
കൊവിഡ് ഭേദമായ രോഗികളിൽ കണ്ടുവരുന്ന ഒന്നാണ് മുടി കൊഴിച്ചില്‍. കൊവിഡ് വന്ന് ഒരു മാസത്തിനുള്ളില്‍ ആറു മാസം വരെ ഈ മുടി കൊഴിച്ചില്‍ നീണ്ടു നില്‍ക്കാം. ശരീരത്തിലേയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ മുടിയുടെ ആരോഗ്യത്തിനും പ്രധാനമാണ്. പ്രതിരോധ ശേഷി കുറയുമ്പോള്‍ ഈ പോഷകങ്ങള്‍ ശരീരത്തിലേയ്ക്കും മുടിയിലേയ്ക്കും എത്തുന്നത് സ്വാഭാവികമായി കുറയുന്നതാണ് പ്രധാനപ്പെട്ട കാരണം.
പോഷകാഹാരത്തിലൂടെയും, ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളിലൂടെയും മുടികൊഴിച്ചിൽ അകറ്റാം. വൈറ്റമിന്‍ ഡി, വൈറ്റമിന്‍ സി, അയേണ്‍ എന്നിവയടങ്ങിയ ഭക്ഷണങ്ങളിലൂടെയും , ധാരാളം വെള്ളം കുടിക്കുന്നതിലൂടെയും നമുക്ക് ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാം.
കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചതിനുശേഷം നിരവധി പേർ മുടികൊഴിച്ചിൽ അനുഭവിച്ച് വരുന്നു. സമ്മർദ്ദവും പ്രതിരോധശേഷി ദുർബലമാകുന്നതുമാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് പിന്നിലെ ചില പ്രധാന കാരണങ്ങളെന്ന് ന്യൂട്രീഷ്യനിസ്റ്റ് മുൻമുൻ ഗനേരിവാൾ പറഞ്ഞു. മുടികൊഴിച്ചിൽ കുറയ്ക്കാൻ നിർബന്ധമായും കഴിക്കേണ്ട മൂന്ന് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...
ഉണക്കമുന്തിരി...
മുടിയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന നിരവധി അവശ്യ പോഷകങ്ങൾ ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ഉണക്കമുന്തിരിയിലെ വിറ്റാമിൻ സി മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് ശരീരത്തിലെ എല്ലുകളെ ശക്തിപ്പെടുത്തുന്നു. കാരണം എല്ലുകൾ ശക്തമായി നിലനിർത്താൻ കാൽസ്യം ആവശ്യമാണ്. 100 ഗ്രാം ഉണക്കമുന്തിരിയിൽ 50 മില്ലിഗ്രാം കാൽസ്യം ഉണ്ടെന്നാണ്. ഇത് നിങ്ങളുടെ ശരീര അസ്ഥികളെ ശക്തമാക്കും.
നെല്ലിക്ക...
ആന്റിഫംഗൽ, ആന്റി വൈറൽ ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. മാത്രമല്ല നെല്ലിക്ക താരനും മറ്റ് ഫംഗസ് ബാധകളും തടയുകയും തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നെല്ലിക്കയിലെ വൈറ്റമിന്‍ സി ശരീരത്തിലെ ആന്റിഓക്‌സിഡന്റുകൾ വർദ്ധിപ്പിക്കുന്നു. ഇത് അകാല നര തടയുകയും രക്തം ശുദ്ധീകരിക്കുകയും മുടിയുടെ സ്വാഭാവിക നിറം വർദ്ധിപ്പിക്കുകയും ചെയ്യും.
കറിവേപ്പില...
കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടി വളർച്ചയ്ക്ക് കാരണമാകുന്നു. ഇവയിൽ ആന്റിഓക്‌സിഡന്റുകളും പ്രോട്ടീനുകളും ധാരാളമുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾ മുടിയുടെ ആരോഗ്യവും കരുത്തും നിലനിർത്തുകയും ചെയ്യുന്നു.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം...