ടോ മാസം വരെ ഓക്കാനം വരില്ല. 

മൂന്ന്...

വയർ വീർക്കുന്നതായി തോന്നുന്നുണ്ടെങ്കിൽ ഇത് ഭക്ഷണം കഴിക്കുന്നതോ അല്ലെങ്കിൽ അമിത ശരീരഭാരമോ മൂലമല്ല. ഹോർമോൺ മാറ്റങ്ങൾ ആണ് ഇതിന് കാരണം. ​ഗർഭിണിയാണെന്നതിന്റെ മറ്റൊരു ലക്ഷണമാണ് ഇത്. ചില സ്ത്രീകൾക്ക് ആർത്തവത്തിന് തൊട്ടുമുമ്പ് വയറുവേദനയും വയറു വീർക്കലും അനുഭവപ്പെടുന്നു.

നാല്...

കൂടെക്കൂടെ മൂത്രമൊഴിക്കാന്‍ തോന്നുക എന്നത് ഗർഭത്തിന്റെ മറ്റൊരു ലക്ഷണമാണ്. ആദ്യത്തെ മൂന്ന് മാസങ്ങളിൽ ഈ ലക്ഷണം കാണാൻ കഴിയും. നിങ്ങൾ അടുത്ത ഘട്ടത്തിലെത്തുമ്പോൾ ഇത് തുടരുകയും ചിലപ്പോൾ വർദ്ധിക്കുകയും ചെയ്യും.

'' ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ, മദ്യപാനം പോലുള്ള ചില അനാരോഗ്യകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാം അല്ലെങ്കിൽ ഗർഭധാരണത്തിന് അനുകൂലമല്ലാത്ത ഭക്ഷണങ്ങൾ കഴിക്കാം. കൂടാതെ, ഗർഭാവസ്ഥയിൽ സുരക്ഷിതമല്ലാത്ത മരുന്നുകൾ (ആന്റിബയോട്ടിക്കുകൾ, വേദനസംഹാരികൾ) അല്ലെങ്കിൽ ഗർഭാവസ്ഥയുടെ തുടക്കത്തിൽ എക്സ്-റേ ഉപയോഗം ഗർഭധാരണത്തിന് ദോഷം ചെയ്യും. അതിനാൽ, നിങ്ങളുടെ ശരീരത്തിലെ മാറ്റങ്ങളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുകയും ഗർഭധാരണ പരിശോധന നടത്തുകയും ചെയ്യുക''- ഡോ. ഷാ പറഞ്ഞു.

‌ഗര്‍ഭകാലത്തെ രക്തസമ്മര്‍ദ്ദം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെ; ഡോക്ടർ പറയുന്നു

click me!