ആറും എട്ടും വയസുള്ള രണ്ട് പെണ്‍കുട്ടികളാണ് തെങ്കാശിയില്‍ ഡെങ്കു സ്ഥിരീകരിച്ച് അധികം വൈകാതെ തന്നെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായിട്ടായിരുന്നു രണ്ട് മരണങ്ങളും നടന്നത്

കേരളത്തിലും അതിര്‍ത്തി പ്രദേശങ്ങളിലുമെല്ലാം നിലവില്‍ ഇടവിട്ട് മഴ കിട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. ഈ കാലാവസ്ഥയില്‍ മഴക്കാലരോഗങ്ങളായി വരുന്ന രോഗങ്ങളെ ( Mosquito Diseases ) ചൊല്ലി ജാഗ്രത പാലിച്ചേ മതിയാകൂ. ഇക്കാര്യം തന്നെയാണ് ഇന്ന് തെങ്കാശിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന വാര്‍ത്തകളും ഓര്‍മ്മിപ്പിക്കുന്നത്. 

തെങ്കാശി പുതുപ്പട്ടി പഞ്ചായത്തിലെ കാശിനാഥപുരത്ത് ഡെങ്കിപ്പനി ( Dengue Fever ) ബാധിച്ച് രണ്ട് കുട്ടികള്‍ മരിച്ചുവെന്നതാണ് ദുഖകരമായ വാര്‍ത്ത. മഴയുള്ള സമയങ്ങളിലാണ് ഡെങ്കിപ്പനി വ്യാപകമാകാറ്. കൊതുകുകള്‍ പെരുകുന്നതിന് അനുസരിച്ച് രോഗവ്യാപനവും ( Mosquito Diseases ) ശക്തമാവുകയാണ് ചെയ്യാറ്. 

ആറും എട്ടും വയസുള്ള രണ്ട് പെണ്‍കുട്ടികളാണ് തെങ്കാശിയില്‍ ഡെങ്കു ( Dengue Fever ) സ്ഥിരീകരിച്ച് അധികം വൈകാതെ തന്നെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായിട്ടായിരുന്നു രണ്ട് മരണങ്ങളും നടന്നത്. 

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഗ്രാമത്തിലെ പതിനഞ്ചോളം പേര്‍ക്ക് ഡെങ്കു സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ രണ്ടാഴ്ച കാലയളവില്‍ ഗ്രാമത്തില്‍ പനി വ്യാപകമായിരുന്നു. ഏതാണ്ട് അമ്പതോളം പേര്‍ക്കെങ്കിലും ഇവിടെ പനി ബാധിക്കപ്പെട്ടിരുന്നു. ഇവരില്‍ പരിശോധന നടത്തിയവര്‍ക്കാണ് ഡെങ്കു സ്ഥിരീകരിച്ചിരിക്കുന്നത്. 

ഡെങ്കിപ്പനിയിലും മലരിയയിലും കാണപ്പെടുന്ന'ത്രോംബോസൈറ്റോപീനിയ'എന്ന അവസ്ഥ മൂലമാണ് രണ്ട് മരണങ്ങളും നടന്നിരിക്കുന്നത്. രക്തത്തില്‍ പ്ലേറ്റ്ലെറ്റ് കോശങ്ങള്‍ കുത്തനെ കുറയുന്ന സാഹചര്യമാണിത്. ഈ വാര്‍ത്ത ചെറുതല്ലാത്ത ആശങ്കയാണ് നമ്മളിലുണ്ടാക്കുന്നത്. ഗ്രാമത്തിലെ ശുചിത്വത്തെ കുറിച്ച് നേരത്തേ തന്നെ പരാതികള്‍ ഉണ്ടായിരുന്നതായും ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്തായാലും മഴ തുടങ്ങിയാല്‍ വീടും പരിസരവും, നാം സമയം ചെലവിടുന്ന മറ്റിടങ്ങളുമെല്ലാം വൃത്തിയായിരിക്കുന്നുവെന്ന് ഉറപ്പിക്കണം. കൊതുകുകള്‍ പെരുകുന്നതിനുള്ള എല്ലാ സാഹചര്യവും നിര്‍ബന്ധമായും കൊട്ടിയടച്ചിരിക്കണം. 

അതുപോലെ തന്നെ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വൈകാതെ തന്നെ ചികിത്സ തേടണം. അല്ലാത്തപക്ഷം ജീവന് തന്നെ ഭീഷണിയാകുന്ന അവസ്ഥയുണ്ടാകാം. 

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍...

പലപ്പോഴും ഡെങ്കിപ്പനിയെ സാധാരണ പനിയായും ജലദോഷമായും എല്ലാം തെറ്റിദ്ധരിക്കാറുണ്ട്. തീവ്രത കുറഞ്ഞ രീതിയില്‍ മാത്രം ലക്ഷണങ്ങള്‍ കാണുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാല്‍ സീസണ്‍ ആകുമ്പോള്‍ കഴിവതും ലക്ഷണങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുക. 

ഉയര്‍ന്ന പനി, തലവേദന, കണ്ണിന് പുറകില്‍ വേദന, ശക്തമായ തളര്‍ച്ച, പേശീവേദന (ശരീരവേദന), ഛര്‍ദ്ദി, ചര്‍മ്മത്തില്‍ ചെറിയ പാടുകളോ അടയാളങ്ങളോ കാണുക എന്നിവയെല്ലാം ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. ഇവ കാണുന്ന പക്ഷം ഡെങ്കിപ്പനിയുടെ പരിശോധന നടത്തേണ്ടതാണ്. രോഗം സ്ഥിരീകരിച്ചാല്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന രീതിയില്‍ ചികിത്സയുമായി മുന്നോട്ടുപോകാം. ഡെങ്കിപ്പനിക്ക് സവിശേഷമായി ചികിത്സയില്ല. എന്നാല്‍ രക്താണുക്കള്‍ കുറയുന്ന സാഹചര്യം, പനി എന്നിവയ്ക്കെല്ലാം പ്രത്യേകം ചികിത്സയുണ്ട്. ഇത് നിര്‍ബന്ധമായും തേടിയേ പറ്റൂ.

Also Read:- ഡെങ്കിപ്പനി മരണത്തിലേക്ക് വരെ നയിക്കുന്നത് എപ്പോള്‍? അറിയാം ലക്ഷണങ്ങള്‍...