സൺസ്ക്രീൻ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്...

Published : Aug 11, 2023, 05:05 PM IST
സൺസ്ക്രീൻ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്...

Synopsis

സൺസ്ക്രീൻ ഉപയോഗവുമായി ബന്ധപ്പെട്ട് പലതും കേള്‍ക്കുമ്പോള്‍ ഇവയില്‍ ഏതാണ് വിശ്വസിക്കേണ്ടത്, എന്താണ് വാസ്തവം എന്ന് അറിയാൻ വയ്യാത്ത അവസ്ഥയുമുണ്ടാകാം. എന്തായാലും സൺസ്ക്രീൻ ഉപയോഗത്തില്‍ നിങ്ങള്‍ ഇത്തരത്തില്‍ കേട്ടിരിക്കാൻ സാധ്യതയുള്ള ചിലതും അതിന്‍റെ യാഥാര്‍ത്ഥ്യവുമാണിനി പങ്കുവയ്ക്കുന്നത്. 

സൺസ്ക്രീൻ ഉപയോഗത്തിലേക്ക് ഇന്ന് കൂടുതല്‍ പേരെത്തുന്നത് നമുക്ക് കാണാം. സ്കിൻ കെയര്‍ എന്നതിന് അധികപേരും പ്രാധാന്യം നല്‍കുന്നു എന്നതിന്‍റെ തെളിവാണ് കൂടുതല്‍ പേരും സണ്‍സ്ക്രീൻ ഉപയോഗിക്കുന്നത്. എന്നാല്‍ സൺസ്ക്രീൻ ഉപയോഗത്തിലേക്ക് പുതുതായി എത്തുന്ന പലര്‍ക്കും ഇത് സംബന്ധിച്ച് പല സംശയങ്ങളും ഉണ്ടാകാം. എപ്പോഴാണ് സൺസ്ക്രീൻ തേക്കേണ്ടത്, എത്ര സമയം ഇതിന്‍റെ 'എഫക്ട്' കിട്ടും, മറ്റ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ് എന്നെല്ലാം അറിയണമെന്നുണ്ടായിരിക്കും.

കൂടാതെ സൺസ്ക്രീൻ ഉപയോഗവുമായി ബന്ധപ്പെട്ട് പലതും കേള്‍ക്കുമ്പോള്‍ ഇവയില്‍ ഏതാണ് വിശ്വസിക്കേണ്ടത്, എന്താണ് വാസ്തവം എന്ന് അറിയാൻ വയ്യാത്ത അവസ്ഥയുമുണ്ടാകാം. എന്തായാലും സൺസ്ക്രീൻ ഉപയോഗത്തില്‍ നിങ്ങള്‍ ഇത്തരത്തില്‍ കേട്ടിരിക്കാൻ സാധ്യതയുള്ള ചിലതും അതിന്‍റെ യാഥാര്‍ത്ഥ്യവുമാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

സൺസ്ക്രീൻ വെയിലുള്ള സമയങ്ങളില്‍, അല്ലെങ്കില്‍ ദിവസങ്ങളില്‍ മാത്രം ഇട്ടാല്‍ മതിയെന്ന് ആരെങ്കിലും പറഞ്ഞോ അല്ലാതെയോ നിങ്ങള്‍ കേട്ടിരിക്കാം. എന്നാലിതില്‍ കാര്യമില്ല. നമുക്ക് സൂര്യപ്രകാശം കാണുന്നില്ല- മേഘമാണ്- മഴക്കാറാണ് എന്ന് പറയുമ്പോള്‍ സൂര്യനും അതില്‍ നിന്നുള്ള കിരണങ്ങളും വരാതിരിക്കുന്നില്ല. ഇത് ചര്‍മ്മത്തിനുണ്ടാക്കുന്ന കേടുപാടുകളും ഇല്ലാതാകില്ല. അതിനാല്‍ പതിവായി സൺസ്ക്രീൻ ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുള്ളവര്‍ എല്ലാ ദിവസവും സൺസ്ക്രീൻ ഉപയോഗിക്കുക. 

രണ്ട്...

എസ്പിഎഫ് (സൺ പ്രൊട്ടക്ഷൻ ഫാക്ടര്‍) കൂടുതല്‍ ഉള്ള സണ്‍സ്ക്രീൻ ഉപയോഗിക്കുകയാണെങ്കില്‍ ഇത് ദിവസത്തില്‍ ഒറ്റ തവണ ഉപയോഗിച്ചാല്‍ മതിയെന്നും നിങ്ങള്‍ കേട്ടിരിക്കാം. എന്നാല്‍ അത് സത്യമല്ല. നിങ്ങള്‍ പുറത്തിറങ്ങുന്നവരാണെങ്കില്‍ ദിവസത്തില്‍ രണ്ടോ മൂന്നോ തവണയെങ്കിലും സൺസ്ക്രീൻ ഇടേണ്ടി വരാം. മൂന്ന് മണിക്കൂറിലധികമൊന്നും സൺസ്ക്രീനിന്‍റെ എഫക്ട് നിങ്ങള്‍ക്ക് കിട്ടില്ല. 

മൂന്ന്...

എസ്പിഎഫുള്ള മേക്കപ്പ് ഇട്ടാല്‍ പിന്നെ സൺസ്ക്രീൻ ഇടേണ്ടതില്ലല്ലോ എന്ന് ചോദിക്കുന്നവരുമുണ്ട്. എന്നാലിതിന് മുതിരാതിരിക്കുന്നതാണ് നല്ലത്. സൺസ്ക്രീൻ വേറെ തന്നെ ഉപയോഗിച്ച് ശീലിക്കുക. മേക്കപ്പിടുന്നുവെങ്കില്‍ ഇതിന് മുകളില്‍ മേക്കപ്പിടാം. ആദ്യം മുഖം വൃത്തിയാക്കി (ക്ലെൻസറോ ഫേസ് വാഷോ വച്ച്) ടോണറുപയോഗിക്കുന്നുവെങ്കില്‍ നല്ലത്- അതിന് ശേഷം മോയിസ്ചറൈസറിട്ട് കഴിഞ്ഞിട്ട് വേണം സൺസ്ക്രീൻ ഇടാൻ. ഇതിന് മുകളില്‍ മേക്കപ്പിടാവുന്നതാണ്. 

നാല്...

സൺസ്ക്രീൻ തേച്ചാല്‍ മുഖത്ത് ടാൻ (കരുവാളിപ്പ്) വീഴുന്നത് ഒഴിവാക്കാമെന്ന് കേട്ടാലും അത് വിശ്വസിക്കരുത്. സൂര്യനില്‍ നിന്നുള്ള കാഠിന്യമേറിയ കിരണങ്ങളെ പ്രതിരോധിക്കലാണ് സൺസ്ക്രീനിന്‍റെ ധര്‍മ്മം. ഇതിനര്‍ത്ഥം ടാൻ വീഴുന്നത് സൺസ്ക്രീൻ തടയുമെന്നല്ല. ദിവസവും കാര്യമായ അളവില്‍ വെയിലേല്‍ക്കുന്നുവെങ്കില്‍ അത് ടാൻ വീഴാൻ കാരണമാവുക തന്നെ ചെയ്യും.

അഞ്ച്...

വേനല്‍ക്കാലത്തേ സൺസ്ക്രീൻ ഉപയോഗിക്കേണ്ടൂ എന്ന് ചിന്തിക്കുന്നവരുമുണ്ട്. എന്നാല്‍ അങ്ങനെയല്ല. ഏത് കാലാവസ്ഥയിലും സൺസ്ക്രീൻ ഉപയോഗിക്കുന്നതാണ് സ്കിൻ കെയറിന് നല്ലത്. മഴക്കാലമാകുമ്പോള്‍ വാട്ടര്‍ റെസിസ്റ്റന്‍റ് ആയ മാറ്റെ ഫിനിഷിലുള്ള സൺസ്ക്രീനും ലഭ്യമാണ്. 

Also Read:- മകളുടെ തലയിലെ പേനിനെ കൊല്ലാറില്ല; കാരണം വെളിപ്പെടുത്തിയ അമ്മയ്ക്ക് ട്രോള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗ്രീൻ ടീ കുടിച്ചാൽ മോശം കൊളസ്ട്രോൾ കുറയുമോ?
ബ്രെയിനിനെ സ്മാർട്ടാക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ