
ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുന്നു. ജീവിത ശൈലിയാണ് ഒരു പരിധിവരെ ക്യാന്‍സര്‍ വരാനുള്ള കാരണമായി വൈദ്യശാസ്ത്രം പറയുന്നത്. പുരുഷന്മാരെ ബാധിക്കുന്ന ക്യാന്‍സറുകളില്‍ പ്രധാനമാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍.
പുരുഷന്‍റെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. മൂത്രസഞ്ചിയുടെ താഴെ, മലാശയത്തിനു മുന്നിലാണിത് സ്ഥിതിചെയ്യുന്നത്. സെമിനല്‍ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുക എന്നതാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രധാന ധര്‍മം.
പുരുഷന്മാരില്‍ ക്യാന്‍സര്‍ വരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഒരവയവവുമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. ഭൂരിഭാഗം പ്രോസ്റ്റേറ്റ് ക്യാന്‍സറും 65 വയസ്സ് പിന്നിട്ടവരിലാണ് കാണുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യതയും കൂടുന്നു. പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണങ്ങള്‍ നോക്കാം.
മൂത്ര തടസ്സം, എരിച്ചില്‍, മൂത്രം കൂടെക്കൂടെ പോകുക, അണുബാധ, രക്തത്തിന്‍റെ അംശം, നട്ടെല്ലിനും മറ്റ് അസ്ഥികള്‍ക്കും വേദന, എല്ല് പൊട്ടുക, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുക തുടങ്ങിയ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ ആകാം.
ചിലയിനം പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതെ നിലനില്‍ക്കാം. ഭൂരിഭാഗം പ്രോസ്റ്റേറ്റ് ക്യാന്‍സറും ഗ്രന്ഥിയുടെ ബാഹ്യഭാഗത്ത് വരുന്നതിനാല്‍ തുടക്കത്തില്‍ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam