
പുരുഷന്മാരിലെ ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ ഒന്നാണ് പ്രോസ്റ്റേറ്റ് കാൻസർ. പുരുഷൻമാരുടെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ ഉണ്ടാകുന്ന ക്യാന്‍സറാണ് പ്രോസ്റ്റേറ്റ് ക്യാൻസര്‍. പല കാരണങ്ങള്‍ കൊണ്ടും പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാകാം. വിവിധ ഘടകങ്ങൾ ഈ രോഗം വികസിപ്പിക്കുന്നതിനുള്ള സാധ്യതയെ സ്വാധീനിക്കുന്നുണ്ട്. ആര്‍ക്കൊക്കെയാണ് പ്രോസ്റ്റേറ്റ് ക്യാൻസർ വരാനുള്ള സാധ്യത കൂടുതലെന്ന് നോക്കാം...
ഒന്ന്...
പ്രായം കൂടുന്നത് പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള ഒരു പ്രധാന അപകട ഘടകമാണ്. 50 വയസ്സിനു ശേഷം രോഗം വരാനുള്ള അപകടസാധ്യത ഗണ്യമായി കൂടുന്നു. 65 വയസ്സിനു മുകളിലുള്ള പുരുഷന്മാരിലാണ് കൂടുതലായി കാണപ്പെടുന്നത്.
രണ്ട്...
കുടുംബ ചരിത്രവും പ്രോസ്റ്റേറ്റ് ക്യാൻസറിൻ്റെ അപകടസാധ്യത വർദ്ധിപ്പിക്കും. പിതാവോ സഹോദരനോ പോലുള്ള അടുത്ത ബന്ധുവിന് പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടെങ്കിൽ, രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം ജനിതക ഘടകങ്ങൾ ഇതിൽ ഒരു പങ്കു വഹിക്കുന്നു. അതിനാൽ കുടുംബ ചരിത്രമുള്ള ആളുകൾ സ്ക്രീനിംഗ് ഓപ്ഷനുകളെക്കുറിച്ച് ഡോക്ടറോട് സംസാരിക്കേണ്ടത് പ്രധാനമാണ്.
മൂന്ന്...
ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും മോശം ഭക്ഷണശീലവും ഹോര്‍മോണ്‍ വ്യത്യാസങ്ങളും പ്രോസ്റ്റേറ്റ് ക്യാൻസര്‍ സാധ്യത കൂട്ടാം. റെഡ് മീറ്റിന്‍റെയും ജങ്ക് ഫുഡിന്‍റെയും അമിത ഉപയോഗം ഉള്ളവരില്‍ രോഗം വരാനുള്ള സാധ്യത ഉണ്ടത്രേ.
നാല്...
അമിത വണ്ണവും വ്യായാമക്കുറവുമൊക്കെ രോഗം വരാനുള്ള സാധ്യതയെ ചിലപ്പോള്‍ സ്വാധീനിച്ചേക്കാം. അതിനാല്‍ പതിവായി വ്യായാമം ചെയ്യാനും ആരോഗ്യകരമയ ഭക്ഷീണശീലം പിന്തുടരാനും അമിത വണ്ണത്തെ നിയന്ത്രിക്കാനും ശ്രദ്ധിക്കുക.
പ്രോസ്റ്റേറ്റ് ക്യാൻസറിന്‍റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നുക, മൂത്രമൊഴിക്കുമ്പോൾ നല്ല വേദനയും അസ്വസ്ഥതയും ഉണ്ടാവുക, മൂത്രത്തിലോ ശുക്ലത്തിലോ രക്തം കാണുന്നതും, ഇടുപ്പ് വേദന, നട്ടെല്ലിനും മറ്റ് അസ്ഥികള്‍ക്കും വേദന, കാലുകള്‍ നീര് തുടങ്ങിയവയൊക്കെ പ്രോസ്റ്റേറ്റ് ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ ആണ്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും നിങ്ങളുടെ ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.