
മനുഷ്യശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന അവയവങ്ങളില്‍ ഒന്നാണ് ശ്വാസകോശം. ഉള്ളിലേയ്ക്ക് എടുക്കുന്ന ശ്വാസത്തില്‍ നിന്ന് ഓക്സിജനെ വേര്‍തിരിച്ച് രക്തത്തില്‍ കലര്‍ത്തി വിടുന്നതും കാര്‍ബണ്‍ ഡൈഓക്സൈഡിനെ പുറന്തള്ളുന്നതും ശ്വാസകോശത്തിന്‍റെ മുഖ്യ ജോലിയാണ്. ശ്വാസകോശത്തിന് ബാധിക്കുന്ന പല തരത്തിലുള്ള രോഗങ്ങള്‍ ഈ പ്രക്രിയയെ തടസപ്പെടുത്തുകയും മരണത്തിനു വരെ കാരണമാവുകയും ചെയ്യും.
പലപ്പോഴും ചിട്ടയില്ലാത്ത ജീവിതശൈലിയാണ് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് കാരണം. പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ തന്നെ ഒരു പരിധി വരെ ശ്വാസകോശത്തെ സംരക്ഷിക്കാന്‍ കഴിയും. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ശ്വാസം വിടുമ്പോള്‍ വേദനയും ബുദ്ധിമുട്ടും, നിരന്തരമായ ചുമ, ചുമയ്ക്കുമ്പോൾ രക്തം വരുക, നിരന്തരം നെഞ്ചു വേദന, കഫം കെട്ടല്‍ തുടങ്ങിയവയെല്ലാം ശ്വാസകോശം സംബന്ധമായ രോഗങ്ങളെ സൂചിപ്പിക്കുന്നു.
മഴക്കാലത്ത് പൊതുവേ തുമ്മലും ചുമയും ഒക്കെ പലര്‍ക്കും ഉണ്ടാകാറുണ്ട്. ആസ്ത്മ പോലെയുള്ള ശ്വസനപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഏറേയാണ്. തണുത്ത കാലവസ്ഥയിലാണ് ശ്വാസകോശത്തിന്‍റെ ആരോഗ്യം കൂടുതലായി ശ്രദ്ധിക്കേണ്ടത്. ശ്വസനപ്രശ്നങ്ങളെ തടയാനും ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം...
ഒന്ന്...
ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കാം. ഇതിനായി ധാരാളം ആന്‍റി ഓക്‌സിഡന്റുകളടങ്ങിയ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഡയറ്റിലുള്‍പ്പെടുത്തുക. ഇത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
രണ്ട്...
ചെറുചൂടുവെള്ളം ധാരാളമായി കുടിക്കാം. ശരീരത്തിലെ മറ്റ് ഭാഗങ്ങൾക്കെന്ന പോലെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. ഇത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.
മൂന്ന്...
തുമ്മല്‍, ജലദോഷം, ചുമ എന്നിവയുണ്ടെങ്കില്‍ തുടക്കത്തില്‍ തന്നെ ചികിത്സ തേടുക.
നാല്...
മഴക്കാലത്ത് ആവി പിടിക്കുന്നത് നല്ലതാണ്. ഇത് കഫം പുറന്തള്ളാൻ സഹായിക്കും. പതിവായി ആവി പിടിക്കുന്നതോടൊപ്പം ഉപ്പുവെള്ളം വായില്‍ കൊള്ളുന്നതും നല്ലതാണ്.
അഞ്ച്...
പുകവലി പൂര്‍ണ്ണമായും ഒഴിവാക്കുക. പുകവലി നിര്‍ത്തുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറേ ഗുണം ചെയ്യും. പ്രത്യേകിച്ച് തണുപ്പു സമയത്ത് ചുമയോ മറ്റുമോ ഉണ്ടെങ്കില്‍, പുകവലി ഉപേക്ഷിക്കുന്നതാണ് നല്ലത്.
ആറ്...
ദിവസവും വ്യായാമം ചെയ്യാം. യോഗ, ധ്യാനം തുടങ്ങിയവയും ശീലമാക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ലങ് കപ്പാസിറ്റി കൂട്ടാൻ ഏറ്റവും മികച്ച മാർഗമാണ് ശ്വസനവ്യായാമങ്ങൾ. ഒപ്പം കാർഡിയോ വ്യായാമങ്ങളും ചെയ്യാം. ഓട്ടം, സൈക്ലിങ്, നീന്തൽ ഇവയെല്ലാം നല്ലതാണ്.
Also read: പതിവായി പയർവർഗങ്ങൾ കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam