
ഉയർന്ന രക്തസമ്മർദ്ദം (High Blood pressure) ഇന്ന് പലരേയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ്. രക്തക്കുഴലുകളിലെ മർദ്ദം വളരെ കൂടുതലായിരിക്കുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണിത്. ഹൈപ്പർടെൻഷൻ അല്ലെങ്കിൽ രക്തസമ്മർദ്ദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്.
രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിൻറെ ഉപയോഗം, അമിതവണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാം. നിരന്തരമായ ഉയർന്ന രക്തസമ്മർദ്ദം ഹൃദയത്തിന് ഗുരുതരമായ കേടുപാടുകൾക്ക് കാരണമാകും.
കഠിനമായ തലവേദന, സ്ഥിരമായ നെഞ്ചുവേദന, കടുത്ത ക്ഷീണവും തലകറക്കവും, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി,
മങ്ങിയ കാഴ്ച, ഉത്കണ്ഠ എന്നിവയെല്ലാം ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങളാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഭക്ഷണരീതിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും നിത്യജീവിതത്തിൽ നമ്മൾ ചെയ്തുപോകുന്ന സാധാരണ കാര്യങ്ങളൊക്കെ തന്നെയാകാം രക്തസമ്മർദ്ദത്തിന് കാരണമാകുന്നത്.
ബീറ്റ്റൂട്ട് (Beetroot) രക്തസമ്മർദ്ദം നിയന്ത്രിക്കുമോ?
ബീറ്റ്റൂട്ട് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായകമാണ്. കടും ചുവപ്പ് പച്ചക്കറികളിൽ (NO3) ഡയറ്ററി നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം മെച്ചപ്പെടുത്തി രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ഹൈപ്പർടെൻഷനുള്ള സൂപ്പർഫുഡ് എന്നും ബീറ്റ്റൂട്ട് അറിയപ്പെടുന്നു.
പഠനമനുസരിച്ച്, ഭക്ഷണത്തിലെ നൈട്രേറ്റ് ശരീരത്തിലെത്തുമ്പോൾ സജീവമായ നൈട്രൈറ്റും (NO2), നൈട്രിക് ഓക്സൈഡും (NO) ആയി മാറുന്നു. ഉയർന്ന ബിപി നിയന്ത്രിക്കാൻ നൈട്രിക് ഓക്സൈഡ് എങ്ങനെ സഹായിക്കുന്നു? ഉയർന്ന രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്ന രക്തക്കുഴലുകൾക്ക് വിശ്രമം നൽകുന്നതിൽ നൈട്രിക് ഓക്സൈഡ് ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ദിവസവും 250 മില്ലി ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കാൻ വിദഗ്ധർ പറയുന്നു.
ലണ്ടനിലെ ക്യൂൻ മേരി യൂണിവേഴ്‌സിറ്റിയിലെ ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന്റെ (ബിഎച്ച്എഫ്) പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ ആരോഗ്യവും ദൈനംദിന ശീലങ്ങളും കൃത്യമായി ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. പ്രമേഹവും അതിന്റെ ലക്ഷണങ്ങളും നിയന്ത്രിക്കുക, വ്യായാമം ശീലമാക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, അമിതഭാരം ഒഴിവാക്കുക, പതിവായി വ്യായാമം ചെയ്യുക, പുകവലി ഉപേക്ഷിക്കുക എന്നിവയെല്ലാം ബിപി നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
Read more ചായയോ കാപ്പിയോ, ഏതാണ് ആരോഗ്യകരം?