12 മണിക്കൂറിനുള്ളിൽ മൂന്ന് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ചരിത്രം കുറിച്ച് നാരായണ ഹെൽത്ത്

Published : Sep 11, 2025, 01:11 PM IST
heart transplant operation

Synopsis

ഡോ. ദേവി ഷെട്ടി സ്ഥാപിച്ചതും ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ നാരായണ ഹെൽത്ത്, ആഗോള ആരോഗ്യ സംരക്ഷണ രംഗത്ത് ഒരു മുൻനിര സാന്നിധ്യമാണ്.

ബെംഗളൂരു: രാജ്യത്ത് ആദ്യമായി, വെറും 12 മണിക്കൂറിനുള്ളിൽ ഒരു ആശുപത്രിയിൽ മൂന്ന് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂര്‍ത്തിയാക്കി. ബെംഗളൂരുവിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായ നാരായണ ഹെൽത്താണ് ചരിത്രം കുറിച്ചത്. നാരായണ ഹെൽത്ത് സിറ്റിയിലെ കാർഡിയാക് ടീമിന്റെ മികവ് കൊണ്ട് മൂന്ന് ജീവനുകളാണ് രക്ഷപ്പെട്ടത്.

30 വയസ്സ് കഴിഞ്ഞ പുരുഷന്മാരായ ഇവർ ഒരു വർഷത്തിലേറെയായി അനുയോജ്യരായ ഹൃദയ ദാതാക്കളെ കാത്തിരിക്കുകയായിരുന്നു. ശ്വാസകോശത്തിലെ മർദ്ദം വർദ്ധിക്കുന്നത് മൂലം അവയവം മാറ്റിവയ്ക്കല്‍ സങ്കീര്‍ണമായ ഘട്ടത്തിലെത്തിയിരിക്കുകയായിരുന്നു ഇവർ. നാരായണ ഹെൽത്തിന്റെ ഹൃദയസ്തംഭന, ട്രാൻസ്പ്ലാൻറ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഇവര്‍ക്ക് പുതുജീവന്‍ ലഭിച്ചത്.

യെലഹങ്കയിലെ സ്പർഷ് ആശുപത്രി, ഹെബ്ബാളിലെ ആസ്റ്റർ സിഎംഐ ആശുപത്രി, ഓൾഡ് എയർപോർട്ട് റോഡിലെ മണിപ്പാൽ ആശുപത്രി എന്നിവിടങ്ങളിൽ നിന്ന് എത്തിച്ച ഹൃദയങ്ങളാണ് നാരായണ ഹെൽത്തിന് കീഴിലുള്ള ഫ്ലാഗ്ഷിപ്പ് നാരായണ ഹെൽത്ത് സിറ്റി ആശുപത്രിയില്‍ വച്ച് 12 മണിക്കൂറിനിടെ മൂന്ന് രോഗികളില്‍ ഘടിപ്പിച്ചത്. ഹൃദയസ്തംഭന കാർഡിയോളജിസ്റ്റുകൾ, ട്രാൻസ്പ്ലാൻറ് സർജന്മാർ, അനസ്തേഷ്യോളജിസ്റ്റുകൾ, പെർഫ്യൂഷനിസ്റ്റുകൾ, ട്രാൻസ്പ്ലാൻറ് കോർഡിനേറ്റർമാർ, ക്രിട്ടിക്കൽ-കെയർ സ്പെഷ്യലിസ്റ്റുകൾ എന്നിവരുടെ ഒരു മൾട്ടി ഡിസിപ്ലിനറി ടീം ഒരേസമയം നടത്തിയ ശ്രമം ഫലം കാണുകയായിരുന്നു.

“ഈ നാഴികക്കല്ല് ഞങ്ങളുടെ ട്രാൻസ്പ്ലാൻറ് ടീമിന്റെ മെഡിക്കൽ മികവിനെ മാത്രമല്ല, പൊതുജന പിന്തുണയുടെയും സമയബന്ധിതമായ ഏകോപനത്തിന്റെയും ദാതാക്കളുടെ കുടുംബങ്ങളുടെ തീരുമാനത്തിന്റെയും നിർണായക പങ്ക് അടിവരയിടുന്നു. 12 മണിക്കൂറിനുള്ളിൽ നടന്ന ഈ മൂന്ന് ട്രാൻസ്പ്ലാൻറുകൾ ജീവൻ രക്ഷിക്കുന്നതിൽ അവയവദാനത്തിന്റെ പ്രാധാന്യം വീണ്ടും ഉറപ്പിക്കുന്നു”- നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയാക് സയൻസസിലെ (നാരായണ ഹെൽത്ത്) സീനിയർ കൺസൾട്ടന്റ് കാർഡിയാക് സർജൻ ഡോ. വരുൺ ഷെട്ടി പറഞ്ഞു. ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയകൾ വിജയകരമായിരുന്നുവെന്നും, മൂന്ന് രോഗികളും ട്രാൻസ്പ്ലാൻറിനോട് പോസിറ്റീവായി പ്രതികരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവങ്ങൾ ദാനം ചെയ്യാൻ ധീരമായ തീരുമാനം എടുത്ത മൂന്ന് ദാതാക്കളുടെ ഉദാരമനസ്കതയാണ് ജീവൻ രക്ഷിക്കാനുള്ള നടപടിക്രമങ്ങൾ സാധ്യമാക്കിയത്. അവരുടെ നിസ്വാർത്ഥമായ പ്രവൃത്തി മൂന്ന് കുടുംബങ്ങൾക്ക് വീണ്ടും ജീവിക്കാനുള്ള അവസരം നൽകി, അവയവദാനത്തിന്റെ സ്വാധീനത്തെക്കുറിച്ചുള്ള ശക്തമായ ഓർമ്മപ്പെടുത്തലായി ഇതിനെ കാണാം.

 

 

PREV
Read more Articles on
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം