Tomato Fever : കുട്ടികളെ പിടികൂടുന്ന തക്കാളിപ്പനി; ഇത് പേടിക്കേണ്ട രോഗമാണോ?

Published : Jul 31, 2022, 04:14 PM IST
Tomato Fever : കുട്ടികളെ പിടികൂടുന്ന തക്കാളിപ്പനി; ഇത് പേടിക്കേണ്ട രോഗമാണോ?

Synopsis

മഹാഭൂരിപക്ഷം കേസുകളിലും കുട്ടികളെയാണ് തക്കാളിപ്പനി പിടികൂടുന്നത്. അതും അഞ്ച് വയസിന് താഴെയുള്ളവരിലാണ് കൂടുതലും കണ്ടുവരുന്നത്. അതുകൊണ്ട് തന്നെ തക്കാളിപ്പനിയെന്ന് കേള്‍ക്കുമ്പോള്‍ കുട്ടികളുള്ള വീട്ടുകാര്‍ക്കെല്ലാം ഭയാശങ്കകള്‍ തന്നെയാണ്. 

കൊവിഡ് 19 വെല്ലുവിളികള്‍ തുടരുന്നതിനിടെയാണ് പ്രതിസന്ധിയായി മങ്കിപോക്സ് രോഗം കടന്നുവന്നത്. ഇതും വൈറസ് തന്നെയാണ് പടര്‍ത്തുന്നത്. ഇക്കൂട്ടത്തിലേക്ക് ഒരു രോഗം കൂടി ഇപ്പോള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വൈറൽ അണുബാധയായ തക്കാളിപ്പനി ( Tomato Fever ). 

മഹാഭൂരിപക്ഷം കേസുകളിലും കുട്ടികളെയാണ് തക്കാളിപ്പനി ( Children Fever ) പിടികൂടുന്നത്. അതും അഞ്ച് വയസിന് താഴെയുള്ളവരിലാണ് കൂടുതലും കണ്ടുവരുന്നത്. അതുകൊണ്ട് തന്നെ തക്കാളിപ്പനിയെന്ന് കേള്‍ക്കുമ്പോള്‍ കുട്ടികളുള്ള വീട്ടുകാര്‍ക്കെല്ലാം ഭയാശങ്കകള്‍ തന്നെയാണ്. 

ഇന്ത്യയിലാണെങ്കില്‍ നിലവില്‍ നൂറലധികം തക്കാളിപ്പനി ( Tomato Fever ) കേസുകളായി വരുന്നു. ഇതില്‍ 80ഉം കേരളത്തില്‍ നിന്നുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ തക്കാളിപ്പനിയെ കുറിച്ചോര്‍ത്ത് ആശങ്ക തോന്നുന്നത് സ്വാഭാവികം. 

എന്നാല്‍ നേരത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചതുപോലെ ഇക്കാര്യത്തില്‍ ആശങ്കകളേതും തോന്നേണ്ടതില്ല. പെട്ടെന്ന് പകരുന്ന രോഗമാണെങ്കില്‍ കൂടിയും ഇതൊരിക്കലും ജീവന് ഭീഷണിയായി വന്നേക്കില്ല. ഇതുവരെയും തക്കാളിപ്പനി ബാധിച്ച് ഒരു മരണം പോലും സ്ഥിരീകരിക്കപ്പെടാത്ത പശ്ചാത്തലത്തിലാണ് ആശങ്ക വേണ്ടെന്ന് നിര്‍ദേശിക്കുന്നത്. 

എന്നാല്‍ കുട്ടികളുള്ള വീട്ടുകാരെല്ലാം തന്നെ ജാഗ്രതയോടെ മുന്നോട്ടുനീങ്ങുക. കാരണം ഇത് കുട്ടികളെ തെല്ലൊന്ന് വലയ്ക്കുന്ന രോഗം ( Children Fever ) തന്നെയാണ്. ചിക്കൻ പോക്സില്‍ കാണുന്നത് പോലെ ദേഹം മുഴുവനും പാടുകളും ചെറിയ കുമിളകളും പൊങ്ങുന്നതാണ് തക്കാളിപ്പനിയുടെ പ്രത്യേകത.

ചിക്കൻപോക്സിലെന്ന പോലെ തന്നെ ഈ കുമിളകളില്‍ ചൊറിച്ചിലും ചെറിയ വേദനയും അനുഭവപ്പെടാം. ഇങ്ങനെ ചുവന്ന കുമിളകള്‍ പൊങ്ങുന്നത് മൂലമാണ് ഇതിനെ തക്കാളിപ്പനിയെന്ന് വിളിക്കുന്നത്. എങ്ങനെയാണ് ഈ രോഗം ആദ്യമായി വന്നെത്തിയത് എന്ന് കണ്ടെത്താൻ ഇതുവരെയും ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. വളരെ അപൂര്‍വമായി മാത്രമേ തക്കാളിപ്പനി പടരാറുമുള്ളൂ. 

ദേഹത്ത് കുമിളകളോ പാടുകളോ കാണുന്നതിന് പുറമെ കടുത്ത പനി, ശരീരവേദന, സന്ധികളില്‍ നീര്, തളര്‍ച്ച, നിര്‍ജലീകരണം, വയറുവേദന, വയറിളക്കം,ഛര്‍ദ്ദി എന്നിങ്ങനെയുള്ള പ്രശ്നങ്ങളും രോഗലക്ഷണങ്ങളായി കാണാം. 

തക്കാളിപ്പനിക്ക് പ്രത്യേകമായ ചികിത്സകളില്ല. എന്നാല്‍ രോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിഷമതകളം ലഘൂകരിക്കാൻ ചികിത്സയുണ്ട്. വൃത്തിയായ ചുറ്റുപാടില്‍ രോഗിയെ കിടത്തുക, ധാരാളം വെള്ളം കുടിക്കുക എന്നിവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. വളരെ എളുപ്പത്തില്‍ തന്നെ പകരുമെന്നതിനാല്‍ രോഗിയെ മാറ്റി പാര്‍പ്പിക്കുകയും വേണം. കുട്ടികളാകുമ്പോള്‍ അവരെ നോക്കാൻ മുതിര്‍ന്നവര്‍ ആരെങ്കിലും ഒരാള്‍ മുഴുവൻ സമയവും മാറിനില്‍ക്കേണ്ടിവരാം. ഈ വ്യക്തിക്കും മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കാം.

Also Read:- 'വേദന കൊണ്ട് അലറിക്കരയാൻ തോന്നി'; മങ്കിപോക്സ് അനുഭവം പങ്കുവച്ച് രോഗി

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം