നഖം നോക്കിയും ആരോഗ്യം വിലയിരുത്താം; നിങ്ങളുടെ നഖം എങ്ങനെയുള്ളതാണ്?

Web Desk   | others
Published : Jan 22, 2020, 07:41 PM IST
നഖം നോക്കിയും ആരോഗ്യം വിലയിരുത്താം; നിങ്ങളുടെ നഖം എങ്ങനെയുള്ളതാണ്?

Synopsis

നഖത്തിന്റെ ഘടന, നിറം, അതിന്റെ സ്വഭാവം എന്നിങ്ങനെയുള്ള ഘടകങ്ങള്‍ നോക്കിയാല്‍ തന്നെ ഒരു വ്യക്തിയുടെ ആരോഗ്യത്തെ കുറിച്ച് ചെറിയൊരു സൂചനയെങ്കിലും ലഭിച്ചേക്കാം. ഇതെങ്ങനെയെന്ന് പറയാം. നമ്മുടെ ആരോഗ്യത്തിന് അവശ്യം വേണ്ട ചില ഘടകങ്ങളുണ്ട്. വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍ എന്നിവയെല്ലാം അവയില്‍ ചിലതാണ്. ഇത്തരത്തില്‍ ശരീരത്തിന് നിര്‍ബന്ധമായും വേണ്ട ഘടകങ്ങളുടെ അഭാവം കൊണ്ടാണ് മിക്കവാറും നഖത്തില്‍ അസ്വാഭാവികമായ മാറ്റങ്ങളുണ്ടാകുന്നത്

നമ്മുടെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളും നമ്മുടെ ആകെ ആരോഗ്യത്തിന്റെ തന്നെ പ്രതിഫലനങ്ങളാണ്. എന്നാല്‍ പലപ്പോഴും ഇതിനെ സൂക്ഷ്മമായി വിലയിരുത്താനോ മനസിലാക്കാനോ നമുക്ക് കഴിയാറില്ലെന്ന് മാത്രം. അക്കൂട്ടത്തില്‍ പെടുന്ന സുപ്രധാനമായ ഒരു ഭാഗമാണ് നഖങ്ങള്‍. കയ്യിലെ നഖങ്ങളും കാലിലെ നഖങ്ങളും ഇതില്‍ ഉള്‍പ്പെടും. 

നഖത്തിന്റെ ഘടന, നിറം, അതിന്റെ സ്വഭാവം എന്നിങ്ങനെയുള്ള ഘടകങ്ങള്‍ നോക്കിയാല്‍ തന്നെ ഒരു വ്യക്തിയുടെ ആരോഗ്യത്തെ കുറിച്ച് ചെറിയൊരു സൂചനയെങ്കിലും ലഭിച്ചേക്കാം. ഇതെങ്ങനെയെന്ന് പറയാം. നമ്മുടെ ആരോഗ്യത്തിന് അവശ്യം വേണ്ട ചില ഘടകങ്ങളുണ്ട്. വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍ എന്നിവയെല്ലാം അവയില്‍ ചിലതാണ്. ഇത്തരത്തില്‍ ശരീരത്തിന് നിര്‍ബന്ധമായും വേണ്ട ഘടകങ്ങളുടെ അഭാവം കൊണ്ടാണ് മിക്കവാറും നഖത്തില്‍ അസ്വാഭാവികമായ മാറ്റങ്ങളുണ്ടാകുന്നത്. 

വിളര്‍ത്ത് മഞ്ഞ കയറിയത് പോലുള്ള നഖങ്ങളാണോ നിങ്ങളുടേത്? എങ്കില്‍ ശ്രദ്ധിക്കുക, ഇതൊരുപക്ഷേ വിളര്‍ച്ചയെ സൂചിപ്പിക്കുന്നതാകാം. അതായത് രക്തത്തില്‍ 'അയേണ്‍' എന്ന പദാര്‍ത്ഥം കുറയുന്ന അവസ്ഥ. പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും നിങ്ങളെ നയിച്ചേക്കാവുന്ന ഒന്നാണ് വിളര്‍ച്ച അഥവാ 'അനീമിയ'. അതല്ലെങ്കില്‍ ധാരാളം സോപ്പ്, സോപ്പ് പൊടി- എന്നിവയുടെയെല്ലാം ഉപയോഗം നിങ്ങളുടെ നഖങ്ങളെ നശിപ്പിക്കുന്നതുമാകാം ഇത്. അക്കാര്യവും ശ്രദ്ധിക്കാവുന്നതാണ്. 

 

 

ചിലരുടെ നഖത്തില്‍ നീലനിറം കയറിയത് പോലെ കാണാറില്ലേ? ഇത് രക്തയോട്ടം കുറഞ്ഞിരിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. നഖത്തിന് ആവശ്യമായത്ര ഓക്‌സിജന്‍ ലഭ്യമല്ലാത്ത സാഹചര്യത്തിലും ഇങ്ങനെയുണ്ടാകാം.

നഖം തീരം കനം കുറഞ്ഞിരിക്കുകയും എപ്പോഴും പൊട്ടിപ്പോരുകയും ചെയ്യാറുണ്ടോ? ഇത് വിറ്റാമിനുകളുടെയും ധാതുക്കളുടേയും പ്രോട്ടീനിന്റേയും കുറവിനെയാകാം കാണിക്കുന്നത്. 

നഖത്തില്‍ നീളത്തില്‍ വരകള്‍ വീഴുന്നുണ്ടെങ്കില്‍ അത് ഒരുപക്ഷേ ദഹനവ്യവസ്ഥയിലെ ക്രമക്കേടുകളെ ചൂണ്ടിക്കാണിക്കുന്നതാകാം. നഖത്തില്‍ വെളുത്ത കുത്തുകള്‍ കാണുന്നതാകട്ടെ, കാത്സ്യം- സിങ്ക് എന്നിവയുടെ കുറവ് മൂലമാകാം. കൃത്രിമമധുരമടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത് കൊണ്ടും ഇങ്ങനെ സംഭവിക്കാം. 

കുടല്‍സംബന്ധമായ എന്തെങ്കിലും പ്രശ്‌നമുള്ളവരിലും അമിതമായി സ്‌ട്രെസ് ഉള്ളവരിലും നഖം 'റഫ്' ആയി കാണപ്പെടാറുണ്ട്. അയേണ്‍, വിറ്റാമിന്‍- എ, തൈറോയ്ഡ് ബാലന്‍സില്ലായ്മ, വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഉള്ളവരില്‍ നഖം എപ്പോഴും പൊട്ടിക്കൊണ്ടിരിക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്.  ചുവന്നതോ പര്‍പ്പിള്‍ നിറത്തിലോ നഖം മാറിവരുന്നത് ആകെ ആരോഗ്യക്കുറവിനെ സൂചിപ്പിക്കുന്നതാണ്. 

 

 

ഭക്ഷണത്തിലൂടെ തന്നെയാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാനാവുക. കാത്സ്യം, ജെലാറ്റിന്‍, വിറ്റാമിന്‍-ബി കോംപ്ലക്‌സ് എന്നിവയെല്ലാം നഖങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായകമാണ്. അതുപോലെ വിറ്റാമിന്‍-ഡി അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ നഖത്തില്‍ വരകള്‍ വീഴുന്നതും നഖം പൊട്ടുന്നതും ഒഴിവാക്കും. ആപ്പിള്‍ സൈഡര്‍ വിനിഗര്‍ നേര്‍പ്പിച്ച് കഴിക്കുന്നത്, ചെറുനാരങ്ങാ നീര് എന്നിവയും നഖത്തിന് നല്ലത് തന്നെ. അതോടൊപ്പം ധാരാളം പയറുവര്‍ഗങ്ങള്‍, ഇലക്കറികള്‍, മീന്‍, മാംസം, പാല്‍, നട്ട്സ്, കാബേജ് പോലുള്ള ഇലവര്‍ഗത്തില്‍പ്പെടുന്ന പച്ചക്കറികള്‍, മുട്ട, ബെറിപ്പഴങ്ങള്‍ എന്നിങ്ങനെ പല ഭക്ഷണസാധനങ്ങളും നഖത്തിന് ആരോഗ്യത്തിന് നിര്‍ബന്ധമായും കഴിക്കേണ്ടതാണ്. ഇവ ഏതെല്ലാമെന്ന് അന്വേഷിച്ച് അറിഞ്ഞ ശേഷം ഡയറ്റിലുള്‍പ്പെടുത്താം. 

നഖത്തില്‍ കാണുന്ന അസ്വാഭാവികമായ മാറ്റങ്ങള്‍ മുകളില്‍ സൂചിപ്പിച്ചത് പോലെ ഒരുപിടി ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമാകാം. എന്നാല്‍ അത് സ്വയം വിലയിരുത്തി, സ്വയം രോഗിയായി കണക്കാക്കരുത്. ഡയറ്റിലൂടെ പരിഹരിക്കാനാകുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കണ്ട് പ്രശ്‌നമെന്തെന്ന് കണ്ടുപിടിക്കുക. ശേഷം ചികിത്സ തേടുക. 

PREV
click me!

Recommended Stories

സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ശ്രദ്ധക്കുറവും ഈ രോഗവും ഉണ്ടാക്കുന്നുവെന്ന് പഠനം
Health Tips: വൃക്കയിലെ കല്ലുകളെ തടയാൻ ചെയ്യേണ്ട കാര്യങ്ങള്‍