
ഇന്ത്യയില്‍ വളരെ സാധാരണമായി കാണപ്പെടുന്നൊരു ആരോഗ്യപ്രശ്‌നമാണ് വിളര്‍ച്ച അഥവാ അനീമിയ ( Anemia India). ഏതാണ്ട് 58.6 ശതമാനത്തോളം കുട്ടികളിലും, 53. 2 ശതമാനം സ്ത്രീകളിലും 'അനീമിയ' ബാധിക്കപ്പെട്ടതായാണ് 2016ലെ 'നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ' പ്രകാരമുള്ള കണക്കുകള്‍.
രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന പ്രോട്ടീനിന്റെ അളവ് ഗണ്യമായി കുറയുന്ന അവസ്ഥയാണ് വിളര്‍ച്ച. മിക്കവരും വളരെ നിസാരമായൊരു കാര്യമായാണ് വിളര്‍ച്ചയെ കാണുന്നത്. എന്നാല്‍ നിത്യജീവിതത്തില്‍ ഓരോ കാര്യങ്ങളിലും സ്വാധീനം ചെലുത്തുന്ന, അത്രമാത്രം സൂക്ഷ്മമായതും പ്രാധാന്യമര്‍ഹിക്കുന്നതുമായ പ്രശ്‌നമാണ് വിളര്‍ച്ച.
എപ്പോഴും അസഹനീയമായ ക്ഷീണം, തളര്‍ച്ച, നെഞ്ചിടിപ്പിലെ വ്യതിയാനം, ശ്വാസതടസം, തലവേദന ഇങ്ങനെ എല്ലായ്‌പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒരുപിടി പ്രശ്‌നങ്ങള്‍ മുതല്‍ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന തരത്തിലേക്കുള്ള പ്രശ്‌നങ്ങളിലേക്ക് വരെ വിളര്‍ച്ചയ്ക്ക് നമ്മെ നയിക്കാനാകും.
അതിനാല്‍ തന്നെ രക്തത്തിലെ ഹീമോഗ്ലോബിന്‍ അളവ് 'ബാലന്‍സ്' ചെയ്ത് നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഡയറ്റ് അഥവാ ഭക്ഷണമാണ് ഇതിന് കാര്യമായി സഹായിക്കുന്നത്. ചില ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുന്നത് ഹീമോഗ്ലോബിന്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. അത്തരമൊരു ഭക്ഷണമാണ് പഴങ്ങളില്‍ പെടുന്ന മാതളം.
വിളര്‍ച്ചയുള്ളവരെ സംബന്ധിച്ച്, എല്ലാ ദിവസവും ഡയറ്റില്‍ മാതളം ഉള്‍പ്പെടുത്താവുന്നതാണ്. അങ്ങനെ തന്നെ കഴിക്കുകയോ, സലാഡിലോ പുലാവിലോ മറ്റോ ചേര്‍ത്ത് കഴിക്കുകയോ എല്ലാം ആവാം.
ഇതിനൊപ്പം തന്നെ മറ്റ് രണ്ട് ചേരുവകള്‍ കൂടി ചേര്‍ത്ത് തയ്യാറാക്കുന്നൊരു ജ്യൂസുണ്ട്. ഹീമോഗ്ലോബിന്‍ അളവ് വര്‍ധിപ്പിക്കാന്‍ ഏറെ സഹായകമായിരിക്കും ഈ ജ്യൂസ്. മാതളത്തിന് പുറമെ ബീറ്റ്‌റൂട്ട്, കറ്റാര്‍വാഴ എന്നിവയാണ് ഇതില്‍ വരുന്ന മറ്റ് ചേരുവകള്‍.
ജ്യൂസ് എന്ന് കേള്‍ക്കുമ്പോള്‍ പഞ്ചസാരയും മറ്റും ചേര്‍ത്തിട്ടുള്ള രുചികരമായ ജ്യൂസ് എന്ന് കരുതല്ലേ. ഇത് തീര്‍ത്തും ആരോഗ്യത്തിന് വേണ്ടി, അതിനെ മുന്‍നിര്‍ത്തി തയ്യാറാക്കേണ്ടതാണ്. അതിനാല്‍ തന്നെ മധുരം ചേര്‍ക്കേണ്ടതില്ല.
അയേണ്‍, വൈറ്റമിനുകളായ എ, സി, ഇ, കാത്സ്യം എന്നിവയുടെയെല്ലാം കലവറയാണ് മാതളം. ഇവയെല്ലാം തന്നെ രക്തകോശങ്ങള്‍ കൂട്ടാന്‍ സഹായിക്കുന്നവയാണ്. ശരീരത്തിലെ അയേണ്‍ അളവ് വര്‍ധിപ്പിക്കാന്‍ മാതളത്തിലടങ്ങിയിരിക്കുന്ന 'അസ്‌കോര്‍ബിക് ആസിഡ്' സഹായിക്കുന്നു.
ബീറ്റ്‌റൂട്ടും അയേണിന്റെ നല്ലൊരു സ്രോതസാണ്. അനീമിയയെ ചെറുക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ സിയും ബീറ്റ്‌റൂട്ടിനെ സമ്പന്നമാക്കുന്നു. കറ്റാര്‍വാഴയാകട്ടെ വൈറ്റമിന്‍-സി, ആന്റിഓക്‌സിഡന്റുകള്‍, മറ്റനവധി പോഷകങ്ങള്‍ എന്നിവയാലും സമ്പന്നമാണ്.
ജ്യൂസ് തയ്യാറാക്കുന്ന വിധം...
മാതളം ആദ്യമേ ജ്യൂസാക്കി തയ്യാറാക്കി വയ്ക്കാം. ഇത് രണ്ട് കപ്പോളം തയ്യാറാക്കി മാറ്റിവയ്ക്കുക. ശേഷം ബീറ്റ്‌റൂട്ട് അരക്കപ്പോളം ചെറുതായി ചിരകിയതോ മുറിച്ചതോ എടുക്കാം. ഒരു കറ്റാര്‍വാഴ തണ്ട്, അതിന്റെ തൊലിയെല്ലാം നീക്കി ജെല്‍ മാത്രമായി എടുത്ത് അതും മാതളം ജ്യൂസിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കാം.
ആവശ്യമെങ്കില്‍ എല്ലാ ചേരുവകളും ചേര്‍ത്ത ശേഷം വീണ്ടും മിക്‌സിയിലോ ജ്യൂസറിലോ അടിച്ചെടുക്കാം. ഇതിലേക്ക് അല്‍പം കുരുമുളക് പൊടി ചേര്‍ക്കാം. വേണമെന്നുണ്ടെങ്കില്‍ തീരെ ചെറിയ അളവില്‍ ഉപ്പും. അത്രമാത്രം ചേരുവകളേ ഈ ജ്യൂസില്‍ ചേര്‍ക്കാവൂ.
ഇത് പതിവായി കഴിച്ചാല്‍ രക്തകോശങ്ങളുടെ എണ്ണം പെട്ടെന്ന് തന്നെ വര്‍ധിപ്പിക്കാനാകും. വിളര്‍ച്ച മൂലമുള്ള വിഷമതകളെ ചെറിയൊരു പരിധി വരെയെങ്കിലും മറികടക്കാനുമാകും.
Also Read:- പ്രമേഹരോഗികൾക്ക് സീതപ്പഴം കഴിക്കാമോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam