
കഴിഞ്ഞ ദശകങ്ങളിൽ ലോകത്ത് കൂടുതൽ പേരെ ബാധിച്ച രോഗമാണ് ക്യാന്‍സര്‍. ശരീരത്തിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് ക്യാന്‍സര്‍ അഥവാ അര്‍ബുദ്ദം എന്ന് പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മരണകാരണമാവുന്ന രോഗങ്ങളിൽ രണ്ടാം സ്ഥാനമാണ് ക്യാൻസറിനുള്ളത്.
നൂറിലധികം വ്യത്യസ്ത തരം ക്യാസറുകൾ ഉണ്ട്. എന്നാൽ സ്ത്രീകളിൽ ഏറ്റവും സാധാരണയായി ബാധിക്കുന്നത് സ്തനാർബുദമാണ്. കൂടാതെ സെർവിക്കൽ ക്യാന്‍സറും സ്ത്രീകളെ ബാധിക്കുന്നത്.
സ്തനാർബുദം...
സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ക്യാന്‍സര്‍ രോഗമാണ് ബ്രസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം.. പ്രായമായ സ്ത്രീകളിൽ സ്തനാർബുദ സാധ്യത കൂടുതലാണ്. സ്തനങ്ങളിലെ ചെറിയ നിറമാറ്റം പോലും ക്യാൻസറിന്‍റെ ലക്ഷണങ്ങളാവാം. സ്തനങ്ങളിൽ മുഴ, വലുപ്പം വ്യത്യാസപ്പെടുക, ആകൃതിയിൽ മാറ്റം വരുക, സ്തനങ്ങളിലെ ചർമ്മത്തിന് ചുവപ്പ് നിറം വരുക മുലക്കണ്ണിനു ചുറ്റുമുള്ള ചർമ്മങ്ങൾ ഇളകിപ്പോകുക, മുലക്കണ്ണില്‍ നിന്ന് രക്തം പുറത്തുവരുന്ന അവസ്ഥ, മുലക്കണ്ണ് അകത്തേക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ, സ്തനങ്ങളിലോ മുലക്കണ്ണിലോ വേദന, തുടങ്ങിയവയെല്ലാം രോഗത്തിന്‍റെ ലക്ഷണങ്ങളാണ്.
ഒരു പരിധി വരെ സ്തനാര്‍ബുദ സൂചനകള്‍ സ്വയം കണ്ടെത്താവുന്നതേയുള്ളൂ. കണ്ണാടിക്ക് മുമ്പില്‍ നിന്നു കൊണ്ട് ഇരു മാറുകളും പരിശോധിക്കാം. ആദ്യം ഇടത് കൈവിരലുകള്‍ കൊണ്ട് വലത്തേ സ്തനത്തിലും അതിന് ചുറ്റിനും മൃദുവായി അമര്‍ത്തി വൃത്താകൃതിയില്‍ ചലിപ്പിച്ചുകൊണ്ട് പരിശോധിക്കുക. തടിപ്പുകളോ കല്ലിപ്പോ മുഴകളോ ഉണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. ശേഷം വലതു കൈവിരലുകള്‍ കൊണ്ട് ഇടത് സ്തനവും പരിശോധിക്കുക. മാറിടത്തിന്‍റെ ആകൃതി, വലിപ്പം എന്നിവയില്‍ എന്തെങ്കിലും വ്യത്യാസമോ, അസാധാരണത്വമോ ഉണ്ടോയെന്നാണ് നോട്ടത്തില്‍ പരിശോധിക്കേണ്ടത്. ഒപ്പം തന്നെ സ്തനങ്ങളില്‍ പാടുകള്‍, മുലഞെട്ടുകള്‍ ഒരുപോലെയാണോ, ഉള്ളിലേക്ക് വലിഞ്ഞിട്ടുണ്ടോ എന്നെല്ലാം പരിശോധിക്കുക. സ്ത്രീകള്‍ ആറ് മാസത്തിലൊരിക്കലോ, വര്‍ഷത്തിലൊരിക്കലെങ്കിലും സ്തനാര്‍ബുദമില്ലെന്ന് മെഡിക്കല്‍ പരിശോധനയിലൂടെ ഉറപ്പ് വരുത്തുന്നതും നല്ലതാണ്.
സെർവിക്കൽ ക്യാൻസർ...
സ്തനർബുദം കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും അധികം പേരിൽ കണ്ടുവരുന്ന വകഭേദമാണ് സെർവിക്കൽ ക്യാൻസർ. ഹ്യൂമൻ പാപ്പിലോമ വൈറസാണ് രോഗകാരി. 50 കഴിഞ്ഞ സ്ത്രീകളിലാണ് രോഗബാധ കൂടുതൽ കണ്ടുവരുന്നത്. തുടക്കത്തിൽ തിരിച്ചറിഞ്ഞാൽ പ്രതിരോധിക്കാൻ ആകുമെങ്കിലും മതിയായ അവബോധമില്ലായ്മയാണ് നമ്മുടെ രാജ്യത്ത് സെർവിക്കൽ ക്യാൻസറിനെ അപകടകാരിയാക്കുന്നത്.
യോനിയുമായി ബന്ധിപ്പിക്കുന്ന ഗർഭാശയത്തിന്റെ താഴത്തെ ഭാഗമായ സെർവിക്സിന്റെ കോശങ്ങളിലാണ് സെർവിക്കൽ ക്യാൻസർ ഉണ്ടാകുന്നത്. ലൈംഗികമായി പകരുന്ന അണുബാധയായ ഹ്യൂമൻ പാപ്പിലോമ വൈറസ് ചില തരം സെർവിക്കൽ ക്യാൻസറിന് കാരണമായേക്കാം.
സെർവിക്കൽ ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളെ കുറിച്ചറിയാം...
1. ആർത്തവവിരാമത്തിന് ശേഷം രക്തസ്രാവം.
2. ആർത്തവ രക്തസ്രാവം ഏറെ നാൾ നിൽക്കുന്നത്.
3. സാധാരണയിൽ കവിഞ്ഞ വജൈനൽ ഡിസ്ചാർജ്.
4. ലൈംഗിക ബന്ധത്തിനിടെ വേദന.
5. ആർത്തവവിരാമത്തിന് ശേഷം രക്തസ്രാവം.
6. പെൽവിക് ഭാഗത്തെ വേദന.
Also Read: കണ്ണുകളുടെ ആരോഗ്യത്തിനായി കഴിക്കാം ഈ 'സൂപ്പര്‍ വിന്‍റര്‍ ഫുഡ്സ്'
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam