
ചുമ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. സാധാരണ രീതിയിൽ ചുമ ഉണ്ടായാൽ മരുന്നൊന്നും കഴിക്കാതെ താനെ മാറുമെന്ന് കരുതി ചൂടുവെള്ളം കുടിച്ചിരിക്കുന്നവരാണ് അധികവും. മൂന്നോ നാലോ ദിവസം കഴിയുമ്പോൾ നിർത്താത്ത ചുമയാകും. മിക്കവരും ചുമ കൂടിയിട്ടാകും ചുമയ്ക്കുള്ള മരുന്ന് കഴിക്കാൻ തുടങ്ങുക.
കാലാവസ്ഥയുടെ മാറ്റം കൊണ്ടോ അല്ലാതെയോ ചുമ ഉണ്ടാകാറുണ്ട്. ചിലർക്ക് മരുന്ന് കഴിച്ചാൽ ചുമ മാറും. എന്നാൽ ചിലർക്ക് മരുന്ന് എത്ര കഴിച്ചാലും ചുമ മാറില്ല. കാരണങ്ങൾ പലതാകാം. ചുമ പ്രധാനമായും രണ്ട് രീതിയിലാണ് ഉണ്ടാവുക. ഒന്നെങ്കിൽ കഫത്തോട് കൂടിയുള്ള ചുമ, രോഗാണുബാധയെ തുടര്‍ന്നാണ് ഉണ്ടാവുക. എന്നാല്‍ വരണ്ട ചുമയ്ക്കാകട്ടെ പല കാരണങ്ങളും ഉണ്ടാകാം.
വരണ്ട ചുമയാണ് ഏറെക്കാലം നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ളതും രോഗികളെ വലയ്ക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. രണ്ട് മാസത്തോളം നീണ്ടുനില്‍ക്കുന്ന ചുമയെയാണ് വിട്ടുമാറാത്ത ചുമയായി കണക്കാക്കേണ്ടതെന്ന് ഡോക്ടർമാർ പറയുന്നു. ചുമ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില എളുപ്പ മാർഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...
ഹണി ടീ...
ചുമ അകറ്റാൻ ഏറ്റവും നല്ലൊരു മരുന്നാണ് തേൻ. ചെറുചൂടുവെള്ളത്തിൽ രണ്ട് ടീസ്പൂൺ തേൻ ചേർത്ത് കുടിക്കുന്നത് കഫക്കെട്ട്, ചുമ എന്നിവ അകറ്റാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഒരു വയസിന് താഴേയുള്ള കുട്ടികൾക്ക് ഒരു കാരണവശാലും തേൻ നൽകരുതെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
ഉപ്പ് വെള്ളം...
ഉപ്പ് വെള്ളം കവിള്‍ക്കൊള്ളുന്നത് ചുമയ്ക്കും കഫക്കെട്ടിനും തൊണ്ട വേദനയ്ക്കും ആശ്വാസമേകും. എട്ട് ഔണ്‍സ് ചൂടുവെള്ളത്തില്‍ അര ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് വേണം കൊള്ളാന്‍.
തുളസിയില...
തുളസിയില ചുമ മാറാന്‍ നല്ല മരുന്നാണ്. ഒരു കപ്പ് വെള്ളത്തില്‍ കുറച്ച് തുളസി ഇലകളും ഒരു കഷ്ണം ഇഞ്ചിയും പൊടിച്ച കുരുമുളകും ചേര്‍ത്ത് തിളപ്പിക്കുക.
പുതിനയില...
ചുമയ്ക്കും കഫക്കെട്ടിനും ഏറ്റവും മികച്ചൊരു മരുന്നാണ് പുതിനയില. പുതിന ചായ കുടിക്കുകയോ ആവി പിടിക്കുകയോ ചെയ്യാം. പുതിനയിലയിലെ മെന്തോൾ ആണ് കഫക്കെട്ടിന് പരിഹാരം നല്‍കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam