
അനുദിനം ചൂട് കൂടിവരുന്ന സാഹചര്യമാണ് നമ്മള്‍ കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇത് സൂര്യഘാത്തതിനുള്ള സാധ്യതകളും വര്‍ധിപ്പിക്കുകയാണ്. തൊഴില്‍മേഖലയിലും പൊതുവിടങ്ങളിലും വീടുകളിലുമെല്ലാം എന്തെല്ലാം കാര്യങ്ങള്‍ കരുതണമെന്ന് ഇതിനോടകം തന്നെ ആരോഗ്യവകുപ്പും, ഡോക്ടര്‍മാരും വിദഗ്ധരുമെല്ലാം നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. എങ്കിലും കുട്ടികളുടെ കാര്യത്തില്‍ ഒരല്‍പം ജാഗ്രത കൂടുതല്‍ കരുതുന്നതാണ് നല്ലത്.
സൂര്യാഘാതമേല്‍ക്കാന്‍ സാധ്യത കൂടുതലുള്ളവരാണ് കുട്ടികള്‍. നേരിട്ട് ദീര്‍ഘസമയം സൂര്യന്റെ ചൂടേല്‍ക്കുന്നവര്‍, പ്രായമായവര്‍, കുട്ടികള്‍, അസുഖമുള്ളവര്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളില്‍ പെടുന്നവരിലാണ് പെട്ടെന്ന് സൂര്യാഘാതമേല്‍ക്കുക.
മുതിര്‍ന്നവര്‍ക്ക് പലപ്പോഴും സൂര്യാഘാതത്തെ കുറിച്ചും, അതിന്റെ ലക്ഷണങ്ങളെ കുറിച്ചുമെല്ലാം അവബോധമുണ്ടാകാം. അതുപോലെ തന്നെ എന്തെങ്കിലും ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ വേണ്ടത് ചെയ്യാനുള്ള തിരിച്ചറിവും ഉണ്ടായിരിക്കും. എന്നാല്‍ കുട്ടികള്‍ക്ക് മിക്കപ്പോഴും ഇത്തരം കാര്യങ്ങളെ കുറിച്ചൊന്നും വലിയ രീതിയില്‍ അവബോധമുണ്ടായിരിക്കില്ല. മുതിര്‍ന്നവര്‍ എത്രതന്നെ ഭയപ്പെടുത്തിയാലും അവരുടെ മനസില്‍ ഇക്കാര്യങ്ങളൊന്നും നിലനില്‍ക്കണമെന്നുമില്ല. അതിനാല്‍ പത്ത് വയസ് വരെയുള്ള കുട്ടികളെ നിര്‍ബന്ധമായും, പതിനഞ്ച് വയസുവരെയുള്ളവരെ അവരുടെ സ്വഭാവങ്ങളെ അടിസ്ഥാനപ്പെടുത്തിയും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
കുട്ടികളെ സുരക്ഷിതരാക്കാം...
1. കുട്ടികളെ സൂര്യാഘാതത്തില്‍ നിന്ന് സുരക്ഷിതരാക്കാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് അവര്‍ കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തിക്കൊണ്ടാകണം. സ്‌കൂളിലേക്ക് അയക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കാന്‍ അധ്യാപകരോടോ, മറ്റ് ജീവനക്കാരോടോ പറയാം. അല്‍പം മുതിര്‍ന്ന കുട്ടികളാണെങ്കില്‍ അവരോട് തന്നെ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കാന്‍ പറയണം. രണ്ടോ അതിലധികമോ കുപ്പികളില്‍ വെള്ളം കൊടുത്തുവിടുകയും ചെയ്യാം.
2. കുട്ടികളാകുമ്പോള്‍ എന്ത് തടസ്സങ്ങള്‍ പറഞ്ഞാലും അവര്‍ക്ക് കളിക്കാതിരിക്കാന്‍ പോകാനാവില്ല. പ്രത്യേകിച്ച് ആണ്‍കുട്ടികള്‍ക്ക്. എന്നാല്‍ രാവിലെ 10നും വൈകീട്ട് നാലിനും ഇടയ്ക്കുള്ള വെയിലില്‍ നിന്ന് അവരെ നിര്‍ബന്ധമായും മാറ്റിനിര്‍ത്തിയേ പറ്റൂ. സ്‌കൂളിലാകുമ്പോഴും ആ സമയങ്ങളില്‍ കുട്ടി ഗ്രൗണ്ടില്‍ പോയി കളിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. പരമാവധി ഇതിന്റെ ഗൗരവം കുട്ടികളെ പറഞ്ഞുമനസിലാക്കാനും കൂട്ടത്തില്‍ ശ്രമിക്കാം.
3. അതുപോലെ തന്നെ സ്‌കൂളില്‍ പോകുന്ന കുട്ടികളാണെങ്കില്‍ അവര്‍ പകല്‍ മുഴുവന്‍ ചിലവഴിക്കുന്ന ക്ലാസ് മുറികള്‍ ചൂടിനെ പ്രതിരോധിക്കാന്‍ കഴിവുള്ളതാണോ, കാറ്റോട്ടമുള്ള സ്ഥലങ്ങളിലാണോ അവരിരിക്കുന്നത്- തുടങ്ങിയ കാര്യങ്ങള്‍ മാതാപിതാക്കള്‍ ഉറപ്പുവരുത്തണം. പെണ്‍കുട്ടികളാണെങ്കില്‍ മൂത്രമൊഴിവാക്കാന്‍ വൃത്തിയുള്ള സാഹചര്യം ഇല്ലാത്തതിനെ തുടര്‍ന്ന് വെള്ളം കുടിക്കുന്നത് പലപ്പോഴും നിയന്ത്രിക്കും ഇതും വലിയ രീതിയില്‍ അപകടസാധ്യത ഉയര്‍ത്തുന്നുണ്ട്.
4. കുട്ടികള്‍ ധരിക്കുന്ന വസ്ത്രങ്ങളുടെ കാര്യത്തിലും അല്‍പം ശ്രദ്ധയാകാം. പ്രധാനമായും സ്‌കൂള്‍ യൂണിഫോമിന്റെ കാര്യത്തിലാണ് ഈ പ്രശ്‌നമുയരുന്നത്. സ്‌കൂള്‍ യൂണിഫോമുകള്‍ മിക്കവാറും കോട്ടണ്‍ തുണിയുപയോഗിച്ച് തയ്ച്ചതായിരിക്കില്ല. ഇത് എളുപ്പത്തില്‍ ചൂട് പിടിച്ചെടുക്കുകയും, ചൂടിനെ പുറത്തേക്ക് വിടാതിരിക്കുകയും ചെയ്യുന്നു. ഇതും സൂര്യാഘാതത്തിനുള്ള സാധ്യതകള്‍ കൂട്ടുന്നു. അയഞ്ഞതും കോട്ടണ്‍ കൊണ്ട് ചെയ്തതുമായ വസ്ത്രങ്ങളാണ് ഈ കൊടുംവേനലില്‍ കുട്ടികള്‍ക്ക് ധരിക്കാന്‍ നല്‍കേണ്ടത്. അതുപോലെ കടും നിറങ്ങളിലുള്ള വസ്ത്രങ്ങളും ഉപയോഗിക്കുന്നത് നന്നല്ല.
5. ചൂട് കൂടി വരുംതോറും ഭക്ഷണക്രമങ്ങളിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടി വരും. കൂടുതലും പഴങ്ങളും പച്ചക്കറികളും കുട്ടികളുടെ ഡയറ്റിലുള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. പഴങ്ങള്‍ അങ്ങനെ തന്നെ കഴിക്കാന്‍ മടിയുള്ള കുഞ്ഞുങ്ങള്‍ക്ക് ഫ്രൂട്ട് സലാഡ് പോലെയോ ഷെയ്ക്ക് പോലെയോ ഒക്കെയാക്കി വ്യത്യസ്തമായ രീതിയില്‍ ഇവ നല്‍കാം. ചൂട് ഉയര്‍ത്തുന്ന ഭക്ഷണവും, ചൂട് കുറയ്ക്കുന്ന ഭക്ഷണവും ഏതെല്ലാമെന്ന് ലിസ്റ്റ് തയ്യാറാക്കിത്തന്നെ കുടുംബത്തിന് ഡയറ്റ് തുടരാം. അധികം മസാലയോ എരുവോ ഒന്നും കൊടിയ ചൂടിന് നന്നല്ല. ഇത്തരം കാര്യങ്ങളും ഒന്ന് മനസ്സില്‍ കരുതുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam