
നമ്മുടെ ശരീരത്തിന് ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ഡി (Vitamin D). എന്നാല്‍ ഇന്ന് വളരെ കൂടുതലായി കാണപ്പെടുന്ന ഒരു പ്രശ്‌നമാണ് വിറ്റാമിന്‍ ഡിയുടെ കുറവ് (Vitamin D deficiency). ഇത് പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാം. എല്ലുകളുടെയും (bones) പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ (calcium) നമ്മുടെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി.
നമ്മുടെ ശരീരത്തിൽ പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിലും വിറ്റാമിൻ ഡി പ്രധാന പങ്കുവഹിക്കുന്നുണ്ട്. മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും നമ്മുക്ക് കിട്ടുന്നതു കൂടിയാണ് വിറ്റാമിന്‍ ഡി. സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്.
വിറ്റാമിന്‍ ഡിയുടെ അഭാവം ഹൃദയത്തിന്‍റെ ആരോഗ്യത്തെ വരെ ബാധിക്കാം എന്നാണ് പുതിയ ഒരു പഠനം പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് സൌത്ത് ഓസ്ട്രേലിയ ആണ് പഠനം നടത്തിയത്. യൂറോപ്യന്‍ ഹാര്‍ട്ട് ജേണലിലാണ് (European Heart Journal) പഠനം പ്രസിദ്ധീകരിച്ചത്. മറ്റുള്ളവരെയപേക്ഷിച്ച് വിറ്റാമിന്‍ ഡിയുടെ അഭാവമുള്ളവരില്‍ ഹൃദ്രോഗ സാധ്യതയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കാണപ്പെട്ടതായാണ് പഠനം പറയുന്നത്.
ജനിക്കുമ്പോള്‍ തന്നെ വിറ്റാമിന്‍ ഡി കുറവുള്ള കുട്ടികളില്‍ ഉയർന്ന രക്തസമ്മര്‍ദ്ദമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് നേരത്തെയും പല പഠനങ്ങളും സൂചിപ്പിച്ചിട്ടുണ്ട്. നമ്മുടെ ജീവിതരീതികളിലെ മാറ്റങ്ങളും നല്ല ഭക്ഷണശീലങ്ങളും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായകമാകും.
വിറ്റാമിന്‍ ഡി കിട്ടുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...
പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങളില്‍ നിന്ന് ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും. പ്രോട്ടീന്‍ സമ്പുഷ്ടമായ മുട്ടയില്‍ നിന്നും മറ്റ് വിറ്റാമിനുകളോടൊപ്പം വിറ്റാമിന്‍ ഡിയും ലഭിക്കും. വിറ്റാമിന്‍ ഡി ലഭിക്കുന്ന മറ്റൊരു ഭക്ഷണമാണ് മത്സ്യം. പ്രത്യേകിച്ച് 'സാൽമൺ' മത്സ്യമാണ് വിറ്റാമിൻ ഡിയുടെ ഉറവിടം.
വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന അടുത്ത ഭക്ഷണമാണ് കൂണ്‍. കൊഴുപ്പ് കുറഞ്ഞതും എന്നാല്‍ പോഷകങ്ങള്‍ ധാരാളമുള്ളതുമാണ് ഇവ. അതുപോലെ തന്നെ, ധാന്യങ്ങളും പയർ വർഗങ്ങളും കഴിക്കുന്നതും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.
Also Read: വിറ്റാമിന്‍ ഡിയുടെ കുറവ്; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam