
വിനോദം എന്നതില്‍ കവിഞ്ഞ്, ആരോഗ്യത്തിന് ഏറ്റവുമധികം ഗുണകരമാകുന്ന, മാതൃകാപരമായ ഒരു വ്യായാമം കൂടിയാണ് സൈക്ലിംഗ് എന്ന് നമുക്കറിയാം. പ്രധാനമായും ഹൃദയത്തിന്റെ സുരക്ഷയാണ് സൈക്ലിംഗ് ഉറപ്പുവരുത്തുന്നത്.
സൈക്ലിംഗും നമ്മുടെ ആയുസും തമ്മിലൊരു ബന്ധമുണ്ടെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. ഒട്ടാഗോ, വെലിംഗ്ടണ്‍, മെല്‍ബണ്‍, ഓക്ക് ലാന്‍ഡ് എന്നീ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള ഗവേഷകരുടേതാണ് ഈ പഠനം.
അതായത്, ദിവസവും സൈക്ലിംഗ് നടത്തുന്നവരില്‍ ആയുര്‍ദൈര്‍ഘ്യം കൂടാനുള്ള സാധ്യതയുണ്ടെന്നാണ് ഇവരുടെ പഠനം വിലയിരുത്തുന്നത്. ജോലിസ്ഥലത്തേക്ക് പതിവായി യാത്ര ചെയ്യുന്നതിന് സാധാരണക്കാര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ചും അത് എത്തരത്തിലാണ് അവരുടെ ശാരീരിക-മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നത് എന്നതിനെക്കുറിച്ചുമായിരുന്നു യഥാര്‍ത്ഥത്തില്‍ ഗവേഷകര്‍ പഠനം നടത്തിയത്.
മിക്കവാറും പേരും ബസ്, കാര്‍, മോട്ടോര്‍സൈക്കിള്‍ എന്നീ വാഹനങ്ങളെ ആശ്രയിച്ചാണ് ജോലിസ്ഥലത്ത് എത്തുന്നതെന്നും എന്നാല്‍ ചുരുക്കം ആളുകള്‍ സൈക്കിളിനെ മാത്രമാണ് ആശ്രയിക്കുന്നത്, ഇവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് ആരോഗ്യവാന്മാരും ആരോഗ്യവതികളുമാണെന്നും പഠനം കണ്ടെത്തി.
ജോലിയാവശ്യങ്ങള്‍ക്ക് മാത്രമല്ല, അല്ലാതെയും നിത്യവും സൈക്ലിംഗ് നടത്തുന്നവരുണ്ട്. അവരെ സംബന്ധിച്ച് ഈ പഠനം ഏറെ വിലയേറിയതാണ്. ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുക, പേശീബലം വര്‍ധിപ്പിക്കുക, സന്ധികളെ ബലപ്പെടുത്തുക, 'സ്‌ട്രെസ്' കുറയ്ക്കുക, ശരീരത്തിന്റെ ഘടന മെച്ചപ്പെടുത്തുക, എല്ലുകളെ ശക്തിപ്പെടുത്തുക, കൊഴുപ്പ് കുറയ്ക്കുക, അസുഖങ്ങള്‍ക്കുള്ള സാധ്യതകള്‍ കുറയ്ക്കുക എന്നിങ്ങനെ ഒരുപിടി ഗുണങ്ങളാണ് സൈക്ലിംഗിലൂടെ നേടാനാകുന്നത്. എന്തായാലും സൈക്കിളോടിക്കാന്‍ അറിയാമെങ്കില്‍ ഇനി ദിവസവും അല്‍പസമയം അങ്ങനെ ചിലവിടാന്‍ കൂടി സമയം കണ്ടെത്തണേ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam