'ഹെൽത്ത് കെയർ ഡെലിവറി മേഖലക്ക് ബജറ്റിൽ പരി​ഗണന വേണം'; പ്രതീക്ഷകൾ പങ്കുവച്ച് ഡോ. ആസാദ് മൂപ്പൻ

By Web TeamFirst Published Jan 31, 2024, 10:57 AM IST
Highlights

"വിദേശത്ത് താമസിക്കുന്ന പ്രവാസികളിൽ ഇന്ത്യയിൽ വരുമാന സ്രോതസ്സുള്ളവർക്കും അവർ താമസിക്കുന്ന രാജ്യത്ത് നികുതി അടയ്ക്കേണ്ടവർക്കും ടിഡിഎസിൽ ഇളവ് നൽകണം."

ഹെൽത്ത് കെയർ ഡെലിവറി മേഖലക്ക് വരുന്ന കേന്ദ്ര ബജറ്റിൽ ജി.ഡി.പി ആനുപാതികമായി കുറഞ്ഞത് 5% വിഹിതം പ്രതീക്ഷിക്കുന്നതായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ.

ആയുഷ്മാൻ ഭാരത് ലക്ഷ്യമിടുന്നതനുസരിച്ച് 500 ദശലക്ഷം ആളുകൾക്ക് മിതമായ നിരക്കിൽ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനും, വർദ്ധിച്ചുവരുന്ന ആരോഗ്യ പരിചരണ ആവശ്യം നിറവേറ്റുന്നതിനും ഗ്രാമങ്ങളിലും സബ് അർബൻ പ്രദേശങ്ങളിലും കൂടുതൽ ആശുപത്രികളും ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളും ആവശ്യമാണ്. ഇത് പരിഹരിക്കാൻ സർക്കാർ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ (പിപിപി) കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും, ആരോഗ്യ ഇൻഷുറൻസ്, റീട്ടെയിൽ ഫാർമസി മേഖലകളിൽ 100% നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) അനുവദിക്കുമെന്നും പ്രതീക്ഷിക്കുന്നു. - ഡോ. ആസാദ് മൂപ്പൻ ബജറ്റ് പ്രതീക്ഷ പങ്കുവച്ചു.

"ആരോഗ്യ സംരക്ഷണ മേഖല അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു, ഇത് മഹാമാരിയുടെ വരവോടെ അതിവേഗം ശക്തി പ്രാപിച്ചിരിക്കുന്നു. ഈ പരിണാമത്തിനനുസരിച്ച് പഠിക്കാനും, പഠന രംഗം വികസിപ്പിക്കാനും നാളത്തെ പ്രൊഫഷണലുകൾക്ക് സാഹചര്യമുണ്ടാകണം. സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനം, കൂടുതൽ പ്രായോഗിക സമീപനങ്ങൾ, ഗവേഷണം, നവീകരണ പ്രേരിതമായ രീതികൾ, മികച്ച മനസ്സുകളെ രൂപപ്പെടുത്താൻ സഹായിക്കുന്നതിന് യോഗ്യരായ പ്രൊഫഷണലുകൾ എന്നിവ സമന്വയിപ്പിക്കുന്നതിന് കാര്യമായ നിക്ഷേപങ്ങളും, നവീകരണത്തിന് ആവശ്യമായി വരും. ഓരോ സംസ്ഥാനത്തും സെൻട്രൽ മെഡിക്കൽ റിസർച്ച് ആൻഡ് ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത് ഉൾപ്പെടെ ഗണ്യമായ വിഹിതം ഉൾപ്പെടുത്തുന്നത് ഒരു മികച്ച തുടക്കമായിരിക്കും. ഒരു സെൻട്രൽ ഡിജിറ്റൽ ഹെൽത്ത്, എഐ യൂണിവേഴ്‌സിറ്റി എന്നിവ സ്ഥാപിക്കുന്നത് ആരോഗ്യ സംരക്ഷണ ചെലവുകൾക്കൊപ്പം പ്രവേശനക്ഷമതയും ഇക്വിറ്റിയും പോലുള്ള വെല്ലുവിളികളെ നേരിടാൻ ആരോഗ്യരംഗത്ത് സാങ്കേതിക നവീകരണം വിന്യസിക്കാൻ സഹായിക്കും. കൂടാതെ, അക്കാദമിക് കാര്യങ്ങൾക്കായി ഇന്ത്യയിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്ന എൻആർഐ വിദ്യാർത്ഥികൾക്ക് ഒരു പ്രത്യേക സർവകലാശാലയും ഉണ്ടായിരിക്കണം." - ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

എൻആർഐ സമൂഹത്തിന് ഇളവുകൾ ലഭിക്കുമെന്നതാണ് മറ്റൊരു പ്രതീക്ഷ. വിദേശത്ത് താമസിക്കുന്ന പ്രവാസികളിൽ ഇന്ത്യയിൽ വരുമാന സ്രോതസ്സുള്ളവർക്കും അവർ താമസിക്കുന്ന രാജ്യത്ത് നികുതി അടയ്ക്കേണ്ടവർക്കും ടിഡിഎസിൽ ഇളവ് നൽകണം. സാർക്ക്, ജിസിസി രാജ്യങ്ങളിലെ വളരുന്ന വ്യാപാര, ബിസിനസ് സഹകരണങ്ങളും ശക്തിപ്പെടുത്താൻ ഈ പ്രദേശങ്ങളിലേക്ക് താങ്ങാനാവുന്ന എയർലൈൻ നിരക്കുകൾ ഏർപ്പെടുത്താനാകും. റിട്ടയർമെന്റിനായി ഇന്ത്യയിലേക്ക് മടങ്ങുന്നവർക്കായി ഒരു ആരോഗ്യ പദ്ധതിയും പ്രായോ​ഗികമാണെന്ന് അദ്ദേഹം പറഞ്ഞു.

click me!