രക്തസമ്മര്‍ദ്ദം മൂലം ഹൃദയാഘാതമുണ്ടാകുന്നത് തടയാമോ? ശ്രദ്ധിക്കേണ്ട ചിലത്...

By Web TeamFirst Published Dec 7, 2020, 2:45 PM IST
Highlights

അമിതവണ്ണം, അനാരോഗ്യകരമായ ഭക്ഷണം, വ്യായാമമില്ലായ്മ, പുകവലി, കൊളസ്‌ട്രോള്‍ നിയന്ത്രണാതീതമാവുക തുടങ്ങിയ കാരണങ്ങള്‍ മൂലമാണ് പ്രധാനമായും രക്തസമ്മര്‍ദ്ദം അധികരിക്കുന്ന സാഹചര്യമുണ്ടാകുന്നത്. ഇതേ ശീലങ്ങള്‍ തന്നെയാണ് ഒരു പരിധി വരെ ഹൃദയത്തേയും ദോഷകരമായി ബാധിക്കുന്നത്

ലോകമൊട്ടാകെയും വ്യാപിച്ചുകൊണ്ടിരിക്കുന്ന വലിയ ആരോഗ്യ പ്രതിസന്ധിയാണ് ജീവിതശൈലീ രോഗങ്ങള്‍. രക്തസമ്മര്‍ദ്ദത്തേയും ഇത്തരത്തിലുള്ള പ്രശ്‌നമായാണ് ഇന്ന് കണക്കാക്കപ്പെടുന്നത്. എന്നാല്‍ സമയത്തിന് ആവശ്യമായ ശ്രദ്ധയും ചികിത്സയും ലഭ്യമായില്ലെങ്കില്‍ രക്തസമ്മര്‍ദ്ദം അധികരിച്ച്, അത് പല അവയവങ്ങളേയും കടന്നാക്രമിക്കുന്ന സാഹചര്യമുണ്ടാകാം.

പ്രധാനമായും ഹൃദയമാണ് ഇക്കൂട്ടത്തില്‍ വെല്ലുവിളി നേരിടുന്നത്. രക്തസമ്മര്‍ദ്ദം അനിയന്ത്രിതമായി ഉയരുന്നവരില്‍ ഹൃദയാഘാതത്തിനുള്ള സാധ്യതകളേറെയാണ്. 

അമിതവണ്ണം, അനാരോഗ്യകരമായ ഭക്ഷണം, വ്യായാമമില്ലായ്മ, പുകവലി, കൊളസ്‌ട്രോള്‍ നിയന്ത്രണാതീതമാവുക തുടങ്ങിയ കാരണങ്ങള്‍ മൂലമാണ് പ്രധാനമായും രക്തസമ്മര്‍ദ്ദം അധികരിക്കുന്ന സാഹചര്യമുണ്ടാകുന്നത്. ഇതേ ശീലങ്ങള്‍ തന്നെയാണ് ഒരു പരിധി വരെ ഹൃദയത്തേയും ദോഷകരമായി ബാധിക്കുന്നത്. 

അതിനാല്‍ രക്തസമ്മര്‍ദ്ദം ഉയരുന്നതും അതുവഴി ഹൃദയാരോഗ്യം അപകടത്തിലാകുന്നതും തടയാന്‍ ആദ്യം ചെയ്യേണ്ടത് ജീവിതശൈലികള്‍ ചിട്ടപ്പെടുത്തുകയെന്നത് തന്നെയാണ്. മേല്‍പ്പറഞ്ഞ അഞ്ച് കാര്യങ്ങളും നിര്‍ബന്ധമായി ശ്രദ്ധിക്കേണ്ടതുണ്ട്. 

ഇനി, രക്തസമ്മര്‍ദ്ദം ഉണ്ടെന്നും, അത് നിയന്ത്രണത്തിലല്ലെന്നും മനസിലാക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാം. രക്തസമ്മര്‍ദ്ദം ഉയരുമ്പോള്‍ ചില ലക്ഷണങ്ങള്‍ പ്രകടമാകും. അസാധാരണമായ ഹാര്‍ട്ട്ബീറ്റ്, വിശപ്പില്ലായ്മ, ശ്വാസതടസം, കാല്‍വണ്ണയില്‍ നീര് വന്നത് പോലുള്ള മാറ്റം, നെഞ്ചില്‍ അസ്വസ്ഥത തുടങ്ങിയവയെല്ലാമാണ് സാധാരണയായി ബ്ലഡ് പ്രഷര്‍ ഉയരുമ്പോള്‍ കാണുന്ന ലക്ഷണങ്ങള്‍. 

ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാകുന്ന പക്ഷം ഒരു ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുക. പരിശോദനയില്‍ രക്തസമ്മര്‍ദ്ദമുണ്ടെന്ന് മനസിലാക്കിയാല്‍ തുടര്‍ന്ന് ആദ്യം സൂചിപ്പിച്ചത് പോലെ ജീവിതരീതികളില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തുക. ഒപ്പം തന്നെ ഇടവിട്ട് രക്തസമ്മര്‍ദ്ദത്തിന്റെ തോത് പരിശോധിച്ച് ഉറപ്പാക്കുക. നിലവില്‍ ഇതിന് വീട്ടില്‍ നമുക്ക് തന്നെ പരിശോധന നടത്താവുന്ന സംവിധാനങ്ങളൊരുക്കാന്‍ കഴിയും. അത്തരത്തിലുള്ള മാര്‍ഗങ്ങള്‍ ആശ്രയിക്കാം. അല്ലെങ്കില്‍ ഇടവിട്ട് ആശുപത്രിയില്‍ പോയി, ചെക്കപ്പ് നടത്താം.

Also Read:- ബ്ലഡ് പ്രഷര്‍ കൂടുമ്പോള്‍ എപ്പോഴാണ് അപകടം? ഇതെങ്ങനെ മനസിലാക്കാം...

click me!