Latest Videos

ഗ്യാസ് ട്രബിൾ എങ്ങനെ തടയാം; നിങ്ങൾ ചെയ്യേണ്ടത്

By Web TeamFirst Published Nov 26, 2019, 10:37 PM IST
Highlights

ജീവിതരീതിയിലും ഭക്ഷണക്രമത്തിലും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഗ്യാസ്ട്രബിള്‍ ഒരു പരിധിവരെ ഒഴിവാക്കാം. പലരിലും പല രീതിയിലാകും ഗ്യാസ്ട്രബിള്‍ മൂലമുളള പ്രശ്നങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. 

എല്ലാവരേയും അലട്ടുന്ന പ്രശ്നമാണ് ഗ്യാസ് ട്രബിൾ. നെഞ്ചെരിച്ചില്‍, വയറുവേദന, വയറ് വീര്‍ത്തുവരിക, ഏമ്പക്കം,  മറ്റ് അസ്വസ്ഥതകള്‍ ഇവയൊക്കെ മിക്കവരിലും ഗ്യാസ്ട്രബിള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങളാണ്. ജീവിതരീതിയിലും ഭക്ഷണക്രമത്തിലും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഗ്യാസ്ട്രബിള്‍ ഒരു പരിധിവരെ ഒഴിവാക്കാം. പലരിലും പല രീതിയിലാകും ഗ്യാസ്ട്രബിള്‍ മൂലമുളള പ്രശ്നങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. 

നാം കഴിക്കുന്ന ഭക്ഷണത്തില്‍നിന്ന് ബാക്ടീരിയയുടെ പ്രവര്‍ത്തനത്തിലൂടെ കുടലില്‍ ഗ്യാസുണ്ടാകുന്നു. ശ്വസിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും കുടലിനുള്ളില്‍ ഗ്യാസുണ്ടാകാന്‍ സാധ്യതയുണ്ട്. ഗ്യാസ്ട്രബിളിന്റെ പ്രശ്നങ്ങള്‍ ഏറ്റവുമധികം അധികരിക്കുന്നത് കുടലില്‍ അണുക്കള്‍ ഉണ്ടാകുന്നതുമൂലമാണ്. കുടലിന്റെ സാധാരണ ഗതിയിലുള്ള ചലനക്കുറവും ഗ്യസുണ്ടാകാന്‍ കാരണമാകാറുണ്ട്. ​

ഗ്യാസ് ട്രബിൾ എങ്ങനെ തടയാം....

1. ഭക്ഷണ സാധനങ്ങളിലൂടെയാണ് പ്രധാനമായും ഗ്യാസ് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ദഹനത്തിനു പറ്റാത്ത ഭക്ഷണ സാധനങ്ങള്‍ ഉപേക്ഷിക്കുക.

2. ആഹാരത്തിന് മുൻപ് അല്‍പ്പം വെള്ളം കുടിക്കുക. ആഹാരം സാവകാശം ചവച്ചരച്ച് കഴിക്കുകയും വെളളം സാവധാനം കുടിക്കുകയും ചെയ്യുക. 

3. വാരിവലിച്ച് ഭക്ഷണം കഴിക്കരുത്. പരമാവധി സ്ട്രെസ് കുറച്ച് ടെന്‍ഷന്‍ ഒഴിവാക്കി സമാധാനത്തോടെ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. സോഡ, മദ്യം, പുകവലി ഇവ ഒഴിവാക്കുക. ആഹാരം കഴിച്ച ശേഷം അല്‍പ്പം നടക്കുന്ന ശീലം പതിവാക്കുക.

4. പരിപ്പ് വര്‍ഗ്ഗങ്ങള്‍, പാലുത്പന്നങ്ങള്‍, ഓട്‌സ്, ഏത്തപ്പഴം, കശുവണ്ടി, ആപ്പിള്‍, കടല, മിഠായികള്‍, ചില മരുന്നുകള്‍ ഇവയൊക്കെ ഗ്യാസ്ട്രബിളിനുകാരണമാകും.  മസാല കൂടുതലടങ്ങിയ ഭക്ഷണം ഒഴിവാക്കുക. ഇത്തരം ഭക്ഷണം വയറ്റില്‍ ഗ്യാസ് നിറയാന്‍ കാരണമാകും.

ഗ്യാസ് ട്രബിള്‍ നിയന്ത്രിക്കാൻ ഇവ കഴിക്കാം...

മല്ലിയില...

 മല്ലിയോ മല്ലിയിലയോ ഉപയോഗിക്കുക. മല്ലിയിലയാണെങ്കില്‍ ഏതാനും ഉണങ്ങിയ ഇലകളെടുത്ത് ചൂടുവെള്ളത്തിലിട്ട ശേഷം കുടിക്കാം. മല്ലിയാണ് ഉപയോഗിക്കുന്നതെങ്കില്‍ അല്‍പം വറുത്ത മല്ലി മോരില്‍ ചേര്‍ത്ത് കഴിക്കാം. 

വെളുത്തുള്ളി...

ഗ്യാസ് ട്രബിൾ അകറ്റാൻ ഏറ്റവും നല്ലതാണ് വെളുത്തുള്ളി. വെളുത്തുള്ളി പാലിൽ ചതച്ചിട്ട് കുടിക്കുന്നത് ​ഗ്യാസ്  ട്രബിൾ അകറ്റാൻ നല്ലൊരു പ്രതിവിധിയാണ്. രണ്ട് അല്ലി വെളുത്തുള്ളി ചുട്ട് ചതച്ച് കഴിക്കുന്നത് ​​ഗ്യാസ് ട്രബിൾ അകറ്റും.

ഇഞ്ചി...

കുരുമുളകും ജീരകവും കൂട്ടിച്ചേര്‍ത്ത് പൊടിച്ച് ഇഞ്ചി നീരില്‍ കുടിക്കുന്നത് ​ഗ്യാസ് ട്രബിൾ അകറ്റാൻ സഹായിക്കും. 

ജീരകം...

വലിയ ജീരകമാണ് ഗ്യാസിന് മറ്റൊരു മരുന്ന്. ഗ്യാസിനും നെഞ്ചെരിച്ചിലിനും വയറ് വീര്‍ക്കുന്നതിനുമെല്ലാം ജീരകം ഉത്തമമാണ്. അല്‍പം വറുത്ത വലിയ ജീരകം വെള്ളത്തിലോ മോരിലോ കലര്‍ത്തി കഴിക്കാവുന്നതാണ്. 

തുളസിയില...

 തുളസിയില വെറും വയറ്റില്‍ കഴിക്കുന്നതും തുളസിയിലയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഗ്യാസ് ട്രബിളിന് പരിഹാരമാണ്.


 

click me!