ഹൃദയത്തെ സംരക്ഷിക്കാന്‍ അറിയേണ്ടതും ചെയ്യേണ്ടതും...

By Web TeamFirst Published Jan 5, 2020, 11:57 AM IST
Highlights

ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളിലൊന്നാണ് ഹൃദ്രോഗം. ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഇക്കാലയളവില്‍ കൂടിവരികയാണ്. നേരത്തെ തിരിച്ചറിയാനായാല്‍ ഹൃദ്രോഗത്തിന് ഫലപ്രദമായ ചികില്‍സകള്‍ ഇന്ന് ലഭ്യമാണ്. 

ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളിലൊന്നാണ് ഹൃദ്രോഗം. ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഇക്കാലയളവില്‍ കൂടിവരികയാണ്. നേരത്തെ തിരിച്ചറിയാനായാല്‍ ഹൃദ്രോഗത്തിന് ഫലപ്രദമായ ചികില്‍സകള്‍ ഇന്ന് ലഭ്യമാണ്. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. 

അധികമാര്‍ക്കും അറിയാത്ത പത്ത് ഹൃദ്രോഗലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.. 

ഒന്ന്...

നെഞ്ച് വേദന ഹൃദ്രോഗത്തിന്റെ സാധാരണയായുള്ള ഒരു ലക്ഷണമാണ്. നെഞ്ചില്‍ ഭാരം വര്‍ദ്ധിക്കുന്നതായി തോന്നിക്കുന്ന വേദനകള്‍ അവഗണിക്കരുത്. അത്തരക്കാര്‍ തീര്‍ച്ചയായും ഡോക്‌ടറെ കാണുക.

രണ്ട്...

തോള്‍ വേദന- തോളില്‍നിന്ന് കൈകളിലേക്ക് വ്യാപിക്കുന്ന വേദന ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ്. സാധാരണയായി ഇടംകൈയിലായിരിക്കും ഈ വേദന അനുഭവപ്പെടുക.

മൂന്ന്...

അസിഡിറ്റി- അസിഡിറ്റിയും ഗ്യാസ് മൂലമുള്ള വേദനയും പലരും കാര്യമാക്കാറില്ല. എന്നാല്‍ ഇതും ഹൃദ്രോഗത്തിന്റെ ലക്ഷണം ആണെന്ന് അറിയുക. ഇത്തരക്കാര്‍ ഉടന്‍ ഡോക്ടറെ കണ്ട് പരിശോധനകള്‍ വിധേയമാകുക.

നാല്...

കഴുത്തിനും താടിയെല്ലിനു വേദന- നെഞ്ചില്‍നിന്ന് തുടങ്ങി മുകളിലേക്ക് വ്യാപിക്കുന്ന വേദന കഴുത്തിലും താടിയെല്ലിലും അനുഭവപ്പെടും. ഇത്തരം വേദനകള്‍ ഹൃദ്രോഗത്തിന്റെ ലക്ഷണമായിരിക്കും.

അഞ്ച്...

ക്ഷീണവും തളര്‍ച്ചയും- പടി കയറുമ്പോഴും നടക്കുമ്പോഴും കിതപ്പും ക്ഷീണവും അനുഭവപ്പെടുന്നുവെങ്കില്‍ അത് നിസാരമായി കാണരുത്. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണിത്.

ആറ്...

തലകറക്കം- മസ്‌തിഷ്‌ക്കത്തിലേക്കുള്ള രക്തയോട്ടം കുറയുമ്പോള്‍ തലകറക്കമുണ്ടാകാം. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അപാകതയുണ്ടാകുമ്പോള്‍ ഇങ്ങനെ സംഭവിക്കാറുണ്ട്.

ഏഴ്...

കൂര്‍ക്കംവലി- ഉറങ്ങുമ്പോള്‍ കാര്യക്ഷമമായി ശ്വാസോച്ഛാസം നടത്താനാകാതെ വരുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സമ്മര്‍ദ്ദമേറുന്നതുകൊണ്ടാണ്.

എട്ട്...

സ്ഥിരമായുള്ള ചുമ- ചുമ പലപ്പോഴും അധികമാരും കാര്യമാക്കാറില്ല. എന്നാല്‍ നിര്‍ത്താതെയുള്ള ചുമ ഹൃദ്രോഗത്തിന്റെ ലക്ഷണമായിരിക്കാം. ചുമയ്‌ക്കൊപ്പം, മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള കഫം വരുകയാണെങ്കില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ അസ്വാഭാവികതയുള്ളതായി സംശയിക്കേണ്ടിവരും. ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടാകുന്നതുകൊണ്ടാകാം പിങ്ക് നിറത്തിലുള്ള കഫം വരുന്നത്.

ഒമ്പത്...

കാലിനും ഉപ്പൂറ്റിക്കും നീര്‍ക്കെട്ട്- ഹൃദയം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതെ വരുമ്പോള്‍, കാലിനും ഉപ്പൂറ്റിക്കും നീര്‍ക്കെട്ട് വരാം. ഹൃദയം ശരിയായി രക്തം പമ്പ് ചെയ്യാതെ വരുമ്പോഴാണ് കാല്‍പ്പാദത്തില്‍ നീര് വരുന്നത്.

പത്ത്...

സ്ഥിരതയില്ലാത്ത ഹൃദയ സ്‌പന്ദനം- ഹൃദയസ്പന്ദനത്തിലുണ്ടാകുന്ന വ്യതിയാനം അധികമാര്‍ക്കും പെട്ടെന്ന് മനസിലാകില്ല. ഹൃദ്രോഗത്തിന്റെ ലക്ഷണമായിരിക്കും ഇത്.

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ നിങ്ങള്‍ ഇന്നുതന്നെ ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം..

1.  ഹൃദയത്തെ സംരക്ഷിക്കാന്‍ ഇന്നുതന്നെ പുകവലി ഉപേക്ഷിക്കുക. ഇനി പുകവലിക്കാത്തവര്‍, പുകവലിക്കുന്നവരുടെ അടുത്തുനിന്ന് മാറിനില്‍ക്കാന്‍ ശ്രദ്ധിക്കുക. എന്തെന്നാല്‍ പാസീവ് സ്‌മോക്കിങ് മൂലമുള്ള ഹൃദ്രോഗനിരക്ക് ഏറിവരുന്നതായാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ തെളിയിക്കുന്നത്.

2. ഹൃദയാരോഗ്യത്തിന് നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം. നാരുകള്‍ക്ക് പുറമെ, വിറ്റാമിന്‍, ധാതുക്കള്‍ എന്നിവയും ഭക്ഷണത്തില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഗോതമ്പ്, ഓട്ട്സ് എന്നിവകൊണ്ടുള്ള ഭക്ഷണം ഏറെ അനുയോജ്യകരമാണ്.

3. ഉറക്കക്കുറവ് ഹൃദയാരോഗ്യത്തിന് ഒട്ടും നല്ലതല്ല. മുതിര്‍ന്നവര്‍ ഒരുദിവസം 7-8 മണിക്കൂറും കുട്ടികള്‍ 8-9 മണിക്കൂറും ഉറങ്ങണം. സ്ഥിരമായി ആറുമണിക്കൂറില്‍ കുറച്ച് ഉറങ്ങുന്നവരില്‍ ഹൃദയാഘാതം, ഹൃദയധമനിയില്‍ ബ്ലോക്ക് എന്നീ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

4. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഹൃദ്രോഗസാധ്യത കൂട്ടുന്നു. അതുകൊണ്ടുതന്നെ ഇന്നുമുതല്‍ ഉപ്പും പഞ്ചസാരയും നിയന്ത്രിക്കുക. അങ്ങനെയെങ്കില്‍ പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയെ അകറ്റാനാകും, അതുവഴി ഹൃദ്രോഗത്തെയും...

5. മദ്യപാനം പൂര്‍ണമായി ഉപേക്ഷിക്കാനാകുന്നില്ലെങ്കില്‍പ്പോലും നന്നായി നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. മദ്യപാനം അമിതമായാല്‍, രക്തത്തിലെ ട്രൈഗ്ലിസറൈഡിന്‍റെ അളവ് കൂടും. ഇത് ഹൃദ്രോഗത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്.

6. നിത്യേനയുള്ള ഭക്ഷണക്രമത്തില്‍ ധാരാളം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക. ഒരുദിവസം കുറഞ്ഞത് അഞ്ചുതരം പച്ചക്കറികളും പഴങ്ങളും കഴിക്കുക. ആപ്പിള്‍, മാതളം, കാരറ്റ്, തക്കാളി, മുരിങ്ങയ്‌ക്ക, ചീര, ബീറ്റ്‌റൂട്ട്, പയര്‍ എന്നിവയൊക്കെ ഹൃദയാരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യവസ്‌തുക്കളാണ്.

7. ദിവസവും കുറഞ്ഞത് 30 മിനിട്ടെങ്കിലും ശരീരം നന്നായി വിയര്‍ക്കുന്നവിധം വ്യായാമം ചെയ്യുക. അത് നടത്തമോ ഓട്ടമോ വ്യായാമമോ ആകാം. ഓഫീസിലെയും വീട്ടിലെയും പടവുകള്‍ കയറുകയും ഇറങ്ങുകയും ചെയ്യാം, അതുമല്ലെങ്കില്‍ പതിവായി ജിംനേഷ്യത്തില്‍ പോകാം. നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യവും സൗകര്യപ്രദവുമായ വ്യായാമമുറകളാണ് തെരഞ്ഞെടുക്കേണ്ടത്. പ്രായമായവര്‍ നന്നായി നടക്കുന്നതാണ് ഉത്തമം. ചെറുപ്പക്കാര്‍ ബാഡ്‌മിന്റണ്‍, വോളിബോള്‍, ഫുട്ബോള്‍ എന്നീ കായികയിനങ്ങളില്‍ ഏര്‍പ്പെടുന്നതും നല്ലതാണ്.


 

click me!