
സംസ്ഥാനത്തെ ആശുപത്രികൾ കാർബൺ ന്യൂട്രൽ ആക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ പഠന വിധേയമാക്കും. പ്രാദേശിക പ്രകൃതി സാഹചര്യങ്ങൾക്കനുസരിച്ച് പ്രകൃതി ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ ആശുപത്രികളെ ദുരന്തങ്ങളെ നേരിടാൻ പ്രത്യേക സജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
'നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം' എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനാചരണ സന്ദേശം. കോവിഡ് 19 മഹാമാരിയുടെ പിടിയിലകപ്പെട്ട് ലോകം മുഴുവൻ യാതന അനുഭവിക്കുന്ന ഈ സമയത്ത് നമ്മുടെ ഭൂമിയെയും പ്രകൃതിയെയും സംരക്ഷിച്ചു കൊണ്ട് കൂടുതൽ ആരോഗ്യപ്രദമായ ഒരു ലോകം കെട്ടിപെടുക്കുക എന്ന സന്ദേശമാണ് ഈ ലോകാരോഗ്യ ദിനം മുന്നോട്ട് വയ്ക്കുന്നത്.
മനുഷ്യ വംശത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിന് ആരോഗ്യമുള്ള ഭൂമി അനിവാര്യമാണ്. ഭൂമിയും പ്രകൃതിയും മലിനമാക്കപ്പെടുമ്പോൾ ശ്വാസകോശരോഗങ്ങൾ, ക്യാൻസർ, ഹൃദ്രോഗങ്ങൾ തുടങ്ങിയ രോഗങ്ങൾ വർദ്ധിക്കുമെന്നുള്ളത് ശാസ്ത്രീയമായി തന്നെ പല പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മനുഷ്യ വംശത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിന് ആരോഗ്യമുള്ള ഭൂമി, ശുദ്ധമായ വായു, ശുദ്ധമായ ജലം എന്നിവ അത്യന്താപേക്ഷിതമാണ്.
കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായ പാരിസ്ഥിതിക ആഘാതങ്ങൾ, ചുഴലിക്കാറ്റ്, ഉഷ്ണ തരംഗങ്ങൾ, ഉരുൾപ്പൊട്ടൽ, വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങൾ ഇന്ന് ലോകത്തെമ്പാടും നിത്യസംഭവമായി മാറിയിട്ടുണ്ട്. ആഗോളതലത്തിൽ മാത്രമല്ല കേരളത്തിലും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്തങ്ങൾ കഴിഞ്ഞ കാലങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പല പകർച്ചവ്യാധികളുടെയും ജന്തുജന്യ രോഗങ്ങളുടെയും വർദ്ധനവിന്റെ ഒരു പ്രധാന കാരണം കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളാണെന്ന് കണക്കാക്കപ്പെടുന്നുണ്ട്. ലോകത്ത് ഇന്നു സംഭവിക്കുന്ന 13 ദശലക്ഷം മരണങ്ങളുടെയും കാരണം ഇത്തരത്തിൽ ഒഴിവാക്കുവാൻ കഴിയുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളാണ്.
‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’; ഇന്ന് ലോകാരോഗ്യ ദിനം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam