രക്തസമ്മര്‍ദ്ദം അഥവാ 'ബ്ലഡ് പ്രഷര്‍' ഒരു ജീവിതശൈലീ രോഗമായാണ് കണക്കാക്കപ്പെടുന്നത്. അതിനാല്‍ തന്നെ മിക്കവാറും ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നത് തന്നെയാണ് ഇതിനെ നിയന്ത്രിച്ചുനിര്‍ത്താനുള്ള പ്രധാന ഉപാധി. ഇതിന് പുറമെ ചിലരെങ്കിലും മരുന്നുകളുടെ സഹായവും തേടാറുണ്ട്. 

എന്തായാലും പരിഗണിക്കാതിരുന്നാല്‍ ജീവന്‍ പോലും നഷ്ടപ്പെടുന്ന തരത്തില്‍ ഗുരുതരമാകാനുള്ള സാഹചര്യമാണ് ബ്ലഡ് പ്രഷര്‍ ഉണ്ടാക്കുകയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങി വളരെ ഗൗരവതരമായ അവസ്ഥകളിലേക്ക് അത് നമ്മെ എത്തിച്ചേക്കാം. 

രക്തസമ്മര്‍ദ്ദം അനിയന്ത്രിതമായി വര്‍ധിക്കുമ്പോള്‍ അബോധാവസ്ഥയിലാവുക, ഓര്‍മ്മക്കുറവുണ്ടാവുക, ഹൃദയാഘാതം സംഭവിക്കുക, കണ്ണുകള്‍ക്കോ വൃക്കകള്‍ക്കോ തകരാറ് സംഭവിക്കുക തുടങ്ങി ഗുരുതരമായ പല പ്രശ്‌നങ്ങളും ഉണ്ടാകാം. എന്നാല്‍ യാതൊരു ലക്ഷണങ്ങളും കൂടാതെ രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നത് എങ്ങനെയാണ് മനസിലാക്കുക! അതുപോലെ തന്നെ എപ്പോഴാണ് ഇത് അപകടാവസ്ഥയിലേക്കാണ് കടക്കുന്നത് എന്ന് തിരിച്ചറിയുക! 

 

 

തീര്‍ച്ചയായും ഇതിന് മാര്‍ഗങ്ങളുണ്ട്. രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് അതിന്റെ റീഡിംഗ് വീട്ടില്‍ വച്ച് തന്നെ നോക്കാനാകുന്ന തരം സംവിധാനങ്ങള്‍ നിലവില്‍ ലഭ്യമാണ്. ഇവയുപയോഗിച്ച് ഇടയ്ക്ക് റീഡിംഗ് നോക്കാം. 120/80 mm Hg ആണ് 'നോര്‍മല്‍ റീഡിംഗ്'. 

130 മുതല്‍ 139 വരെ സിസ്‌റ്റോളിക് പ്രഷറും 80 മുതല്‍ 89 വരെ ഡയസ്റ്റോളിക് പ്രഷറും എ്തതുന്ന സാഹചര്യത്തെ ഹൈപ്പര്‍ടെന്‍ഷന്‍ സ്റ്റേജ് ഒന്ന് ആയി കണക്കാക്കുന്നു. ഇടവിട്ട് നോക്കുമ്പോഴും 140/90 mm Hg ആയി കാണിക്കുന്നുവെങ്കില്‍ ഇത് ഹൈപ്പര്‍ടെന്‍ഷന്‍ സ്റ്റേജ് രണ്ട്. 

ഇനി 180/120 mm Hg റീഡീംഗ് കാണിക്കുന്നുവെന്ന് കരുതുക. ഇതിനെ 'ഹൈപ്പര്‍ടെന്‍സിവ് ക്രൈസിസ്' എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ അവസ്ഥയില്‍ രക്തക്കുഴലുകളില്‍ തകരാറ് സംഭവിക്കാനും ദ്രവങ്ങളോ രക്തമോ ചോര്‍ന്നുപോകുന്നതിനും സാധ്യതയുണ്ട്. ഇത് ഹൃദയാഗാതത്തിലേക്കോ ഹൃദയസ്തംഭനത്തിലേക്കോ എല്ലാം നയിച്ചേക്കാം. 

 

 

അതിനാല്‍ നിര്‍ബന്ധമായും വൈദ്യസഹായം തേടേണ്ട ഘട്ടമാണിത്. ചിലര്‍ക്ക് ബ്ലഡ് പ്രഷര്‍ ഈ റീഡിംഗിലേക്ക് കടക്കുമ്പോള്‍ തന്നെ നെഞ്ചുവേദന, ശ്വാസതടസം, നടുവേദന, ക്ഷീണം, കാഴ്ചശക്തിക്ക് മങ്ങല്‍, സംസാരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. ചിലരില്‍ ഇത്തരം ലക്ഷണങ്ങള്‍ കാണുകയുമില്ല. ലക്ഷണങ്ങളോടെ റീഡിംഗ് കൂടിക്കാണിക്കുന്നുവെങ്കില്‍ ഒരു നിമിഷം പോലും വെറുതെ കളയാതെ ഉടനെ വൈദ്യസഹായം എത്തിക്കേണ്ടതാണ്. അല്ലാത്ത ഘട്ടത്തിലും തീര്‍ച്ചയായും വ്യക്തിയെ ഉടനെ ആശുപത്രിയിലെത്തിക്കുക. 

സ്ത്രീകളെക്കാള്‍ പുരുഷന്മാരിലാണ് അധികമായി 'ഹൈപ്പര്‍ടെന്‍സീവ് ക്രൈസിസ്' സാധ്യതയെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതുപോലെ തന്നെ പ്രായമായവരിലും, പ്രമേഹം- കൊളസ്‌ട്രോള്‍ എന്നിവയുള്ളവരിലും, വൃക്ക രോഗമുള്ളവരിലും ഈ 'റിസ്‌ക്' കൂടുതലാണത്രേ.

Also Read:- 'ഹാര്‍ട്ട് ഫെയിലിയര്‍' സാധ്യത കൂടുതലും സ്ത്രീകളിലോ പുരുഷന്മാരിലോ!...