വൃക്കമാറ്റ ശസ്ത്രക്രിയ വേഗം നടക്കാൻ വേണ്ടി വിദ്യാർത്ഥിയെ ദത്തെടുത്ത് അദ്ധ്യാപകൻ

By Web TeamFirst Published Jun 1, 2019, 3:37 PM IST
Highlights

ഡാമിയന് ഗുരുതരമായ വൃക്കരോഗമായിരുന്നു. അതുകൊണ്ടുതന്നെ, ആവേശം മൂത്ത് അവനെ ഏറ്റെടുക്കുന്ന പല കുടുംബങ്ങൾക്കും അവനെ ക്ഷമയോടെ പരിചരിക്കാൻ സാധിക്കാറില്ല.

ഡാമിയൻ എന്ന കൊളറാഡോ സ്വദേശിക്കു പതിമൂന്നു വയസ്സ് പ്രായമേയുള്ളൂ. അനാഥനായി പിറന്നു വീണ അവന്റെ ജീവിതം ഒരു ഫോസ്റ്റർ ഹോമിൽ നിന്നും മറ്റൊന്നിലേക്കുള്ള നെട്ടോട്ടമായിരുന്നു എന്നും. അനാഥരായ കുട്ടികളെ നോക്കാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന കുടുംബങ്ങളിലേക്ക് താത്കാലികമായി അവരെ പറഞ്ഞുവിടുന്ന സംവിധാനമാണ് ഫോസ്റ്റർ കെയർ പദ്ധതി. 

എന്നാൽ ഡാമിയൻ മറ്റു കുട്ടികളെപ്പോലെയല്ല. ചില്ലറ സഹാനുഭൂതിയൊന്നും മതിയാവില്ലായിരുന്നു അവനെ  പരിചരിക്കാൻ. അവന് ഗുരുതരമായ വൃക്കരോഗമായിരുന്നു. അതുകൊണ്ടുതന്നെ, ആവേശം മൂത്ത് അവനെ ഏറ്റെടുക്കുന്ന പല കുടുംബങ്ങൾക്കും അവന്റെ അസുഖത്തിന്റെ സങ്കീർണ്ണതകൾ ആവശ്യപ്പെടുന്ന ക്ഷമയും, സാമ്പത്തിക ചെലവുകളും ഒന്നും ഏറ്റെടുക്കാൻ പറ്റാറില്ല. അതുകൊണ്ടുതന്നെ തന്റെ ഈ പതിമൂന്നുവയസ്സിനുള്ളിൽ തന്നെ അവൻ നിരവധി ഫോസ്റ്റർ കെയർ ഫാമിലികളുടെ ഭാഗമായിട്ടുണ്ട്. 

അവൻ വൃക്ക മാറ്റിവെക്കാനുള്ള ശസ്ത്രക്രിയയ്ക്കുള്ള സർക്കാരിന്റെ ലിസ്റ്റിൽ വന്നിരുന്നു. അധികം വൈകാതെ ആ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ അവന്റെ ജീവൻ അപകടത്തിലാകും എന്ന  അവസ്ഥയിലായിരുന്നു ഡാമിയൻ. എന്നാൽ അവന്റെ ഭാഗ്യക്കേടിന് സർക്കാരിന്റെ സംവിധാനത്തിൽ ഒരു ചെറിയ പ്രശ്നമുണ്ടായിരുന്നു. ഓരോ പ്രാവശ്യം അവന്റെ ഫോസ്റ്റർ പേരന്റ്സ് മാറുമ്പോഴും, അവൻ അവയവമാറ്റത്തിന് രണ്ടാമതും അപേക്ഷ കൊടുക്കാൻ നിർബന്ധിതനാവും. അതോടെ ലിസ്റ്റിന്റെ മുകളിൽ അത്രയും നേരം കാത്തിരുന്ന അവൻ, അടുത്ത അപേക്ഷയിൽ അതേ ലിസ്റ്റിന്റെ ഏറ്റവും ചോടെ വന്നു ചേരേണ്ട അവസ്ഥയാകും. 

അങ്ങനെ അവന്റെ കാത്തിരിപ്പ് അനന്തമായി നീളാൻ തുടങ്ങി. എന്നും ഡയാലിസിസ് ചെയ്യേണ്ട ഗതികേടിലേക്ക് അവന്റെ ആരോഗ്യാവസ്ഥ വഴുതിവീണു. അപ്പോഴാണ് ഒരു മാലാഖയെപ്പോലെ അവന്റെ ക്‌ളാസിലെ കണക്കുടീച്ചർ അവതരിക്കുന്നത്. കണക്കിൽ മിടുമിടുക്കനായിരുന്ന ഡാമിയൻ പലപ്പോഴും വരാതിരുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് അവന്റെ കണക്കുടീച്ചറായ ഫിൻ ലാനിങ്ങ് അവനേപ്പറ്റി പ്രധാനാധ്യാപകനോട് തിരക്കുന്നത്. അദ്ദേഹം അവന്റെ അസുഖത്തിന്റെയും, അനാഥത്വത്തിന്റെയും മുഴുവൻ കഥകളും  മാഷോട് പറഞ്ഞു. 

സ്ഥിരമായ ഒരു രക്ഷിതാവില്ലാത്തതുകൊണ്ടു മാത്രം അവന്റെ  വൃക്കമാറ്റ ശസ്ത്രക്രിയ മുടങ്ങിക്കിടക്കുന്ന എന്നറിഞ്ഞതോടെ അയാൾ പ്രശ്നത്തിൽ ഇടപെടാൻ താനെ തീരുമാനിച്ചു. അവയവം കിട്ടാൻ അവന്റെ ഫാമിലി സ്റ്റാറ്റസിന് വേണ്ടിയിരുന്ന സ്ഥിരത കൊടുക്കാൻ അയാൾ തീരുമാനിച്ചു. അയാൾ ഡാമിയൻ എന്ന ഗുരുതരമായ വൃക്കരോഗം ബാധിച്ച ആ പതിമൂന്നു വയസ്സുകാരനെ തന്റെ മകനായി ദത്തെടുത്തു.  അടുത്ത ദിവസം തന്നെ തന്റെ കൂടെ തന്റെ വീട്ടിലേക്ക് കൂട്ടി. 

അതിനു ശേഷം അവയവമാറ്റത്തിനുള്ള അപേക്ഷ വീണ്ടും സമർപ്പിച്ചു. ഇപ്പോൾ ഡാമിയൻ ആ ലിസ്റ്റിൽ മുകളിൽ തന്നെയാണ്. ചികിത്സാ ധനസഹായത്തിനായി ഒരു GoFundMe  പേജും അവന്റെ കണക്കുമാഷ്, അച്ഛൻ അവനു വേണ്ടി തുടങ്ങി. 

അനാഥാലയങ്ങളിലും, ഏറെക്കുറെ പരുഷമായ ഫോസ്റ്റർ കുടുംബങ്ങളിലും വളരുന്നു ശീലിച്ച ഡാമിയൻ എല്ലാ കാര്യങ്ങളിലും സ്വയം പര്യാപ്തി കൈവരിച്ച  ഒരു കുട്ടിയാണ്. അതുകൊണ്ടുതന്നെ, പുതിയ അച്ഛനെ കഴിയുന്നത്ര ബുദ്ധിമുട്ടിക്കാതിരിക്കാൻ ഡാമിയൻ നോക്കുന്നു. അതേ സമയം വിശേഷിച്ചൊന്നും തന്നെ വേണമെന്ന് പറഞ്ഞു   വാശിപിടിക്കാത്ത തന്റെ 'പുതിയ' മകനെ സ്നേഹം കൊണ്ട് മൂടാൻ ഫിന്നും. 

click me!