മുടിയില്‍ എണ്ണ വയ്ക്കാറുണ്ടോ? മുടിവളര്‍ച്ച കൃത്യമാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത്...

By Web TeamFirst Published Apr 9, 2020, 10:06 PM IST
Highlights

ചിലരുണ്ട്, എണ്ണ തേക്കുന്നതിനൊപ്പം തന്നെ മുടി ചീകുകയും ചെയ്യും. എന്നാല്‍ ഇത് മുടിക്ക് ഒട്ടും തന്നെ നല്ലതല്ല. എണ്ണ വച്ചതിന് ശേഷം മാത്രമല്ല, മുടി നനച്ച് ഉണങ്ങുന്നത് വരേയും ചീകാതിരിക്കുകയാണ് നല്ലത്. ഇനി, എണ്ണ മുടിക്ക് നല്ലതാണെന്നോര്‍ത്ത് അമിതമായി തേക്കുകയും അരുത്. അളവിലധികമായാല്‍ എന്തും വിപരീതഫലത്തിലേക്ക് പോയേക്കാം

നന്നായി എണ്ണ തേച്ച് മുടി നനയ്ക്കുക എന്നത് പണ്ടുള്ളവരുടെ ശീലങ്ങളില്‍ ഒന്നായിരുന്നു. മുടിയില്‍ എണ്ണ വയ്ക്കുകയെന്നത് നിര്‍ബന്ധമായും അമ്മമാര്‍ പറഞ്ഞുചെയ്യിച്ചിരുന്ന കാലം. എന്നാല്‍ ഇപ്പോള്‍ കാലം മാറി, ജീവിതരീതികളിലും ഏറെ മാറ്റം വന്നും. എണ്ണ കണ്ടാലേ അലര്‍ജിയാകുന്നവരാണ് ഇക്കാലത്ത് പലരും. എണ്ണ തേയ്ക്കുന്നത് മുടിക്ക് ദോഷമാണെന്നും, ഭംഗിക്കുറവാണെന്നും കരുതുന്നവരും കുറവല്ല. 

എന്നാല്‍ മുടിവളര്‍ച്ച കൃത്യമാകാന്‍ തലയില്‍ എണ്ണ വച്ചേ മതിയാകൂ. അപ്പോഴും ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യുകയും ചിലത് ചെയ്യാതിരിക്കുകയും വേണം. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. 

എണ്ണ തേക്കുമ്പോള്‍ ചെയ്യാവുന്നത്...

എണ്ണ വയ്ക്കുമ്പോള്‍ പലരും തലയോട്ടിയില്‍ എണ്ണ തൊടാതിരിക്കും. പക്ഷേ, മുടിവളര്‍ച്ചയ്ക്ക് ഗുണകരമാകണമെങ്കില്‍ തലയോട്ടിയിലും എണ്ണ തേയ്ക്കണം. മുടി മയത്തില്‍ ഇരിക്കാന്‍ മാത്രമല്ല, മുടിക്ക് ആവശ്യമായ പോഷണം കൂടി ഉറപ്പുവരുത്താനാണ് എണ്ണ തേയ്ക്കുന്നത് എന്ന കാര്യം ഓര്‍ക്കുക. ഇതിന് അനുസരിച്ച, ഗുണമുള്ള എണ്ണ വേണം തെരഞ്ഞെടുക്കാന്‍. 

എണ്ണ തേക്കുമ്പോള്‍ വെറുതെ തേച്ച് പെട്ടെന്ന് ജോലി തീര്‍ക്കാതെ അല്‍പനേരം വിരലറ്റങ്ങള്‍ കൊണ്ട് തലയോട്ടിയില്‍ മസാജ് ചെയ്യുക. അത് മുടിവളര്‍ച്ചയെ നല്ലരീതിയില്‍ സ്വാധീനിക്കും. അതുപോലെ മുടിയുടെ വേരുകളില്‍ എണ്ണയെത്തുന്നതും നല്ലതാണ്. 

ഇടയ്ക്ക് എണ്ണ തേക്കുക, ഇടയ്ക്ക് അത് പാടെ ഉപേക്ഷിക്കുക എന്ന ശീലം അത്ര നല്ലതല്ല. എണ്ണ പതിവായി ഉപയോഗിക്കുക. എല്ലാ ദിവസവും എന്നല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. വലിയ ഇടവേളകള്‍ വയ്ക്കാതെ, പതിവായി ഇത് ചെയ്യുക. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും എണ്ണ വച്ചെങ്കില്‍ മാത്രമേ ഇതിന്റെ ഗുണം മുടിക്ക് ലഭിക്കൂ. 

എണ്ണ വയ്ക്കുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്തത്...

എണ്ണ വച്ച് മൂന്നോ നാലോ മണിക്കൂറില്‍ കുളിക്കുന്നതാണ് ഉത്തമം. ചിലര്‍ ദീര്‍ഘനേരം എണ്ണ വച്ച് നടക്കാറുണ്ട്. ഇത് എല്ലാവരിലും ഒരുപോലെ നിരുപദ്രവകരമായി വന്നോളണം എന്നില്ല. ചിലരില്‍ ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വരെ കാരണമാകാറുണ്ട്. അതുപോലെ എണ്ണ തേച്ചയുടന്‍ തന്നെ തലയില്‍ മറ്റ് ഹെയര്‍ കെയര്‍ ഉത്പന്നങ്ങളോ സോപ്പോ ഷാമ്പൂവോ തേക്കരുത്. ഇതിനിടയ്ക്ക് സമയം നല്‍കണം. എങ്കില്‍ മാത്രമേ എണ്ണ തേക്കുന്നതിന്റെ ഗുണം മുടിക്ക് ലഭിക്കുകയുമുള്ളൂ.

ചിലരുണ്ട്, എണ്ണ തേക്കുന്നതിനൊപ്പം തന്നെ മുടി ചീകുകയും ചെയ്യും. എന്നാല്‍ ഇത് മുടിക്ക് ഒട്ടും തന്നെ നല്ലതല്ല. എണ്ണ വച്ചതിന് ശേഷം മാത്രമല്ല, മുടി നനച്ച് ഉണങ്ങുന്നത് വരേയും ചീകാതിരിക്കുകയാണ് നല്ലത്. ഇനി, എണ്ണ മുടിക്ക് നല്ലതാണെന്നോര്‍ത്ത് അമിതമായി തേക്കുകയും അരുത്. അളവിലധികമായാല്‍ എന്തും വിപരീതഫലത്തിലേക്ക് പോയേക്കാം.

click me!