ഇന്ന് അന്താരാഷ്ട്ര രക്തസമ്മര്‍ദ്ദ ദിനം; ശ്രദ്ധിക്കാം ഈ ആറ് കാര്യങ്ങള്‍...

By Web TeamFirst Published May 17, 2020, 11:51 AM IST
Highlights

മുതിര്‍ന്നവരില്‍ മൂന്നിലൊരാള്‍ എന്ന കണക്കിലാണ് ഇന്ന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം റിപ്പോര്‍ട്ട് ചെയ്യുന്നത്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്. 

തിരക്ക് പിടിച്ച ഈ ജീവിതത്തിനിടയില്‍ ആരോഗ്യത്തിലുളള നമ്മുടെ ശ്രദ്ധ പലപ്പോഴും കുറയുന്നുണ്ട്. ഇന്ന് അന്താരാഷ്ട്ര രക്തസമ്മര്‍ദ്ദ ദിനമാണ്. മൂന്നിലൊരാള്‍ എന്ന കണക്കിലാണ് മുതിര്‍ന്നവരില്‍ ഇന്ന്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം റിപ്പോര്‍ട്ട് ചെയ്യുന്നത്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്. 

രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നു. മദ്യം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്റെ ഉപയോഗം ,അമിതവണ്ണം, പുകവലി,  എന്നിവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്. 

ആരോഗ്യവാനായ ഒരാളിൽ രക്തസമ്മർദ്ദം 120/80 മി.മീറ്റർ മെർക്കുറി എന്ന് സൂചിപ്പിക്കുന്നു. ഇതിൽ 120 മി.മീറ്റർ മെർക്കുറി എന്നത് സിസ്റ്റോളിക് രക്തസമ്മർദ്ദത്തേയും 80 മി.മീറ്റർ മെർക്കുറി എന്നത് ഡയസ്റ്റോളിക് രക്തസമ്മർദ്ദത്തേയും സൂചിപ്പിക്കുന്നു. രക്തസമ്മർദ്ദം 140/ 90 നുമുകളിലായാൽ അത് ഉയർന്ന രക്തസമ്മർദ്ദം അഥവാ  ഹൈപ്പർടെൻഷൻ എന്നറിയപ്പെടുന്നു. 

പലപ്പോഴും നിത്യജീവിതത്തില്‍ നമ്മള്‍ ചെയ്തുപോകുന്ന സാധാരണ കാര്യങ്ങളൊക്കെ തന്നെയാകാം രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നത്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്...

ഒന്ന്...

ഉപ്പ് അമിതമായാൽ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാവുക. രക്തസമ്മർദ്ദമുള്ളവർ ഉപ്പ് അധികം കഴിക്കരുതെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഉപ്പിന്റെ ഉപയോഗം ദിനംപ്രതി ആറ് ഗ്രാമിൽ താഴെ ആയിരിക്കുവാൻ ശ്രദ്ധിക്കുക.

രണ്ട്...

 മദ്യപിക്കുമ്പോൾ രക്തസമ്മർദ്ദം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ മദ്യപാനത്തിലും നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിക്കുക. 

മൂന്ന്...

ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്.

നാല്...

പുകവലിക്കുന്നതിലൂടെ രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതമായുള്ള പുകവലി ഹൃദയസംബന്ധമായ അസുഖങ്ങൾ, ക്യാൻസർ പോലുള്ള അസുഖങ്ങൾ പിടിപെടുന്നതിനും കാരണമാകുന്നു. 

അഞ്ച്...

'സ്‌ട്രെസ്' ആണ് രക്തസമ്മര്‍ദ്ദം ഉയരാന്‍ ഇടയാക്കുന്ന മറ്റൊരു നിത്യ പ്രശ്‌നം. യോഗ, ധ്യാനം, പ്രാർത്ഥന, വിനോദം, ക്രിയാത്മക ചിന്ത തുടങ്ങിയ വഴികളിലൂടെ ടെൻഷൻ ഒഴിവാക്കുക.

ആറ്...

എണ്ണയിൽ വറുത്ത വസ്തുക്കൾ, ഡ്രൈ മീറ്റ്, ബേക്കറി സാധനങ്ങൾ, മായം കലർന്ന വസ്തുക്കൾ, അച്ചാറുകൾ തുടങ്ങിയവ ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും കൂടുതലുള്ള ആഹാരം ശീലമാക്കുക.

Also Read: രക്തസമ്മര്‍ദ്ദം ഉയരുന്നതിന് പിന്നിലെ ആരും ശ്രദ്ധിക്കാത്ത കാരണം...

click me!