
കേൾവിശക്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തീർച്ചയായും മറ്റ് ഏത് ശാരീരിക വെല്ലുവിളി പോലെ തന്നെയും പ്രധാനമാണ്. പ്രത്യേകിച്ച് കുട്ടികളിലെ കേൾവിശക്തി സംബന്ധിച്ച പ്രശ്നമാണ് കുറെക്കൂടി തീവ്രതയുള്ളത്.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യയിൽ ആറ് കോടിയിലധികം പേർ കേൾവിശക്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നു. അതായത് ആകെ ജനസംഖ്യയുടെ 6.3 ശതമാനം പേർ. ഇതിൽ തന്നെ പതിനാല് വയസ് വരെയുള്ള കുട്ടികളിലാണത്രേ കൂടുതലും കേൾവിസംബന്ധമായ പ്രയാസങ്ങൾ കാണപ്പെടുന്നത്.
കുട്ടികളിലെ കേൾവിശക്തി സംബന്ധമായ തകരാറുകൾ മുതിർന്നവരുടേതിൽ നിന്ന് വ്യത്യസ്തമാണ്. അതായത് പതിനാല്- പതിനഞ്ച് വയസ് വരെയുള്ള പ്രായത്തിലാണ് നാം ഭാഷ മനസിലാക്കിയെടുക്കുന്നതും ഭാഷ പഠിക്കുന്നതുമെല്ലാം. ഈ കാലയളവിൽ കേൾവിപ്രശ്നം നേരിടുമ്പോൾ അടിസ്ഥാനപരമായി ഒരു വ്യക്തിക്ക് വേണ്ടിവരുന്ന അറിവോ അവബോധമോ ജീവിക്കാനുള്ള ഉപാധിയോ ആണ് പ്രശ്നത്തിലാകുന്നത്.
അതിനാൽ തന്നെ കുട്ടികളിലെ കേൾവിപ്രശ്നങ്ങൾ സമയബന്ധിതമായി തന്നെ തിരിച്ചറിയേണ്ടതുണ്ട്. തിരിച്ചറിയൽ മാത്രമല്ല, അതിന് ഫലപ്രദമായ ചികിത്സയും നേടേണ്ടതുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത്തരത്തിൽ കുട്ടികളുടെ കേൾവി പ്രശ്നങ്ങൾ തിരിച്ചറിയുന്നതിന്‍റെ തോത് വളരെ കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദേശീയതലത്തിൽ ഇതിന് പ്രത്യേകതമായ പരിപാടികളോ പദ്ധതികളോ ഒന്നും നടപ്പിലാകുന്നില്ല. ചില സംസ്ഥാനങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾ മാത്രമാണ് നടപ്പിലാകുന്നത്.
ഹിയറിംഗ് എയ്ഡ് വച്ചാൽ പോലും കേൾവിപ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കപ്പെടാത്തിടത്ത് കോക്ലിയർ ഇംപ്ലാന്‍റ് നല്ല ഫലം നൽകുമെന്നാണ് വിദഗ്ധർ പറയുന്നത്. വളരെ ചെറിയൊരു ഉപകരണം ചെവിക്കകത്ത് പിടിപ്പിക്കുകയാണ് കോക്ലിയർ ഇംപ്ലാന്‍റിൽ ചെയ്യുന്നത്.
ഇന്ത്യയിലാണെങ്കിൽ ഇരുന്നൂറിലധികം കോക്ലിയർ ഇംപ്ലാന്‍റ് കേന്ദ്രങ്ങളുണ്ട്. ഇതുവരെ ഏതാണ്ട് മുപ്പതിനായിരത്തോളം ഇംപ്ലാന്‍റും നടന്നിട്ടുണ്ട്. നിലവിൽ പത്ത് ലക്ഷം കുട്ടികളെങ്കിലും കോക്ലിയർ ഇംപ്ലാന്‍റിനായി കാത്തിരിക്കുന്നുമുണ്ട്. കേൾവിപ്രശ്നമുള്ളവർക്ക് ചെറുപ്പത്തിലേ തന്നെ കോക്ലിയർ ഇംപ്ലാന്‍റ് നടത്തുന്നതാണ് ഉചിതം. ഇതിന്‍റെ പ്രാധാന്യത്തെ കുറിച്ച് ആദ്യമേ തന്നെ സൂചിപ്പിച്ചുവല്ലോ.
എന്നാൽ ഇന്ത്യയിൽ വേണ്ടത്ര ബോധവത്കരണം ഇല്ലാത്തതിനാൽ കുട്ടികളിലെ കേൾവിപ്രശ്നം സമയബന്ധിതമായി കണ്ടെത്തപ്പെടുകയോ ചികിത്സപ്പെടുകയോ ചെയ്യുന്നില്ല. ഇക്കാര്യത്തിൽ മാറ്റം വരണമെന്ന് തന്നെയാണ് സർജൻസ് അടക്കമുള്ള വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
Also Read:- കാഴ്ചശക്തിക്ക് തകരാര്‍ വരാതെ നോക്കാൻ ചെയ്യാവുന്ന അഞ്ച് കാര്യങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam