Latest Videos

മോണരോഗത്തിന് കാരണമാകുന്ന ഒരു ശീലം...

By Web TeamFirst Published Jan 31, 2020, 10:20 PM IST
Highlights

സാധാരണഗതിയില്‍ വേണ്ടത്ര ശുദ്ധമായി വായ് സൂക്ഷിക്കാത്തതിനെ തുടര്‍ന്നാണ് മിക്കാറും പേര്‍ക്കും മോണരോഗമുണ്ടാകാറ്. എന്നാല്‍ വേറെയും കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടാകാം. അത്തരത്തില്‍ കരുതലെടുക്കേണ്ട ഒരു വിഷയത്തെക്കുറിച്ചാണ് ഇനി പറയുന്നത്

അത്ര ഗുരുതരമായ ഒരു അസുഖമായി മോണരോഗത്തെ നമ്മള്‍ ഇപ്പോഴും കണക്കാക്കുന്നില്ല. വേണമെങ്കില്‍ ചികിത്സിക്കാവുന്നത്, അല്ലെങ്കിലും കുഴപ്പമില്ല എന്ന മട്ടിലാണ് പലരും ഇതിനെ നോക്കിക്കാണുന്നത്. എന്നാല്‍ അത്ര നിസാരമായ ഒന്നല്ല മോണരോഗം. 

സമയത്തിന് ചികിത്സിച്ച് ഭേദമാക്കിയില്ലെങ്കില്‍ പല്ലുകള്‍ ഇളകിപ്പോരാനും, അതുപോലെ തന്നെ മറ്റു പല മാരകമായ അസുഖങ്ങളിലേക്ക് നമ്മെ നയിക്കാനും മോണരോഗത്തിന് കഴിയും. ഹൃദയം- ശ്വാസകോശങ്ങള്‍ എന്നിങ്ങനെയുള്ള സുപ്രധാനമായ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ വരെ മോണയിലെ അണുബാധ ഉണ്ടാക്കിയേക്കാം. 

സാധാരണഗതിയില്‍ വേണ്ടത്ര ശുദ്ധമായി വായ് സൂക്ഷിക്കാത്തതിനെ തുടര്‍ന്നാണ് മിക്കാറും പേര്‍ക്കും മോണരോഗമുണ്ടാകാറ്. എന്നാല്‍ വേറെയും കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടാകാം. അത്തരത്തില്‍ കരുതലെടുക്കേണ്ട ഒരു വിഷയത്തെക്കുറിച്ചാണ് ഇനി പറയുന്നത്. 

മധുരം അടങ്ങിയ ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നത് പല്ലിന് അത്ര നല്ലതെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇതുതന്നെ മോണരോഗത്തിലേക്കും വഴിവച്ചേക്കാം എന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. മിഠായികള്‍, ചോക്ലേറ്റുകള്‍, മധുരപലഹാരങ്ങള്‍, പ്രോസസ്ഡ് ഭക്ഷണം, ശീതളപാനീയങ്ങള്‍- എന്നിവയെല്ലാം നിയന്ത്രിതമായ അളവിലധികമായാല്‍ അവ മോണയേയും ബാധിക്കുമത്രേ. 

'ജേണല്‍ ഓഫ് ഓറല്‍ മൈക്രോബയോളജി' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിരിക്കുന്നത്. 

'മധുരഭക്ഷണങ്ങള്‍ പല്ലിന് അനാരോഗ്യകരമാണെന്ന തരത്തിലുള്ള വിലയിരുത്തല്‍ ആദ്യമായി നടത്തുന്നത് 1970ല്‍ അമേിക്കക്കാരായ രണ്ട് ഗവേഷകരാണ്. അതിന് ശേഷമാണ് ഇക്കാര്യത്തില്‍ നമ്മള്‍ വളരെയധികം ജാഗ്രത പാലിക്കാന്‍ തുടങ്ങിയത്. അപ്പോഴും മോണരോഗത്തെക്കുറിച്ച് വേണ്ടത്ര പഠനമോ അവബോധമോ ഒന്നും നടക്കുന്നുണ്ടായിരുന്നില്ല..'- പഠനത്തിന് നേതൃത്വം നല്‍കിയ, ഡെന്മാര്‍ക്കില്‍ നിന്നുള്ള ഗവേഷകന്‍ ബെന്റെ നൈവഡ് പറയുന്നു. 

മധുരമടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുമ്പോള്‍, വായിലുള്ള ബാക്ടീരിയകളില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണത്രേ പല്ലും മോണയും നശിക്കുന്നത്. ദിവസത്തില്‍ രണ്ട് നേരം ബ്രഷ് ചെയ്യുന്നതിനൊപ്പം തന്നെ ഫ്‌ളൂറൈഡ് അടങ്ങിയ പേസ്റ്റ് ഉപയോഗിക്കുന്നതും ഈ പ്രശ്‌നങ്ങളെ ഒരു പരിധി വരെ തടയുമെന്ന് വിദഗ്ധര്‍ പറയുന്നു. അതിനൊപ്പം തന്നെ ഡയറ്റിലും ശ്രദ്ധ നല്‍കണമെന്നാണ് ഈ പഠനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. 

click me!