വെള്ളം കുപ്പിയില്‍ സൂക്ഷിച്ച് ഇടയ്ക്കിടെ കുടിക്കാറുണ്ടോ? എങ്കില്‍ നിങ്ങളറിയണം...

By Web TeamFirst Published Jun 20, 2019, 5:35 PM IST
Highlights

യാത്രയിലും ഓഫീസ് ജോലിക്കിടയിലുമെല്ലാം വെള്ളം കുടിക്കാനായി, കുപ്പിയും കൂടെ കരുതുന്നവര്‍ ധാരാളമാണ്. ചിലര്‍ക്ക് ഇത് ശീലത്തിന്റെ തന്നെ ഭാഗമാണ്. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതെല്ലാം വളരെ നല്ലത് തന്നെ. എന്നാല്‍ ഇതിനിടയില്‍ ഒരു കാര്യം വിട്ടുപോകരുത്
 

ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണല്ലോ ആരോഗ്യവിദഗ്ധരും ഡോക്ടര്‍മാരുമെല്ലാം നിര്‍ദേശിക്കുന്നത്. ഈ നിര്‍ദേശം പാലിക്കാനായി യാത്രയിലും ഓഫീസ് ജോലിക്കിടയിലുമെല്ലാം വെള്ളം കുടിക്കാനായി, കുപ്പിയും കൂടെ കരുതുന്നവര്‍ ധാരാളമാണ്. ചിലര്‍ക്ക് ഇത് ശീലത്തിന്റെ തന്നെ ഭാഗമാണ്.

ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതെല്ലാം വളരെ നല്ലത് തന്നെ. എന്നാല്‍ ഇതിനിടയില്‍ ഒരു കാര്യം വിട്ടുപോകരുത്. വെള്ളം കുടിക്കാനുപയോഗിക്കുന്ന കുപ്പിയുടെ ശുചിത്വം. കേള്‍ക്കുന്നത് പോലെ നിസാരമല്ല ഇക്കാര്യമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

അതായത്, നമ്മള്‍ വെള്ളം കുടിക്കാനുപയോഗിക്കുന്ന കുപ്പി വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍, അതിനകത്തെ ഈര്‍പ്പത്തില്‍ ബാക്ടീരിയയും ഫംഗസും വൈറസും ഉള്‍പ്പെടെയുള്ള സൂക്ഷമാണുക്കള്‍ വാസം തുടങ്ങും. ഇത് പലതരം അണുബാധകള്‍ക്കാണ് കാരണമാവുക. 

പനി, ജലദോഷം, തൊണ്ടവേദന തുടങ്ങിയ സാധാരണ അസുഖങ്ങള്‍ മുതല്‍ കാലാവസ്ഥയ്ക്കനുസരിച്ച് മാറിവരാറുള്ള മറ്റുപല സാംക്രമികരോഗങ്ങളും ഇതുവഴി പകര്‍ന്നേക്കാം. 

എല്ലാ ദിവസവും സോപ്പുപയോഗിച്ച് തന്നെ കുപ്പി വൃത്തിയായി കഴുകണം. സോപ്പിന്റെ അവശിഷ്ടവും കുപ്പിയില്‍ നിന്ന് പൂര്‍ണ്ണമായി കളഞ്ഞെന്ന് ഉറപ്പുവരുത്തണം. ഒരു ദിവസത്തില്‍ കൂടുതല്‍ കുപ്പിയില്‍ സൂക്ഷിച്ച വെള്ളം ഉപയോഗിക്കാതിരിക്കുക. അതുപോലെ വെള്ളം കുടിച്ചതിന് ശേഷം അത് അടപ്പിട്ട് മൂടിവയ്ക്കാന്‍ കരുതുക. 

അടുത്ത സുഹൃത്തുക്കളല്ലേ, അല്ലെങ്കില്‍ പങ്കാളിയല്ലേ, സഹപ്രവര്‍ത്തകരല്ലേയെന്നോര്‍ത്ത് സ്വന്തം കുപ്പിയില്‍ നിന്ന് വെള്ളം പങ്കുവയ്ക്കരുത്. അത് അത്ര ആരോഗ്യമരല്ല. കാരണം, വായുമായി ബന്ധത്തിലാകുന്നതോടെ ആ വഴിക്കും അണുക്കള്‍ കുപ്പിയിലേക്ക് കടക്കുന്നുണ്ട്. ഓരോരുത്തരിലും ഇത് വ്യത്യസ്തമായ രീതിയിലാണ് പ്രതികരിക്കുക. മറ്റൊരാള്‍ക്കുള്ള രോഗം നമ്മളിലേക്കെത്താന്‍ വരെ ഇത് കാരണമാകും.

click me!