കൊവിഡിന് ശേഷം വ്യായാമം തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

By Web TeamFirst Published Nov 6, 2022, 7:42 PM IST
Highlights

കൊവിഡ് പിടിപെട്ട് അത് പൂര്‍ണമായി ഭേദമായാലും ചിലരില്‍ ദീര്‍ഘകാലത്തേക്ക് ഇതിന്‍റെ അനുബന്ധ പ്രശ്നങ്ങള്‍ കാണാറുണ്ട്. ലോംഗ് കൊവിഡ് എന്നാണിതിനെ വിശേഷിപ്പിക്കുന്നത്.

കൊവിഡ് 19 അടിസ്ഥാനപരമായി ശ്വാസകോശരോഗമാണെങ്കില്‍ കൂടിയും ഇത് നമ്മുടെ ശരീരത്തിലെ വിവിധ അവയവങ്ങളെ വിവിധ രീതിയില്‍ ബാധിക്കുന്നതായി നാം കണ്ടുകഴിഞ്ഞതാണ്. അതിനാല്‍ തന്നെ കൊവിഡിനോട് ഇപ്പോഴും ഒരുള്‍ഭയം ഏവരിലുമുണ്ട് എന്നതും സത്യമാണ്.

പ്രത്യേകിച്ച് കൊവിഡ് ശ്വാസകോശത്തെ ബാധിക്കുന്നത്, ഹൃദയത്തെ ബാധിക്കുന്നത്, തലച്ചോറിനെ ബാധിക്കുന്നതെല്ലാം വലിയ രീതിയില്‍ ആശങ്കയുണ്ടാക്കുന്നത് തന്നെയാണ്. കൊവിഡിന് ശേഷം ഹൃദയാഘാതം മൂലം ജീവൻ നഷ്ടമായവരും നിരവധിയാണ്. ഈ കണക്കുകളെല്ലാം ഇന്നും പ്രസക്തമായി തന്നെ നില്‍ക്കുന്നു.

കൊവിഡ് പിടിപെട്ട് അത് പൂര്‍ണമായി ഭേദമായാലും ചിലരില്‍ ദീര്‍ഘകാലത്തേക്ക് ഇതിന്‍റെ അനുബന്ധ പ്രശ്നങ്ങള്‍ കാണാറുണ്ട്. ലോംഗ് കൊവിഡ് എന്നാണിതിനെ വിശേഷിപ്പിക്കുന്നത്. പ്രധാനമായും തളര്‍ച്ച, ശ്വാസതടസം, ചുമ, ചിന്തകളിലും ഓര്‍മ്മയിലും അവ്യക്ത, ഉറക്കമില്ലായ്മ, വിഷാദം തുടങ്ങിയ പ്രശ്നങ്ങളാണ് ലോംഗ് കൊവിഡില്‍ സാധാരണയായി കാണപ്പെടുന്നത്. 

ഓരോ വ്യക്തിയെയും ലോംഗ് കൊവിഡ് അസ്വസ്ഥതപ്പെടുത്തുന്ന രീതി വ്യത്യാസമായിരിക്കും. ഇതിന്‍റെ തീവ്രതയും വ്യത്യസ്തമായിരിക്കും. അതിനാല്‍ തന്നെ എല്ലാവര്‍ക്കും ഒരുപോലെയുള്ള ചികിത്സകളോ പരിഹാരങ്ങളോ നിര്‍ദേശിക്കുക സാധ്യമല്ല. 

കൊവിഡ് ഭേദമായിക്കഴിയുമ്പോള്‍ മുമ്പ് സജീവമായി വര്‍ക്കൗട്ട്/വ്യായാമം അല്ലെങ്കില്‍ മാര്‍ഷ്യല്‍ ആര്‍ട്സ് പരിശീലനം ചെയ്തിരുന്നവരാണെങ്കില്‍ അവര്‍ പെട്ടെന്ന് തന്നെ ഇതിലേക്ക് തിരിച്ചുവരരുത്. പലര്‍ക്കും ഇതിനുള്ള താല്‍പര്യമുണ്ടായിരിക്കും. എന്നാല്‍ കൊവിഡ് മാറി, ഏതാനും ആഴ്ചകള്‍ സ്വയം നിരീക്ഷിച്ച ശേഷം മാത്രമേ വര്‍ക്കൗട്ടിലേക്ക് കടക്കാവൂ.

കാരണം, കൊവിഡിന് ശേഷം ദിവസങ്ങളെടുത്തായിരിക്കും ലോംഗ് കൊവിഡ് പ്രശ്നങ്ങളില്‍ നിങ്ങളിലുണ്ടെന്ന് നിങ്ങള്‍ക്കൊരുപക്ഷെ തിരിച്ചറിയാൻ സാധിക്കുക. ശ്വാസതടസം, തളര്‍ച്ച പോലുള്ള പ്രശ്നങ്ങളുള്ളവരാണെങ്കില്‍ തീര്‍ച്ചയായും വ്യായാമത്തിലേക്ക് കടക്കും മുമ്പ് ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്യണം. 

അതുപോലെ കൊവിഡിന് ശേഷം പെട്ടെന്ന് തന്നെ കഠിനമായ  വര്‍ക്കൗട്ടുകളിലേക്ക് കടക്കുന്നത് ഒരുപക്ഷെ ജീവന് തന്നെ ഭീഷണി ഉയര്‍ത്താം. മാര്‍ഷ്യല്‍ ആര്‍ട്സ് പരിശീലനം, ജിമ്മില്‍ തന്നെയുള്ള കടുപ്പമുള്ള ട്രെയിനിംഗ് എല്ലാം ഈ ഘട്ടത്തില്‍ മാറ്റിവയ്ക്കുന്നതാണ് ഉചിതം. 

നമ്മുടെ ആരോഗ്യസ്ഥിതിക്കും ഊര്‍ജ്ജത്തിനും കഴിക്കുന്ന ഭക്ഷണത്തിനും അനുസരിച്ചാണ് എപ്പോഴും വ്യായാമം ചെയ്യേണ്ടത്. ഇക്കാര്യങ്ങളെല്ലാം പ്രത്യേകം ഓര്‍മ്മിക്കുക. അതുപോലെ വ്യായാമം പഴയതുപോലെ ചെയ്യാനാകുന്നില്ലെന്ന നിരാശയിലും വീഴേണ്ടതില്ല. കൊവിഡ് ഭേദപ്പെട്ട ശേഷം പൂര്‍വസ്ഥിതിയിലേക്ക് ആരോഗ്യമെത്തിക്കുന്നതിന് തീര്‍ച്ചയായും സമയമെടുക്കും.

Also Read:- നാവില്‍ ഈ മാറ്റങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കണേ; പരിശോധനയും നടത്താം...

click me!