Children Diabetes : 14 വയസില്‍ താഴെയുള്ള കുട്ടികളില്‍ പ്രമേഹം കൂടുന്നു; എങ്ങനെ തിരിച്ചറിയാം?

Published : Jun 12, 2022, 12:22 PM IST
Children Diabetes : 14 വയസില്‍ താഴെയുള്ള കുട്ടികളില്‍ പ്രമേഹം കൂടുന്നു; എങ്ങനെ തിരിച്ചറിയാം?

Synopsis

നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ വ്യവസ്ഥ ശരീരത്തിന് പുറത്തുനിന്നും എത്തുന്ന രോഗാണുക്കളെ പോരാടി നശിപ്പിക്കുന്നതിലൂടെയാണ് നാം രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നത്. എന്നാല്‍ ചില ഘട്ടങ്ങളില്‍ രോഗപ്രതിരോധവ്യവസ്ഥ നമ്മുടെ ശരീരത്തിലെ തന്നെ കോശങ്ങളെ ആക്രമിക്കും. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഐസിഎംആര്‍ ( ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയില്‍ 14 വയസിന് താഴെയുള്ള കുട്ടികളില്‍ ടൈപ്പ്-1 പ്രമേഹം ( Children Diabetes ) കൂടുന്നുവെന്നായിരുന്നു ആ റിപ്പോര്‍ട്ട്. നിലവില്‍ ഒരു ലക്ഷത്തിനടത്ത് കുട്ടികള്‍ രാജ്യത്ത് ഔദ്യോഗികമായി ടൈപ്പ്-1 പ്രമേഹബാധിതരാണെന്നും ( Type 1 diabetes ) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

പ്രമേഹമെന്ന് കേള്‍ക്കുമ്പോള്‍ അത് പലപ്പോഴും മുതിര്‍ന്നവരെ ബാധിക്കുന്ന രോഗമാണെന്ന തരത്തില്‍ തന്നെയാണ് ഇന്നും അധികപേരും ചിന്തിക്കുന്നത്. ഇത് കുട്ടികളെ ബാധിക്കുന്നത് ( Children Diabetes )  അത്ര സാധാരണമല്ലെങ്കില്‍ പോലും ആ സാധ്യത നിലനില്‍ക്കുന്നതായി പോലും പലര്‍ക്കും അറിവില്ലെന്ന് സത്യമാണ്. 

എന്തുകൊണ്ട് കുട്ടികളില്‍ ടൈപ്പ്-1 പ്രമേഹം?

ടൈപ്പ്-1 പ്രമേഹം ( Type 1 diabetes )എന്തുകൊണ്ടാണ് പിടിപെടുന്നതെന്ന് കൃത്യമായി കണ്ടെത്താന്‍ ഇതുവരെയും ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. പാരമ്പര്യഘടകങ്ങളും പാരിസ്ഥിതിക ഘടകങ്ങളും ഇതില്‍ പങ്കാളികളാകുന്നു എന്നതാണ് നിലവിലെ കണ്ടെത്തല്‍. 

നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ വ്യവസ്ഥ ശരീരത്തിന് പുറത്തുനിന്നും എത്തുന്ന രോഗാണുക്കളെ പോരാടി നശിപ്പിക്കുന്നതിലൂടെയാണ് നാം രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നത്. എന്നാല്‍ ചില ഘട്ടങ്ങളില്‍ രോഗപ്രതിരോധവ്യവസ്ഥ നമ്മുടെ ശരീരത്തിലെ തന്നെ കോശങ്ങളെ ആക്രമിക്കും. അത്തരത്തില്‍ ഇന്‍സുലിന്‍ ഹോര്‍മോണ്‍ നിര്‍മ്മാതാക്കളായ പാന്‍ക്രിയാസിലെ കോശങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ ഇന്‍സുലിന്‍ ഉത്പാദനം ഗണ്യമായി കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നു. 

ഇതോടെ ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന ഗ്ലൂക്കോസ് എനര്‍ജിയായി മാറാന്‍ സാധിക്കാതെ ( ഇതിന് സഹായിക്കുന്നത് ഇന്‍സുലിന്‍ ആണ് ) രക്തത്തില്‍ അടിയുന്നതോടെയാണ് പ്രമേഹം ബാധിക്കപ്പെടുന്നത്. 

കുട്ടികളിലെ ടൈപ്പ്-1 പ്രമേഹം എങ്ങനെ തിരിച്ചറിയാം?

പ്രമേഹം കുട്ടികളെ കടന്നുപിടിച്ചാല്‍ പലപ്പോഴും നാം അത് തിരിച്ചറിയാറില്ല എന്നതാണ് സത്യം. സ്വന്തം അസ്വസ്ഥതകള്‍ തുറന്നുപറയാന്‍ കുട്ടികള്‍ക്ക് കഴിയാതെ പോകുന്നതാണ് ഇതിന് പ്രധാനമായും തടസമാകുന്നത്. എന്തായാലും ചില ലക്ഷണങ്ങള്‍ ടൈപ്പ്-1 പ്രമേഹത്തെ സൂചിപ്പിക്കാന്‍ കുട്ടികളിലുണ്ടായിരിക്കും. അത്തരത്തിലുള്ള ചില ലക്ഷണങ്ങള്‍...

1. വര്‍ധിച്ച ദാഹം. 
2. ഇടവിട്ട് മൂത്രശങ്ക. ( ബാത്ത്റൂമില്‍ പോയി മൂത്രമൊഴിപ്പിച്ച ശീലിപ്പിച്ച കുട്ടികള്‍ കിടക്കയില്‍ തന്നെ മൂത്രമൊഴിക്കുന്നുണ്ടെങ്കില്‍ അത് പ്രത്യേകം ശ്രദ്ധിക്കുക. )
3. അമിതമായ വിശപ്പ്.
4. ശരീരഭാരം കുറയുക.
5. തളര്‍ച്ച.
6. സ്വഭാവത്തില്‍ മോശം മാറ്റങ്ങള്‍. എപ്പോഴും അസ്വസ്ഥത പ്രകടിപ്പിക്കാം. 
7. വായില്‍ നിന്ന് ഫ്രൂട്ടിക്ക് സമാനമായ ഗന്ധം വരിക.

ഇത്തരത്തിലുള്ള ലക്ഷണങ്ങളില്‍ ഏത് കണ്ടാലും തീര്‍ച്ചയായും ഡോക്ടറെ കാണിച്ച് വേണ്ട പരിശോധനകള്‍ നടത്തുക. കുട്ടികളിലെ ടൈപ്പ്-1 പ്രമേഹം ചികിത്സയിലൂടെ ഭേദപ്പെടുത്തുക സാധ്യമല്ലെങ്കിലും ഫലപ്രദമായി അതിനെ കൈകാര്യം ചെയ്തുകൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കും. 

Also Read:- ഡെങ്കിപ്പനി ബാധിച്ച് രണ്ട് കുട്ടികളുടെ മരണം; ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മരണമുഖത്തുനിന്നും ജീവിതത്തിലേക്ക്; കിണറ്റിൽ വീണ രണ്ടുവയസ്സുകാരന് അപ്പോളോ അഡ്ലക്സിൽ പുനർജന്മം
സ്‌ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍