ശരീരത്തിന് പുറത്തെത്തിയാല്‍ പുരുഷബീജത്തിന് എത്ര ആയുസുണ്ട്?; ഒപ്പം ഗര്‍ഭധാരണ സാധ്യതകളും

By Web TeamFirst Published Jun 7, 2021, 3:20 PM IST
Highlights

പുറത്തെത്തിക്കഴിഞ്ഞാല്‍ സെക്കന്‍ഡുകള്‍ക്കകം തന്നെ ജീവനറ്റ് പോകുന്നവയാണ് ബീജമെന്നാണ് മിക്കവരുടെയും സങ്കല്‍പം. എന്നാല്‍ ഈ സങ്കല്‍പത്തിന് ചില പോരായ്കകളെല്ലാമുണ്ട്. അതില്‍ ഒന്നാമത്തെ കാര്യം, അന്തരീക്ഷ താപനില അനുസരിച്ച് ശരീരത്തിന് പുറത്തെത്തിയ ബീജത്തിന് വരെ ഇരുപത് മുതല്‍ മുപ്പത് മിനുറ്റ് വരെ ആയുര്‍ദൈര്‍ഘ്യമുണ്ട് എന്നതാണ്

സുരക്ഷിതമല്ലാത്ത ലൈംഗികത നിശ്ചയിച്ചിട്ടില്ലാത്ത ഗര്‍ഭധാരണത്തിലേക്കും അതുപോലെ തന്നെ രോഗങ്ങളിലേക്കുമെല്ലാം നയിച്ചേക്കാം. തയ്യാറെടുപ്പുകളില്ലാതെ നടക്കുന്ന ലൈംഗികബന്ധത്തില്‍ പലപ്പോഴും ബീജം സ്ത്രീശരീരത്തിനകത്തേക്ക് കടക്കാതെ ശ്രദ്ധിക്കുന്നവരുണ്ട്. ഗര്‍ഭധാരണം തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്യുന്നത്. എന്നാല്‍ ഇതെല്ലാം എത്രത്തോളം സുരക്ഷിതമാണ്? പുരുഷബീജത്തിന് സ്ത്രീശരീരത്തിലെത്തിയാല്‍ എത്ര ആയുസുണ്ട്? 

പുറത്തെത്തിക്കഴിഞ്ഞാല്‍ സെക്കന്‍ഡുകള്‍ക്കകം തന്നെ ജീവനറ്റ് പോകുന്നവയാണ് ബീജമെന്നാണ് മിക്കവരുടെയും സങ്കല്‍പം. എന്നാല്‍ ഈ സങ്കല്‍പത്തിന് ചില പോരായ്കകളെല്ലാമുണ്ട്. അതില്‍ ഒന്നാമത്തെ കാര്യം, അന്തരീക്ഷ താപനില അനുസരിച്ച് ശരീരത്തിന് പുറത്തെത്തിയ ബീജത്തിന് വരെ ഇരുപത് മുതല്‍ മുപ്പത് മിനുറ്റ് വരെ ആയുര്‍ദൈര്‍ഘ്യമുണ്ട് എന്നതാണ്. 

അങ്ങനെയെങ്കില്‍ സ്ത്രീയുടെ ശരീരത്തിനകത്ത് എത്തിയ ബീജത്തിന്റെ ആയുസ് അതിലും കൂടാമല്ലോ! അതെ, യോനിക്കകത്ത് പ്രവേശിക്കപ്പെട്ട ബീജത്തിന് ജനനേന്ദ്രിയത്തിനോട് അനുബന്ധമായി വരുന്ന നാളിയില്‍ മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ ജീവനോടെ കഴിയാം. എന്നുവച്ചാല്‍ ഗര്‍ഭധാരണ സാധ്യതകള്‍ അത്രയും സമയത്തേക്ക് നിലനില്‍ക്കുന്നു എന്ന് സാരം. 

 

 

പുരുഷബീജത്തിന്റെ പൊതുസ്വഭാവങ്ങള്‍ കൂടി വിലയിരുത്തി മാത്രമാണ് ഗര്‍ഭധാരണ സാധ്യതകള്‍ നിര്‍ണയിക്കാന്‍ സാധിക്കുകയുള്ളൂ. അണ്ഡത്തിനെ പ്രത്യുത്പാദനക്ഷമമാക്കാന്‍ ലക്ഷക്കണക്കിന് ബീജം വേണ്ടതുണ്ട്. ഒരു ടീസ്പൂണ്‍ അളവില്‍ വരുന്ന ശുക്ലത്തിനകത്ത് തന്നെ 100-600 മില്യണ്‍ ബീജമുണ്ട്. അതായത് ലക്ഷോപലക്ഷം ബീജങ്ങള്‍. ഇതിന്റെ അളവ്, കൗണ്ട്, ബീജത്തിന്റെ ആരോഗ്യം, ചലിക്കാനുള്ള കഴിവ് എന്നിങ്ങനെയുള്ള സവിശേഷതകളെ അടിസ്ഥാനപ്പെടുത്തിയാണ് ഗര്‍ഭധാരണ സാധ്യത വിലയിരുത്തുക. 

ഇത്രയധികം ബീജങ്ങളില്‍ നിന്ന് പത്തോ ഇരുപതോ മാത്രമാണ് അണ്ഡത്തിനടുത്തെത്തുന്നത്. അതിനാലാണ് കൗണ്ട്, ആരോഗ്യം, ചലിക്കാനുള്ള കഴിവ് എന്നിവയെല്ലാം മാനദണ്ഡപ്പെടുത്തി മാത്രമേ ഗര്‍ഭധാരണ സാധ്യത വിലയിരുത്താനാകൂ എന്ന് പറയുന്നത്. ഇനി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിന് ശേഷം അബദ്ധവശാല്‍ സ്ത്രീശരീരത്തിന് അകത്തെത്തുന്ന ബീജമാണെങ്കിലും നേരത്തേ സൂചിപ്പിച്ചത് പോലെ ജനനേന്ദ്രിയത്തോട് അനുബന്ധമായുള്ള നാളിയില്‍ മൂന്നോ നാലോ ദിവസങ്ങളോളം ശേഷിച്ചേക്കാം. 

ഈ സന്ദര്‍ഭത്തില്‍ ചലനശേഷി കൂടുതലായുള്ള, ആരോഗ്യമുള്ള ബീജങ്ങള്‍ അകത്തെ ദ്രാവകത്തിലൂടെ പതിയെ ഗര്‍ഭപാത്രത്തിലേക്ക് എത്താം. തുടര്‍ന്ന് അണ്ഡവാഹിനിക്കുഴലിലേക്കും ഇവ നീങ്ങാം. അങ്ങനെയെങ്കില്‍ അവിടെ ഗര്‍ഭധാരണ സാധ്യതയുണ്ടാകുന്നു. അണ്ഡോത്പാദനസമയത്ത് ജനനേന്ദ്രിയ നാളി പരിസരത്തും മറ്റ് ബീജമുണ്ടായിരിക്കണം. അപ്പോള്‍ മാത്രമേ ഇവ യോജിച്ച് ഗര്‍ഭധാരണം നടക്കാനുള്ള സാഹചര്യമുണ്ടാകൂ. 

 

 

ഇനി ശുക്ലം അണുബാധയിലാണെന്ന് മനസിലാക്കാന്‍ സഹായിക്കുന്ന ചില സാഹചര്യങ്ങള്‍ കൂടി പറയാം. ലൈംഗികബന്ധത്തിന് ശേഷം യോനിയില്‍ ദുര്‍ഗന്ധം തോന്നുന്നുവെങ്കില്‍ അത് ശുക്ലത്തിലെ അണുബാധസൂചിപ്പിക്കുന്നതാകാം. അതുപോലെ തന്നെ യോനീ പരിസരങ്ങളില്‍ ഫംഗസ് ഇന്‍ഫെക്ഷന്‍, ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ എന്നിവ സംഭവിക്കുന്നതും ശുക്ലത്തിലെ അണുബാധയുടെ സൂചനയാകാം. 

സാധാരണഗതിയില്‍ ശുക്ലത്തിന് ദുര്‍ഗന്ധമുണ്ടാകുന്നതല്ല. അത് സ്ത്രീശരീരത്തിനകത്തെത്തിയാലും പ്രത്യേകിച്ച് മാറ്റമുണ്ടാകില്ല. ഓര്‍ക്കുക, ശുക്ലത്തില്‍ അണുബാധയുണ്ടെങ്കില്‍ അത് സമയബന്ധിതമായി തന്നെ ചികിത്സിച്ച് മാറ്റുക. അല്ലാത്ത പക്ഷം പങ്കാളിയില്‍ 'യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍', ലൈംഗികരോഗങ്ങള്‍ എന്നിവ പിടിപെടാന്‍ സാധ്യതകളേറെയാണ്.

Also Read:- 'ഡിവോഴ്‌സ് അനുവദിക്കാന്‍ പങ്കാളിയെ ലൈംഗികപ്രശ്‌നമുള്ള ആളായി ചിത്രീകരിക്കരുത്'...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!