കൊവിഡ് ഭേദമായി ആറ് മാസക്കാലത്തിനുള്ളില്‍ രോഗികളില്‍ കണ്ടേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍...

By Web TeamFirst Published Jan 9, 2021, 3:52 PM IST
Highlights

കൊവിഡ് ഭേദമായി ആറ് മാസക്കാലം വരെയെല്ലാം വലിയൊരു വിഭആഗം രോഗികളിലും ആരോഗ്യപ്രശ്‌നങ്ങള്‍ കാണാമെന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്. 'ലാന്‍സെറ്റ്' എന്ന പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നിട്ടുള്ളത്

കൊവിഡ് 19 ഭേദമായ ശേഷവും ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നതായി പലരും പരാതിപ്പെടുന്നുണ്ട്. ചിലരില്‍ കൊവിഡ് ലക്ഷണങ്ങള്‍ തന്നെ ഏറെ നാള്‍ നീണ്ടുനില്‍ക്കുന്നതായി പോലും പറഞ്ഞുകേള്‍ക്കുന്നു. ഇത്തരത്തില്‍ കൊവിഡ് അതിജീവിച്ച ശേഷവും അതിന്റെ അനുബന്ധപ്രശ്‌നങ്ങള്‍ രോഗികളായിരുന്നവര്‍ അനുഭവിക്കേണ്ടി വരുന്നുണ്ടോ?

ഈ വിഷയത്തില്‍ നേരത്തേ പലയിടങ്ങളിലായി പല പഠനങ്ങളും നടന്നിട്ടുണ്ട്. കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവായ ശേഷവും ആറ് മാസക്കാലത്തേക്കോ അല്ലെങ്കില്‍ ഒരു വര്‍ഷം വരെയെല്ലാം നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ ആളുകളില്‍ കണ്ടേക്കാം എന്ന് തന്നെയാണ് മിക്ക പഠനറിപ്പോര്‍ട്ടുകളും സൂചിപ്പിച്ചിട്ടുള്ളത്. 

ഈ നിരീക്ഷണത്തെ അടിവരയിട്ട് ഉറപ്പിക്കുകയണ് ചൈനയില്‍ ഗവേഷകര്‍ നടത്തിയൊരു പുതിയ പഠനം. കൊവിഡ് ഭേദമായി ആറ് മാസക്കാലം വരെയെല്ലാം വലിയൊരു വിഭആഗം രോഗികളിലും ആരോഗ്യപ്രശ്‌നങ്ങള്‍ കാണാമെന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്. 'ലാന്‍സെറ്റ്' എന്ന പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. 

ഏതുതരം ആരോഗ്യപ്രശ്‌നങ്ങളാണ് ഇങ്ങനെ കൊവിഡ് അതിജീവിച്ചവരില്‍ കാണുകയെന്നും പഠനം സൂചിപ്പിക്കുന്നുണ്ട്. മിക്കവരിലും തളര്‍ച്ച, പേശികള്‍ക്ക് ബലക്കുറവ് അനുഭവപ്പെടുന്നത് എന്നിവയാണേ്രത കാണപ്പെടുക. ഒരു വിഭാഗം ആളുകളില്‍ ഉറക്ക പ്രശ്‌നങ്ങളും കാണുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

'കൊവിഡ് 19 നമ്മളെ സംബന്ധിച്ച് പുതിയൊരു രോഗമാണ്. അതിനാല്‍ തന്നെ ദീര്‍ഘകാലത്തേക്ക് ഇത് രോഗികളിലുണ്ടാക്കുന്ന പ്രശ്‌നങ്ങളുള്‍പ്പെടെ പലതും നമ്മള്‍ പഠിച്ചുവരുന്നതേയുള്ളൂ. എങ്കിലും രോഗം ഭേദമായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തവരാണെങ്കില്‍ കൂടി അവര്‍ക്ക് കുറച്ച് കാലത്തേക്ക് കൂടി ശ്രേദ്ധ നല്‍കേണ്ടതുണ്ട് എന്നതാണ് നമ്മുടെ പഠനം വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് രോഗം അല്‍പം തീവ്രമായ തരത്തില്‍ വന്നവരാണെങ്കില്‍...'- പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ബിന്‍ കാാവോ പറഞ്ഞു. 

ചെറുപ്പക്കാരില്‍ പോലും കൊവിഡ് 19ന് ശേഷം ഏറെ നാളത്തേക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടുവരുന്നതായി ലോകാരോഗ്യ സംഘടനയും നേരത്തേ സൂചിപ്പിച്ചിരുന്നു. വിവിധ രാജ്യങ്ങളിലായി ഇത്തരം പഠനങ്ങള്‍ സംഘടിപ്പിച്ച് നിരീക്ഷണങ്ങള്‍ തയ്യാറാക്കണമെന്നാണ് ഗവേഷകര്‍ ആവശ്യപ്പെടുന്നത്. ഒരുപക്ഷേ ഓരോ പ്രദേശത്തും ഇതിന്റെ തോതും സ്വഭാവവും വ്യത്യാസപ്പെട്ടേക്കാമെന്നും കൊവിഡിന് ശേഷമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കുറയ്ക്കാന്‍ ഈ തിരിച്ചറിവുകള്‍ സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു. 

Also Read:- കൊവിഡ് ഭേദമായവരിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാകുന്നതായി റിപ്പോർട്ട്...

click me!