കൊറോണാവൈറസ് ആദ്യം പ്രത്യക്ഷപ്പെട്ട മാംസച്ചന്തയിൽ വിറ്റിരുന്നത് പാമ്പിന്റെയും പെരുച്ചാഴിയുടെയും മുള്ളൻപന്നിയുടെയും ഇറച്ചി

By Web TeamFirst Published Jan 24, 2020, 11:29 AM IST
Highlights

ആരോഗ്യവകുപ്പ് അധികൃതർ എത്തിയിരിക്കുന്ന പ്രാഥമികമായ നിഗമനം കൊറോണാവൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്, ഈ മാർക്കറ്റിൽ അനധികൃതമായി കശാപ്പുചെയ്തുകൊണ്ടിരുന്ന  വന്യമൃഗങ്ങളിൽ നിന്നാകാം എന്നാണ്. 


കൊറോണാവൈറസ് പൊട്ടിപ്പുറപ്പെട്ടു എന്ന് കരുതുന്ന വുഹാനിലെ ഹുവാനൻ സീഫുഡ് മാർക്കറ്റിൽ സാധാരണ മത്സ്യമാംസാദികൾക്ക് പുറമെ അനധികൃതമായി ജീവനോടെ അറുത്ത് വിറ്റുകൊണ്ടിരുന്നത് പാമ്പിനെയും, പെരുച്ചാഴിയെയും, മുതലയേയും, മുള്ളൻപന്നിയെയും, നീര്നായയെയും, ചെന്നായ്ക്കുഞ്ഞുങ്ങളെയും ഒക്കെ ആയിരുന്നു എന്ന് റിപ്പോർട്ടുകൾ. വൈറസ് ബാധയെത്തുടർന്ന് അധികൃതർ ഈ മാർക്കറ്റ് അടച്ചു പൂട്ടിയിരിക്കുകയാണിപ്പോൾ. 

ഇപ്പോൾ ചൈനീസ് ആരോഗ്യവകുപ്പ് അധികൃതർ എത്തിയിരിക്കുന്ന പ്രാഥമികമായ നിഗമനം കൊറോണാവൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്, ഈ മാർക്കറ്റിൽ അനധികൃതമായി കശാപ്പുചെയ്തുകൊണ്ടിരുന്ന വന്യമൃഗങ്ങളിൽ നിന്നാകാം എന്നാണ്. എന്തായാലും ഇപ്പോൾ മാർക്കറ്റ് നാലുപാടുനിന്നും സീൽ ചെയ്ത്, ഗ്രൗണ്ട് സീറോ ആയി മാർക്ക് ചെയ്തിരിക്കുകയാണ്. 

തലമുറകളായി വെടിയിറച്ചി ചൈനക്കാരുടെ ഒരു ദൗർബല്യമാണ് എന്ന് ഹു സിംഡൗ എന്ന ഒരു രാഷ്ട്രീയ നിരീക്ഷകൻ ദ മിറർ   ദിനപത്രത്തോട് പറഞ്ഞു. ആദ്യഘട്ടത്തിൽ കൊറോണാബാധയുണ്ടായവരിൽ പലരും മാർക്കറ്റിലെ കശാപ്പുതൊഴിലാളികളും, വില്പനക്കാരും ചുമട്ടുകാരും തന്നെയാണ് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. പെരുച്ചാഴികളെയും, നീർനായ്ക്കളെയും ആണ് ചൈനയിലെ ആരോഗ്യ വകുപ്പ് ഇപ്പോൾ സംശയത്തിന്റെ നിഴലിൽ നിർത്തിയിട്ടുള്ളത്. ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണം വിശദമായ പഠനങ്ങൾക്ക് ശേഷം മാത്രമേ വരികയുള്ളൂ. 


 

click me!