
നമ്മുടെ ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സുപ്രധാന പങ്കുവഹിക്കുന്ന അവയവങ്ങളിലൊന്നാണ് വൃക്ക. ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. കൂടാതെ രക്തസമ്മർദ്ദത്തിൻ്റെ അളവ് നിയന്ത്രിക്കാനും എല്ലുകളെ ശക്തിപ്പെടുത്താനും ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കാനും സഹായിക്കുന്ന ഹോർമോണുകളുടെ നിർമ്മാണത്തിനും വൃക്ക സഹായകമാണ്.
അതിനാൽ, ശരീരത്തിൻ്റെ ആരോഗ്യത്തിന് വൃക്കകളുടെ ആരോഗ്യം വളരെ പ്രധാനമാണ്. വൃക്കയിലെ ഏതെങ്കിലും തകരാറുകൾ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. പേശികളിലെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന ഒരു ശേഷിപ്പാണ് ക്രിയാറ്റിനിൻ. ഇത് രക്തത്തില്‍ കലരുകയും വൃക്കയിലെത്തി മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയുമാണ് ചെയ്യുക. എന്നാല്‍ വൃക്ക പ്രശ്നത്തിലാകുമ്പോള്‍ ക്രിയാറ്റിനിൻ ഫലപ്രദമായി പുറന്തള്ളപ്പെടുകയില്ല. അതുമൂലം രക്തത്തില്‍ ക്രിയാറ്റിനിൻ അളവ് കൂടുതലായി കാണാം. അതിനാല്‍ ഉയർന്ന രക്തത്തിലെ ക്രിയാറ്റിനിൻ അളവ് വൃക്കകളുടെ ആരോഗ്യം മോശമായതിന്‍റെ സൂചനയുമാകാം.
രക്തത്തില്‍ ക്രിയാറ്റിനിന്‍ അളവ് കൂടിയാല്‍ ശരീരം കാണിക്കുന്ന സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
ശ്വാസതടസ്സം ആണ് ഒരു പ്രധാന പ്രശ്നം. ശരീരത്തില്‍ ക്രിയാറ്റിനിന്‍ അടിഞ്ഞുകൂടുന്നതിനാൽ ശ്വസിക്കാൻ പ്രയാസമുണ്ടാകാം. എല്ലാ ശ്വാസം മുട്ടലും ഇതുമൂലമാകണമെന്നുമില്ല.
രണ്ട്...
അമിത ക്ഷീണം ആണ് മറ്റൊരു പ്രധാന ലക്ഷണം. അകാരമായ അമിത ക്ഷീണം രക്തത്തില്‍ ക്രിയാറ്റിനിന്‍ അളവ് കൂടുമ്പോഴും ഉണ്ടാകാം. ക്ഷീണം മറ്റ് പല രോഗങ്ങളുടെയും പൊതുവായ ലക്ഷണം കൂടിയാണ്.
മൂന്ന്...
ചര്‍ദ്ദിയും ഓക്കാനവും ആണ് മറ്റ് ചില ലക്ഷണങ്ങള്‍. ഇവയുടെ കാരണങ്ങളും കണ്ടെത്തുക.
നാല്...
പാദങ്ങളുടെയും കണങ്കാലുകളുടെയും വീക്കവും ലക്ഷണങ്ങളാണ്. വൃക്ക ശരിയായി പ്രവർത്തിക്കാത്തപ്പോൾ, പാദങ്ങളിലും കണങ്കാലുകളിലും നീര് കാണപ്പെടാം. ഇതും ക്രിയാറ്റിനിന്‍ അളവ് കൂടിയാല്‍ ഉണ്ടാകാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam