
ദിവസവും നെല്ലിക്ക കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ നെല്ലിക്ക പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ആന്റി- ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള നെല്ലിക്ക വിവിധ രോഗങ്ങൾ തടയുന്നതിനും സഹായകമാണ്. ദിവസവും നെല്ലിക്ക ജ്യൂസായി കഴിക്കുന്നതും മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.
വിറ്റാമിൻ സിയും ഫൈബറും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ബംഗളുരുവിലെ മദർഹുഡ് ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ് ഡയറ്റീഷ്യനും ന്യൂട്രീഷനിസ്റ്റുമായ ദിവ്യ ഗോപാൽ പറയുന്നു.
നെലിക്കയിൽ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാനും വിട്ടുമാറാത്ത ആരോഗ്യ അവസ്ഥകളുടെ ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കും. നെല്ലിക്ക പതിവായി കഴിക്കുന്നത് സന്ധി വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നതായി ദിവ്യ ഗോപാൽ പറഞ്ഞു.
പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുക ചെയ്യുന്നതിലൂടെ ദഹനത്തെ സഹായിക്കുന്നതിനും നെല്ലിക്ക ജ്യൂസ് മികച്ചതാണ്. ദഹനക്കേട്, അസിഡിറ്റി, മലബന്ധം തുടങ്ങിയ ദഹന പ്രശ്നങ്ങൾ തടയാനും നെല്ലിക്ക സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാനും നെല്ലിക്ക ജ്യൂസ് സഹായിക്കും.
കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും നെല്ലിക്ക പ്രധാന പങ്കാണ് വഹിക്കുന്നത്. ഉയർന്ന നാരുകളും പോളിഫെനോൾ പോലുള്ള ആന്റിഓക്‌സിഡന്റുകളും ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കൊളസ്ട്രോൾ കൂട്ടുന്നതിന് സഹായിക്കുന്നു.
നെല്ലിക്ക ജ്യൂസിലെ വിറ്റാമിൻ സി ഉള്ളടക്കം കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും അൾട്രാവയലറ്റ് രശ്മികളിൽ നിന്നുള്ള ചർമ്മത്തിന് കേടുപാടുകൾ വരുത്താതെയും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് ആരോഗ്യകരവും കൂടുതൽ തിളക്കമുള്ളതുമായ ചർമ്മത്തിന് സഹായിക്കുന്നു. നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് മുടികൊഴിച്ചിൽ കുറയ്ക്കുകയും മുടിയെ കൂടുതൽ കരുത്തുള്ളതാക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.
നെല്ലിക്ക ജ്യൂസ് പതിവായി കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രായവുമായി ബന്ധപ്പെട്ട മാക്യുലാർ ഡീജനറേഷൻ, തിമിരം എന്നിവയുടെ അപകടസാധ്യത കുറയ്ക്കുന്നതിനും സഹായകമാണ്.
മഴക്കാലമാണ്, രോഗങ്ങളെ അകറ്റിനിർത്താം ; ശ്രദ്ധിക്കാം 5 കാര്യങ്ങൾ