
ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ മൂലം ഉണ്ടാകുന്ന ഒന്നാണ് മുഖക്കുരു. എണ്ണമയമുള്ള ചർമ്മക്കാരിലാണ് മുഖക്കുരു അധികവും കാണപ്പെടുന്നത്. മുഖത്തെ രോമകൂപങ്ങൾക്കിടയിൽ അഴുക്ക് നിറയുന്നതുകൊണ്ടും മുഖത്ത് ഈർപ്പം നിലനിർത്തുന്ന 'സെബേഷ്യസ് ഗ്രന്ഥി'( sebaceous glands) കളുടെ പ്രവർത്തനത്തകരാറുകൾക്കൊണ്ടും അണുബാധകൊണ്ടും മുഖക്കുരു ഉണ്ടാകാം.
ചർമ്മം ഉൾപ്പെടെയുള്ള മൊത്തത്തിലുള്ള ശരീര പ്രവർത്തനങ്ങളിൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണം വലിയ സ്വാധീനം ചെലുത്തുന്നു. ചില ഭക്ഷണങ്ങൾ മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകാറുണ്ടെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ജീവിതശൈലി ഘടകങ്ങൾ മുഖക്കുരു ഉണ്ടാക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് 'അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി' വ്യക്തമാക്കുന്നു. മുഖക്കുരു തടയാൻ ഒഴിവാക്കേണ്ട പ്രധാനപ്പെട്ട മൂന്ന് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...
ഒന്ന്...
പഞ്ചസാരയും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും കൂടുതൽ കഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ നിങ്ങളുടെ ഭക്ഷണരീതി വിശകലനം ചെയ്യുക. ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നത് - അതായത്, വെളുത്ത റൊട്ടി, ഉരുളക്കിഴങ്ങ്, മൈദ മാവ് ഉപയോഗിച്ച് നിർമ്മിച്ച പാസ്ത, സോഡ എന്നിവ ഉൾപ്പെടെ - നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുന്നു. ഇത് ചർമ്മത്തിന് കൂടുതൽ എണ്ണ ഉൽപാദിപ്പിക്കാനും പഴുപ്പ് ഉണ്ടാക്കാനും, അതു വഴി മുഖക്കുരു ഉണ്ടാകുന്നതിനും കാരണമാകും.
രണ്ട്...
പാലും പാൽ അടിസ്ഥാനമാക്കിയുള്ള മറ്റ് ഉൽപ്പന്നങ്ങളും മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകുന്നു. പാൽ, ഐസ്ക്രീം, മറ്റ് പാൽ ഉൽപന്നങ്ങൾ എന്നിവ കഴിക്കുന്നത് മുഖക്കുരുവിനെ വർദ്ധിപ്പിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
മൂന്ന്...
മുഖക്കുരു ഉള്ളവർ വറുത്തതും സംസ്കരിച്ചതുമായ ഭക്ഷ്യവസ്തുക്കൾ പൂർണമായി ഒഴിവാക്കുക. പൂരിതവും ട്രാൻസ്ഫാറ്റും അടങ്ങിയതുമായ ഭക്ഷണങ്ങൾ ഹോർമോണുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ചർമ്മത്തിൽ എണ്ണ അമിതമായി സ്രവിക്കാൻ കാരണമാവുകയും ചെയ്യുമെന്നാണ് ജേണൽ ഓഫ് ക്ലിനിക്കൽ, കോസ്മെറ്റിക് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്.
ഭാരം കുറയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന രണ്ട് തരം പാനീയങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam