
കഴുത്തിന്റെ മുന്‍ഭാഗത്തായി സ്ഥിതിചെയ്യുന്ന തൈറോയ്ഡിന് ഒരു ചിത്രശലഭത്തിന് സമാനമായ ആകൃതിയാണുള്ളത്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും. തൈറോയ്ഡ് കോശങ്ങളുടെ അനിയത്രീതമായ അവസ്ഥ തൈറോയ്ഡ് ക്യാൻസറിന് കാരണമാകാറുണ്ട്. പുരുഷന്മാരേ അപേക്ഷിച്ച് സ്ത്രീകളിൽ തൈറോയ്ഡ് ക്യാൻസറിനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
കഴുത്തിന്‍റെ മുൻഭാഗത്ത് മുഴകൾ ഉണ്ടാകുന്നതാണ് തൈറോയ്ഡ് ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണം. എന്നാൽ കഴുത്തിനു മുമ്പിലുണ്ടാകുന്ന മുഴകളിൽ ഭൂരിഭാഗവും ക്യാൻസർ അല്ലാത്ത സാധാരണ (ബിനൈൻ) തൈറോയ്ഡ് മുഴകളാണ്. കഴുത്തിന്റെ വശങ്ങളിൽ കഴലകളിൽ വരുന്ന ഉറപ്പുകൂടിയ മുഴകളായും തൈറോയ്ഡ് ക്യൻസർ പ്രത്യക്ഷപ്പെടാം. അസുഖത്തിന്റെ കാഠിന്യവും തൈറോയ്ഡ് മുഴകളുടെ വലുപ്പ വ്യത്യാസവുമനുസരിച്ച് ശബ്ദത്തിലെ മാറ്റങ്ങൾ, ചുമയ്ക്കുമ്പോൾ രക്തം വരിക, വിഴുങ്ങാനും ശ്വസിക്കാനുമുള്ള ബുദ്ധിമുട്ട്, കഴുത്തിനടിയിലെ അസ്വസ്ഥത എന്നിവയും ഉണ്ടാകാം. കഴുത്തു വേദന, അപ്രതീക്ഷിതമായി ഭാരം കുറയുക തുടങ്ങിയവയും തൈറോയ്ഡ് ക്യാൻസറിന്റെ ലക്ഷണങ്ങളാണ്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏറ്റവും സാധാരണമായ പാപ്പില്ലറി, ഫോളികുലാർ വിഭാഗത്തിൽപ്പെട്ട തൈറോയ്ഡ് ക്യാൻസർ എളുപ്പത്തിൽ ചികിത്സിക്കാനാകും. എന്നാൽ അനാപ്ലാസ്റ്റിക്, മെഡുല്ലറി വിഭാഗത്തിലുള്ളവയുടെ രോഗനിർണ്ണയം പ്രയാസകരമാണ്. രോഗം മൂർച്ഛിച്ചാൽ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുകയാണ് ഏക പോംവഴി. മുഴയുടെ വലുപ്പവും എണ്ണവും അനുസരിച്ചാണു തൈറോയ്ഡ് ഗ്രന്ഥി പകുതിയായോ മുഴുവനായോ നീക്കണമെന്നു തീരുമാനിക്കുന്നത്. പാപ്പില്ലറി, ഫോളിക്ക്യുലാർ ക്യാന്‍സറുകളില്‍ സർജറിക്ക് ശേഷം റേഡിയോ അയോഡിൻ ചികിത്സയും ആവശ്യമായി വന്നേക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam