കൊവിഡ് ഭീഷണി തീര്‍ന്നില്ല; യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട മൂന്നേ മൂന്ന് കാര്യങ്ങള്‍...

By Web TeamFirst Published Nov 17, 2020, 3:07 PM IST
Highlights

'നിങ്ങള്‍ യാത്ര ചെയ്യുന്നത് ട്രെയിനിലോ ബസിലോ ആകട്ടെ, വെന്റിലേഷനുകള്‍ നിര്‍ബന്ധമായും തുറന്നിടുക. മാസ്‌ക്, അല്‍പനേരത്തേക്കാണെങ്കിലും മുഖത്തുനിന്ന് മാറ്റരുത്. പനി, ചുമ, ജലദോഷം മുതലായ പ്രശ്‌നങ്ങള്‍ കാണുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും യാത്ര ഒഴിവാക്കുക...'

കൊവിഡ് 19 മഹാമാരിയോടുള്ള പോരാട്ടത്തില്‍ തന്നെയാണ് നമ്മളിപ്പോഴും. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കപ്പെട്ടതും, ജോലിയുള്‍പ്പെടെയുള്ള ദൈനംദിന പ്രവര്‍ത്തികളിലേക്ക് തിരിച്ചുപോകേണ്ടി വരുന്ന സാഹചര്യമുണ്ടായതിനാലും കൊവിഡിന്റെ ആദ്യകാലങ്ങളില്‍ നിന്ന് വിരുദ്ധമായി ഇപ്പോള്‍ ധാരാളം പേര്‍ വീടിന് പുറത്തിറങ്ങുകയും യാത്ര ചെയ്യുകയുമെല്ലാം ചെയ്യുന്നുണ്ട്. 

എന്നാല്‍ ഈ സന്ദര്‍ഭങ്ങളിലൊന്നും കൊവിഡിനെ നിസാരവത്കരിക്കുന്ന മനോഭാവം അരുത്. കാരണം, കൊവിഡ് ഭീഷണി ഇനിയും അടങ്ങിയിട്ടില്ല. അതിനാല്‍ പുറത്തുപോകുമ്പോള്‍, അല്ലെങ്കില്‍ യാത്ര ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചേ മതിയാകൂ. ഈ വിഷയത്തെ കുറിച്ച് നമ്മെ വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് ലോകാരോഗ്യ സംഘടന- ചീഫ് സൈന്റിസ്റ്റായ ഡോ. സൗമ്യ സ്വാമിനാഥന്‍. 

ശ്രദ്ധിക്കേണ്ടത് മൂന്നേ മൂന്ന് കാര്യങ്ങള്‍...

കൊവിഡ് കാലത്തെ യാത്രയില്‍ ആകെ ശ്രദ്ധിക്കേണ്ടത് മൂന്നേ മൂന്ന് കാര്യങ്ങളാണെന്ന് ഡോ. സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കുന്നു. ഈ മൂന്ന് കാര്യങ്ങളും ഏവര്‍ക്കും അറിയാവുന്നതുമാണ്. സാമൂഹികാകലം, കൈകള്‍ വൃത്തിയായി സൂക്ഷിക്കുക, മാസ്‌ക് ധരിക്കുക- ഇത്രയുമാണ് കരുതലെടുക്കേണ്ട മൂന്ന് കാര്യങ്ങള്‍. 

 

 

'സാമൂഹികാകലത്തിന് പ്രാധാന്യം കൊടുത്തേ മതിയാകൂ. ഒരാള്‍ മറ്റൊരാളില്‍ നിന്ന് കുറഞ്ഞത് ഒരു മീറ്റര്‍ അകലമെങ്കിലും പാലിച്ചേ പറ്റൂ. ഈ അകലം എത്രയും കൂട്ടാം, അത്രയും നല്ലത്. മാസ്‌ക് ശരിയായി ധരിക്കുന്ന കാര്യത്തിലും ശ്രദ്ധ ചെലുത്തണം. അതുപോലെ തന്നെ യാത്രയിലാണെന്ന് വച്ച് കൈകളുടെ ശുചിത്വത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്, എപ്പോഴും ഒരു ആല്‍ക്കഹോള്‍- ബേസ്ഡ്- ഡിസ് ഇന്‍ഫെക്ടന്റ് ബോട്ടില്‍ കൂടെ കരുതുക...'- ഡോ. സൗമ്യ സ്വാമിനാഥന്‍ പറയുന്നു. 

യാത്ര ചെയ്യുന്നതോ, അതല്ലെങ്കില്‍ യാത്രാ സംബന്ധമായി കഴിയുന്നതോ ആയ സ്ഥലങ്ങളില്‍ വെന്റിലേഷന്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കഴിയുന്നതും അടഞ്ഞ ഇടങ്ങളില്‍ മറ്റുള്ളവര്‍ക്കൊപ്പം സമയം ചിലവിടാതിരിക്കണമെന്നും ഡോ. സൗമ്യ ഓര്‍മ്മിപ്പിക്കുന്നു. 

'നിങ്ങള്‍ യാത്ര ചെയ്യുന്നത് ട്രെയിനിലോ ബസിലോ ആകട്ടെ, വെന്റിലേഷനുകള്‍ നിര്‍ബന്ധമായും തുറന്നിടുക. മാസ്‌ക്, അല്‍പനേരത്തേക്കാണെങ്കിലും മുഖത്തുനിന്ന് മാറ്റരുത്. പനി, ചുമ, ജലദോഷം മുതലായ പ്രശ്‌നങ്ങള്‍ കാണുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും യാത്ര ഒഴിവാക്കുക. അതുപോലെ നിങ്ങള്‍ യാത്ര ചെയ്‌തെത്തുന്ന സ്ഥലത്ത് പ്രായമായവരോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഉള്ളവരുണ്ടെങ്കില്‍ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയായ ശേഷം മാത്രം അവരുമായി സമ്പര്‍ക്കം പുലര്‍ത്തുക...'- ഡോ. സൗമ്യ പറയുന്നു. 

 


 

ചിലര്‍ പ്രത്യേകം കരുതലെടുക്കുക...

കൊവിഡ് കാലത്തെ യാത്രയില്‍ ചിലര്‍ പ്രത്യേകം കരുതലെടുക്കേണ്ടതുണ്ട്. രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, പ്രായമായവര്‍, രക്തസമ്മര്‍ദ്ദം- പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങളുള്ളവര്‍, ഹൃദ്രോഗമുള്ളവര്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍ എന്നിവരെല്ലാം ഇക്കൂട്ടത്തില്‍ പെടുന്നു. 

കഴിവതും ഈ വിഭാഗത്തില്‍ പെടുന്നവര്‍ യാത്ര ഒഴിവാക്കുന്നതാണ് ഉചിതം. ഇനി, നിര്‍ബന്ധിതമായ യാത്രയാണെങ്കില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തിക്കൊണ്ടായിരിക്കണം പോകേണ്ടത്.

Also Read:- 'വാക്‌സിനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സ്വാഗതം ചെയ്യുന്നു, പക്ഷേ ആഹ്ലാദിക്കാനുള്ള സമയമായിട്ടില്ല'...

click me!