സീസണലായ മുടി കൊഴിച്ചില്‍ തടയാൻ തേൻ!; ഇതെങ്ങനെ ഉപയോഗിക്കാമെന്നറിയാം...

By Web TeamFirst Published Jan 23, 2023, 8:08 PM IST
Highlights

ചര്‍മ്മം വരണ്ടുപോവുക, വരണ്ടുപൊട്ടുക, മുടി കൊഴിച്ചില്‍ താരൻ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം മഞ്ഞുകാലത്ത് പതിവാണ്. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാൻ മിക്കവരും ഇതിന് പരിഹാരമാകുമെന്ന് കരുതുന്ന തരം ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയാണ് പതിവ്. എന്നാല്‍ വിപണിയില്‍ നിന്ന് വാങ്ങിക്കുന്ന ഇത്തരം ഉത്പന്നങ്ങളിലെല്ലാം കെമിക്കലുകളുടെ അളവ് കൂടുതലായിരിക്കും. 

കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് നമ്മുടെ ആരോഗ്യകാര്യങ്ങളിലും വ്യതിയാനങ്ങള്‍ വരാം. പ്രത്യേകിച്ച് മഞ്ഞുകാലമാകുമ്പോള്‍ അത് ഒരുപിടി ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. പ്രധാനമായും ചര്‍മ്മം, മുടി എന്നിവയെല്ലാമാണ് മഞ്ഞുകാലത്ത് ബാധിക്കപ്പെടുന്നത്.

ചര്‍മ്മം വരണ്ടുപോവുക, വരണ്ടുപൊട്ടുക, മുടി കൊഴിച്ചില്‍ താരൻ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം മഞ്ഞുകാലത്ത് പതിവാണ്. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാൻ മിക്കവരും ഇതിന് പരിഹാരമാകുമെന്ന് കരുതുന്ന തരം ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയാണ് പതിവ്. എന്നാല്‍ വിപണിയില്‍ നിന്ന് വാങ്ങിക്കുന്ന ഇത്തരം ഉത്പന്നങ്ങളിലെല്ലാം കെമിക്കലുകളുടെ അളവ് കൂടുതലായിരിക്കും. 

അതേസമയം ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രകൃതിദത്തമായി തന്നെ ഉപയോഗിക്കാവുന്ന ചിലതുണ്ട്. മഞ്ഞുകാലത്തെ മുടി കൊഴിച്ചിലിനും, മുടി ഡ്രൈ ആയിപ്പോകുന്നതിനുമെല്ലാം പരിഹാരമായി ചെയ്യാവുന്ന പ്രകൃതിദത്തമായ ചില പരിഹാരങ്ങളാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

തേൻ ആണ് ഈ പട്ടികയില്‍ ഒന്നാമതായി ചേര്‍ക്കുന്നത്. തേൻ മാത്രമായിട്ടല്ല തേക്കേണ്ടത്, തേനിന്‍റെ കൂട്ടത്തില്‍ അല്‍പം വെളിച്ചെണ്ണയും കഞ്ഞിവെള്ളവും കൂടി ചേര്‍ക്കണം. മുടി ഡ്രൈ ആകുന്നത് തടയാനും, മഞ്ഞുകാലത്തെ ചൊറിച്ചില്‍- താരൻ, തലയോട്ടിയെ ബാധിക്കുന്ന എക്സീമ, ഡെര്‍മറ്റൈറ്റിസ്, സോറിയാസിസ് എന്നിങ്ങനെയുള്ള അസുഖങ്ങളെ പ്രതിരോധിക്കാനുമെല്ലാം ഇത് സഹായകമാണ്. ഈ മിശ്രിതം മുടിയില്‍ തേച്ചുപിടിപ്പിച്ച് 20 മിനുറ്റോളം വച്ച ശേഷം കഴുകിക്കളയുകയാണ് വേണ്ടത്. 

രണ്ട്...

തേയിലയും തലയില്‍ തേക്കുന്നത് വളരെ നല്ലതാണ്. തേയിലയിട്ട വെള്ളമാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഷാമ്പൂ വാഷ് ചെയ്യുന്നുണ്ടെങ്കില്‍ ഇതിന് ശേഷമാണ് തേയില വെള്ളത്തില്‍ മുടി കഴുകേണ്ടത്. അല്‍പനേരം മുടിയില്‍ തേച്ചുപിടിപ്പിച്ച ശേഷം കഴുകിക്കളയുകയാണ് വേണ്ടത്.

മൂന്ന്...

പൊതുവെ മുടിയില്‍ ഇടയ്ക്കെങ്കിലും അല്‍പം എണ്ണ തേക്കുന്നത് നല്ലതാണ്. മഞ്ഞുകാലത്താണെങ്കില്‍ മുടി ഡ്രൈ ആകാതിരിക്കാനും പൊട്ടിപ്പോകാതിരിക്കാനും സീസണലായ കാരണം കൊണ്ട് മുടി കൊഴിച്ചിലുണ്ടാകാതിരിക്കാനുമെല്ലാം എണ്ണ തേക്കാവുന്നതാണ്. ചെറുതായി ചൂടാക്കിയ എണ്ണ വച്ച് ഒന്ന് മസാജ് ചെയ്ത ശേഷം കഴുകിക്കളഞ്ഞാല്‍ മതി.

നാല്...

ഒരുപാട് പോഷകങ്ങളടങ്ങിയ ഒരു വിഭവമാണ് അവക്കാഡോ. വൈറ്റമിനുകളുടെ സമ്പന്നമായ ഉറവിടം കൂടിയാണ് അവക്കാഡോ. അവക്കാഡോ വച്ച് മാസ്ക് തയ്യാറാക്കി മുടിയില്‍ അപ്ലൈ ചെയ്യുകയാണ് വേണ്ടത്. മാസ്ക് തയ്യാറാക്കുമ്പോള്‍ മുടിക്ക് ഗുണകരമാകുന്ന പലതും ഇതില്‍ ചേര്‍ക്കാവുന്നതാണ്. മാസ്ക് ഇട്ട ശേഷം 20-25 മിനുറ്റ് കഴിഞ്ഞാല്‍ കഴുകിക്കളയാവുന്നതാണ്. 

അഞ്ച്...

കറ്റാര്‍വാഴ മുടിയുടെ ആരോഗ്യത്തിന് എത്രമാത്രം ഗുണകരമാണെന്ന് ഏവര്‍ക്കും അറിയാവുന്നതാണ്. പ്രകൃതിദത്തമായി മുടി സോഫ്റ്റ് ആക്കുന്നതിനും മുടി കൊഴിച്ചില്‍ തടയുന്നതിനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമെല്ലാം കറ്റാര്‍വാഴ ഏറെ സഹായകമാണ്. കറ്റാര്‍വാഴ ജെല്ലും, നാരങ്ങാനീരും, എണ്ണയും ചേര്‍ത്ത് യോജിപ്പിച്ച് മുടിയുടെ ഉള്‍ഭാഗത്ത് നിന്ന് തൊട്ട് താഴെ വരേക്ക് തേച്ചുപിടിപ്പിക്കണം. അരമണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്.

Also Read:- തണുപ്പുകാലത്ത് മടിപിടിച്ചിരിക്കുന്നത് ജോലികളെ ബാധിക്കുന്നുവോ? നിങ്ങള്‍ക്ക് ചെയ്യാവുന്നത്....

click me!