വയറിളക്കം ബാധിച്ച് രണ്ട് മരണം, 300 പേര്‍ ആശുപത്രിയില്‍; കോളറയെന്ന് ആരോഗ്യവകുപ്പ്

By Web TeamFirst Published Sep 10, 2021, 2:47 PM IST
Highlights

297 പേര്‍ കോളറ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തി. ഇതില്‍ 150 പേര്‍ ആശുപത്രിയില്‍ തന്നെ ചികിത്സ തുടരുകയാണ്. ഇക്കൂട്ടത്തിലെ ചിലരില്‍ നിന്നായി എടുത്ത സാമ്പിള്‍ വിശദപരിശോധനയ്ക്ക് അയച്ചപ്പോള്‍ 'വിബ്രിയോ കോളറ 01 ഒഗാവ' ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കമര്‍ഹട്ടിയില്‍ വയറിളക്കം ബാധിച്ച് രണ്ട് പേര്‍ മരിക്കുകയും 300 പേരോളം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. നോര്‍ത്ത് 24 പര്‍ഗാനാസിലാണ് സംഭവം. പ്രദേശത്ത് കോളറ വ്യാപകമായിരിക്കുകയാണെന്നാണ് ഇതോടെ ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. 

297 പേര്‍ കോളറ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തി. ഇതില്‍ 150 പേര്‍ ആശുപത്രിയില്‍ തന്നെ ചികിത്സ തുടരുകയാണ്. ഇക്കൂട്ടത്തിലെ ചിലരില്‍ നിന്നായി എടുത്ത സാമ്പിള്‍ വിശദപരിശോധനയ്ക്ക് അയച്ചപ്പോള്‍ 'വിബ്രിയോ കോളറ 01 ഒഗാവ' ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. 

കോളറയ്ക്ക് കാരണമാകുന്ന ബാക്ടീരിയയാണിത്. പ്രധാനമായും മലിനമായ വെള്ളത്തിലൂടെയാണ് ഈ ബാക്ടീരിയ മനുഷ്യശരീരത്തിലെത്തുന്നത്. ഇത് കുടലിനകത്ത് ഗുരുതരമായ അണുാധയുണ്ടാക്കുകയാണ് ചെയ്യുന്നത്. 

ഇപ്പോള്‍ കോളറ വ്യാപകമായിരിക്കുന്ന പ്രദേശത്തെ കുടിവെള്ളം പരിശോധനയ്ക്ക് വിധേയമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ മെഡിക്കല്‍ ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്. 

 


ഇപ്പോഴും കോളറ? 

ഒരു മഹാമാരിയായി കോളറ ആയിരങ്ങളുടെ ജീവനെടുത്ത കാലമുണ്ടായിരുന്നു. പിന്നീട് കോളറ അത്രമാത്രം ഭീഷണിയായി ഉയര്‍ന്നുവന്നില്ല. ചിലരെങ്കിലും ഈ രോഗം ഇപ്പോഴില്ലെന്നും വിശ്വസിക്കുന്നുണ്ട്. എന്നാല്‍ പല അവികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും ഇപ്പോഴും പ്രാദേശികമായി കോളറ പടര്‍ന്നുപിടിക്കാറുണ്ട്. 

ആഫ്രിക്ക, ഹെയ്ത്തി, ചില ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇപ്പോഴും കോളറ കണ്ടുവരുന്നു. ഇന്ത്യയിലും പല ഇടവേളകളിലായി പല സംസ്ഥാനങ്ങളിലും കോളറ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. പ്രധാനമായും ശുചിത്വമില്ലായ്മയാണ് ഇതിന് കാരണമായി വരാറ്. 

നഗരത്തിന്റെ പ്രാന്തപ്രദേശങ്ങള്‍, ചേരികള്‍ പോലുള്ളയിടങ്ങളിലാണ് കോളറ പടര്‍ന്നുപിടിക്കാറുള്ളത്. ഇവിടങ്ങളിലെ സൗകര്യക്കുറവുകള്‍ ക്രമേണ ശുചിത്വമില്ലായ്മയിലേക്ക് നയിക്കുകയും അത് കുടിവെള്ളം മലിനമാകുന്നതിലേക്ക് എത്തുകയുമാണ് ചെയ്യുന്നത്. 

കോളറ ജീവനെടുക്കുന്നത്...

കോളറ യഥാര്‍ത്ഥത്തില്‍ ജീവന് ഭീഷണിയാകുന്ന രോഗമായി ഇന്ന് കണക്കാക്കപ്പെടുന്നില്ല. എന്നാല്‍ സമയബന്ധിതമായി ചികിത്സ ലഭ്യമായില്ലെങ്കില്‍ തീര്‍ച്ചയായും ഇത് ജീവന്‍ കവര്‍ന്നേക്കാം. അതായിരിക്കാം കഴിഞ്ഞ ദിവസം നോര്‍ത്ത് 24 പര്‍ഗാനാസില്‍ നടന്നതും. 

 


(ചിത്രം: ലോകാരോഗ്യ സംഘടന)

 

വയറിളക്കമാണ് കോളറയുടെ പ്രധാന ലക്ഷണം. എന്നാല്‍ ചിലരില്‍ അണുബാധ രൂക്ഷമാകുന്നതിന് മുമ്പ് ലക്ഷണങ്ങളൊന്നും പ്രകടമാകാതെയുമിരിക്കാം. വയറിളക്കത്തിനൊപ്പം തന്നെ, നിര്‍ജലീകരണം, കടുത്ത ദാഹം, ഛര്‍ജ്ജി, കാലുവേദന, അസ്വസ്ഥത, വിറയല്‍ തുടങ്ങി പല പ്രശ്‌നങ്ങളും കോളറയുടെ ലക്ഷണങ്ങളായി വരാറുണ്ട്. 

ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിന് സഹായകമായ ചികിത്സ, ആന്റിബയോട്ടിക്കുകള്‍ എന്നിവയാണ് കോളറയ്ക്കുള്ള മെഡിക്കല്‍ സഹായം. സമയത്തിന് ചികിത്സ തേടുകയെന്നത് തന്നെയാണ് പ്രധാനം. കുിടവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ശുചിത്വം ഉറപ്പുവരുത്തുന്നതിലൂടെ കോളറയ്ക്കുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യാം. 

Also Read:- ഗ്യാസ് മൂലം വയര്‍ വീര്‍ക്കുന്ന പ്രശ്‌നമുണ്ടോ? എങ്കില്‍ പതിവാക്കാം ഈ ഭക്ഷണങ്ങള്‍...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!