വയറിനെ പ്രശ്നത്തിലാക്കുന്ന മൂന്ന് കാര്യങ്ങള്‍ തിരിച്ചറിയൂ...

Published : Aug 22, 2022, 01:03 PM IST
വയറിനെ പ്രശ്നത്തിലാക്കുന്ന മൂന്ന് കാര്യങ്ങള്‍ തിരിച്ചറിയൂ...

Synopsis

എപ്പോഴും ഗ്യാസ്ട്രബിള്‍, വയര്‍ വീര്‍ത്തുകെട്ടല്‍, ഏമ്പക്കം, മലബന്ധം എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ട് നേരിട്ട് കാണാവുന്ന ലക്ഷണങ്ങളാണ്. ഇവയെല്ലാം പതിവായി കാണുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കണ്ട് വേണ്ട നിര്‍ദേശങ്ങള്‍ തേടേണ്ടതാണ്. 

വയറിന്‍റെ ആരോഗ്യം നല്ലതായി ഇരുന്നാല്‍ തന്നെ ആകെ ആരോഗ്യം നല്ലതായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയാറ്. അത്രമാത്രം പ്രധാനമാണ് വയറിന്‍റെ ആരോഗ്യം. എന്നാല്‍ പലര്‍ക്കും ഇത് കൃത്യമായി സൂക്ഷിച്ചുകൊണ്ടുപോകാൻ സാധിക്കാറില്ല എന്നതാണ് സത്യം. ജീവിതരീതികളിലെ പോരായ്മകള്‍ തന്നെയാണ് പ്രധാന കാരണം.

സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കുന്നതും ആരോഗ്യകരമായ ഭക്ഷണം കഴിക്കാതിരിക്കുന്നതും അടക്കമുള്ള ഡയറ്റ് പ്രശ്നങ്ങള്‍, ഉറക്കമില്ലായ്മ, വ്യായാമമില്ലായ്മ എന്നീ മൂന്ന് കാര്യങ്ങളാണ് വയറിനെ കാര്യമായും ബാധിക്കുക. കാര്യമായെന്ന് പറഞ്ഞാല്‍ പിന്നീട് തിരിച്ചെടുക്കാൻ ഏറെ ബുദ്ധിമുട്ട് നേരിടുന്ന അത്രയും തീവ്രമായിത്തന്നെ വയറിന്‍റെ ആരോഗ്യം അവതാളത്തിലാകാൻ ഈ മൂന്ന് കാര്യങ്ങള്‍ മതി. 

ഇത്തരത്തില്‍ വയറ് ബാധിക്കപ്പെട്ടാല്‍ അതെങ്ങനെ തിരിച്ചറിയാൻ സാധിക്കും? ചില ലക്ഷണങ്ങളിലൂടെ തന്നെ ഇത് സാധ്യമാണ്. 

എപ്പോഴും ഗ്യാസ്ട്രബിള്‍, വയര്‍ വീര്‍ത്തുകെട്ടല്‍, ഏമ്പക്കം, മലബന്ധം എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ട് നേരിട്ട് കാണാവുന്ന ലക്ഷണങ്ങളാണ്. ഇവയെല്ലാം പതിവായി കാണുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കണ്ട് വേണ്ട നിര്‍ദേശങ്ങള്‍ തേടേണ്ടതാണ്. 

വയറിന്‍റെ ധര്‍മ്മം വെറും ഭക്ഷണം ദഹിപ്പിക്കല്‍ മാത്രമാണെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ അങ്ങനെയല്ല. നമ്മുടെ മാനസികാവസ്ഥ എങ്ങനെയിരിക്കണമെന്നത് നിര്‍ണയിക്കുന്നതില്‍ വരെ വയറിന്‍റെ ആരോഗ്യത്തിന് പങ്കുണ്ട്. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ സമൂഹം നമ്മുടെ സന്തോഷത്തെയും സമാധാനത്തെയുമെല്ലാം സ്വാധീനിക്കുന്നുണ്ട്.

അതുകൊണ്ട് തന്നെ വയര്‍ ബാധിക്കപ്പെട്ടാല്‍ ഇതിനോട് അനുബന്ധമായി സ്ട്രെസ്, ഉത്കണ്ഠ, വിഷാദം എന്നിവയും അനുഭവപ്പെടാം. ഇവയ്ക്ക് പുറമെ സ്കിൻ പ്രശ്നങ്ങള്‍, പ്രതിരോധ ശേഷി കുറയല്‍ എന്നീ പ്രശ്നങ്ങളും വയറിന്‍റെ ആരോഗ്യം അവതാളത്തിലാകുന്നതിന്‍റെ ഭാഗമായി കാണാം. 

പച്ചക്കറികളും പഴങ്ങളും അടക്കം 'ബാലൻസ്ഡ്' ആയി ഭക്ഷണം കഴിക്കുന്നതിലൂടെയും ദിവസവും 8 മണിക്കൂറെങ്കിലും ആഴത്തിലും തുടര്‍ച്ചയായും ഉറങ്ങുന്നതിലൂടെയും കായികമായ കാര്യങ്ങളില്‍ മുഴുകുന്നതിലൂടെയും വലിയൊരു ശതമാനം വരെ വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താം. അല്ലാത്ത പക്ഷം പല രോഗങ്ങളിലേക്കും ക്രമേണ ഇത് നിങ്ങളെ നയിക്കാം.

Also Read:- നിങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്ന 'ഡിപ്രഷൻ' ലക്ഷണങ്ങള്‍...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ