കൊവിഡ് രോഗികളും വിറ്റാമിന്‍ ബി 12ഉം; സുപ്രധാനമായ പഠനം...

By Web TeamFirst Published Nov 5, 2020, 1:45 PM IST
Highlights

ആരോഗ്യത്തിന് മറ്റേത് വിറ്റാമിനുകളെ പോലെ തന്നെയും ആവശ്യമായി വരുന്ന ഒന്നാണ് വിറ്റാമിന്‍ ബി -12. ഉപാപചയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുക, ഒപ്പം തന്നെ ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്തുക എന്നീ രണ്ട് ധര്‍മ്മങ്ങളാണത്രേ പ്രധാനമായും വിറ്റാമിന്‍ ബി-12 ചെയ്യുന്നത്

നമ്മുടെ ശരീരത്തിന് അടിസ്ഥാനപമായി ആവശ്യമായി വരുന്ന ഘടകങ്ങളിലൊന്നാണ് വിറ്റാമിനുകള്‍. ഓരോ തരം വിറ്റാമിനും ഓരോ തരത്തിലുള്ള ധര്‍മ്മങ്ങളാണ് ശരീരത്തില്‍ നിര്‍വഹിക്കാനുള്ളത്. ഈ കൊവിഡ് കാലത്ത് ആരോഗ്യവുമായി ബന്ധപ്പെട്ട ഏത് ചെറിയ കാര്യങ്ങള്‍ക്ക് പോലും നമ്മള്‍ വലിയ പ്രാധാന്യം നല്‍കാറുണ്ട്. 

എന്നാല്‍ പലപ്പോഴും നമ്മുടെ അറിവില്ലായ്മ മൂലം ചിലതെല്ലാം നമ്മുടെ ശ്രദ്ധയില്‍ പെടാതെ പോകാറുമുണ്ട്. അത്തരത്തിലൊരു വിവരമാണ് റഷ്യയില്‍ പുറത്തുവന്നൊരു പുതിയ പഠന റിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നത്. 

ആരോഗ്യത്തിന് മറ്റേത് വിറ്റാമിനുകളെ പോലെ തന്നെയും ആവശ്യമായി വരുന്ന ഒന്നാണ് വിറ്റാമിന്‍ ബി -12. ഉപാപചയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുക, ഒപ്പം തന്നെ ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്തുക എന്നീ രണ്ട് ധര്‍മ്മങ്ങളാണത്രേ പ്രധാനമായും വിറ്റാമിന്‍ ബി-12 ചെയ്യുന്നത്. 

കൊവിഡുമായി ഇതെങ്ങനെയാണ് ബന്ധപ്പെടുന്നതെന്നാണ് പഠനം വിശദമാക്കുന്നത്. കൊവിഡ് രോഗികളില്‍ ചുവന്ന രക്താണുക്കള്‍ കുറയുന്ന സാഹചര്യം കാണാറുണ്ട്. ഈ അവസ്ഥയ്‌ക്കൊപ്പം ശരീരത്തിന് ആവശ്യമായത്രയും വിറ്റാമിന്‍ ബി-12 കൂടി കിട്ടിയില്ലെങ്കില്‍ സ്ഥിതിഗതികള്‍ അല്‍പം കൂടി മോശമായ നിലയിലേക്ക് മാറുന്നു. 

'എറിത്രോസൈറ്റ്‌സ്' എന്ന ചുവന്ന രക്താണുക്കളെ നശിപ്പിക്കുക മാത്രമല്ല, പുതിയതിന്റെ രൂപീകരണത്തെ തടയുക കൂടിയാണ് കൊവിഡ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ പുതിയ രക്താണുക്കളെ നിര്‍മ്മിക്കുന്നതില്‍ കാര്യമായ പങ്കുവഹിക്കുന്ന വിറ്റാമിന്‍ ബി -12 കൂടി ഇല്ലാതായാലോ! 

ശരീരത്തിലുടനീളം ഓക്‌സിജന്‍ എത്തിക്കുന്നതില്‍ 'എറിത്രോസൈറ്റുകള്‍'ക്ക് വലിയ പങ്കുണ്ട്. ഇതില്‍ കുറവ് സംഭവിക്കുന്നത് തലച്ചോറിലെ ന്യൂറോണുകള്‍ തകരാറിലാകുന്നതിനും, രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിനും, രണ്ടിലധികം ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രശ്‌നത്തിലാകുന്നതിനുമെല്ലാം കാരണമാകുമത്രേ.

ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ കൊവിഡ് കാലത്ത് വിറ്റാമിന്‍ ബി 12 അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അവശ്യം ശ്രദ്ധിക്കേണ്ട കാര്യമാണെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു. പ്രത്യേകിച്ച് കൊവിഡ് രോഗികളാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത്. ചിക്കന്‍, മുട്ട, സെറില്‍, പാല്‍, സാല്‍മണ്‍ മത്സ്യം തുടങ്ങിയവയെല്ലാം വിറ്റാമിന്‍ ബി -12നാല്‍ സമ്പുഷ്ടമാണ്. 

Also Read:- 'കൊവിഡ് വ്യാപകമാകാന്‍ ഒരു കാരണമായത് വൈറസില്‍ സംഭവിച്ച ജനിതകമാറ്റം'...

click me!