കുട്ടികളിലെ മൂത്രാശയ അണുബാധ; തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ...

By Web TeamFirst Published Nov 6, 2020, 11:38 AM IST
Highlights

ഈ ലക്ഷണങ്ങളിലേതെങ്കിലും കണ്ടാല്‍ത്തന്നെ, ഉടനെ കുട്ടിയെ ഒരു ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കേണ്ടതാണ്. മൂത്രാശയ അണുബാധയാണെങ്കില്‍ ചികിത്സ വൈകിപ്പിക്കുംതോറും അത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയേ ഉള്ളൂവെന്ന് മനസിലാക്കുക

മൂത്രാശയവുമായി ബന്ധപ്പെട്ട ഭാഗങ്ങളിലുണ്ടാകുന്ന അണുബാധയെ ആണ് മൂത്രാശയ അണുബാധ എന്ന് വിളിക്കുന്നത്. ഇത് മിക്കപ്പോഴും അസഹ്യമായ വേദനയിലേക്കും അസ്വസ്ഥതകളിലേക്കുമെല്ലാം രോഗിയെ നയിക്കാറുണ്ട്. 

മുതിര്‍ന്നവരില്‍ മാത്രമല്ല, കുട്ടികളിലും മൂത്രാശയ അണുബാധ കാണാറുണ്ട്. എന്നാല്‍ മുതിര്‍ന്നവരുടേതില്‍ നിന്ന് വിഭിന്നമായി കുട്ടികളിലെ രോഗത്തെ നമുക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കാറില്ല. 

രോഗത്തിന്റേതായി പ്രകടമാകുന്ന ലക്ഷണങ്ങളെ കുട്ടിക്കോ, ഒപ്പം തന്നെ മാതാപിതാക്കള്‍ക്കോ മനസിലാക്കുവാന്‍ സാധിക്കാതെ വരുന്നതോടെയാണ് രോഗവും ശ്രദ്ധിക്കപ്പെടാതെ പോകുന്നത്. ഇത് പിന്നീട് വലിയ തോതിലുള്ള സങ്കീര്‍ണ്ണതകളിലേക്ക് കുട്ടിയെ എത്തിക്കും. 

കുട്ടികള്‍ക്ക് അവര്‍ നേരിടുന്ന ശാരീരിക വിഷമതകള്‍ കൃത്യമായി ചൂണ്ടിക്കാണിക്കാന്‍ കഴിയാതെ വരാറുണ്ട്. ഈ സാഹചര്യത്തില്‍ മുതിര്‍ന്നവര്‍ വേണം ഇക്കാര്യങ്ങള്‍ മനസിലാക്കി, വേണ്ട ശ്രദ്ദ ചെലുത്താന്‍. ഇതിനായി കുട്ടികളിലെ മൂത്രാശയ അണുബാധയുടെ പ്രധാനപ്പെട്ട അഞ്ച് ലക്ഷണങ്ങള്‍ അറിഞ്ഞുവയ്ക്കാം. 

1. മൂത്രമൊഴിക്കുന്ന സമയത്ത് വേദന അുഭവപ്പെടുന്നത്. 

2. ഇടവിട്ട് മൂത്രമൊഴിച്ചുകൊണ്ടിരിക്കുന്നത്.

3. എപ്പോഴും മൂത്രമൊഴിക്കാന്‍ ഉള്ളതായി അനുഭവപ്പെടുന്നത്. 

4. മൂത്രം കലങ്ങിയത് പോലെ കാണപ്പെടുന്നത്. 

5. മൂത്രമൊഴിക്കുമ്പോള്‍ പൊള്ളുന്നത് പോലെയുള്ള അനുഭവമുണ്ടാകുന്നത്. 

ഇവയോടൊപ്പം തന്നെ ചില കുട്ടികളില്‍ പനി, ജലദോഷം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, അടിവയറ്റില്‍ വേദന, മൂത്രത്തില്‍ രക്തത്തിന്റെ സാന്നിധ്യം, അസ്വസ്ഥത, മൂത്രത്തിന് കടുത്ത നിറമുണ്ടാകുക, അസഹ്യമായ ക്ഷീണം എന്നിവയും അനുഭവപ്പെട്ടേക്കാം. 

ഈ ലക്ഷണങ്ങളിലേതെങ്കിലും കണ്ടാല്‍ത്തന്നെ, ഉടനെ കുട്ടിയെ ഒരു ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കേണ്ടതാണ്. മൂത്രാശയ അണുബാധയാണെങ്കില്‍ ചികിത്സ വൈകിപ്പിക്കുംതോറും അത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയേ ഉള്ളൂവെന്ന് മനസിലാക്കുക.

Also Read:- കുട്ടികളുടെ ബുദ്ധിവികാസത്തിന് സഹായിക്കുന്ന 5 ഭക്ഷണങ്ങൾ...

click me!