യൂറിനറി ഇൻഫെക്ഷൻ; ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Published : Apr 06, 2019, 09:24 AM IST
യൂറിനറി ഇൻഫെക്ഷൻ; ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Synopsis

അടിവയറ്റില്‍ വേദന, അടിക്കടി മൂത്രം ഒഴിക്കണമെന്ന തോന്നല്‍, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുക ഇവയൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ. ഇത് ശരിയായ സമയത്ത് ചികിത്സിക്കാതെയിരുന്നാല്‍ വൃക്കകളെ ഗുരുതരമായി ബാധിക്കാനിടയുണ്ട്. മൂത്രത്തില്‍ അണുബാധയുണ്ടായാല്‍ ഡോക്ടറെ ഉടനടി സമീപിക്കണം എന്നത് നിര്‍ബന്ധമാണ്‌. 

ഇന്ന് മിക്ക സ്ത്രീകളിലും കണ്ട് വരുന്ന പ്രശ്നമാണ് മൂത്രത്തിൽ അണുബാധ അല്ലെങ്കില്‍ യുറിനറി ഇന്‍ഫെക്ഷന്‍. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് യൂറിനറി ഇന്‍ഫെക്ഷന്‍ കൂടുതലായി കണ്ട് വരുന്നത്. കൃത്യമായി മൂത്രം ഒഴിക്കാതിരിക്കുന്നതും ശരിയായ ശുചിത്വം പാലിക്കാത്തതുമാണ്‌ സ്‌ത്രീകളില്‍ മൂത്രാശയ അണുബാധയ്‌ക്ക് കാരണമാകുന്നത്‌.

അടിവയറ്റില്‍ വേദന, അടിക്കടി മൂത്രം ഒഴിക്കണമെന്ന തോന്നല്‍, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുക ഇവയൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ. ഇത് ശരിയായ സമയത്ത് ചികിത്സിക്കാതെയിരുന്നാല്‍ വൃക്കകളെ ഗുരുതരമായി ബാധിക്കാനിടയുണ്ട്. മൂത്രത്തില്‍ അണുബാധയുണ്ടായാല്‍ ഡോക്ടറെ ഉടനടി സമീപിക്കണം എന്നത് നിര്‍ബന്ധമാണ്‌. മൂത്രാശയ അണുബാധയുടെ ചികിത്സയ്ക്ക് പ്രധാനമായും ആന്റിബയോട്ടിക്ക് മരുന്നുകളാണ് ഉപയോഗിക്കുന്നത്. 

അപ്പര്‍ യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ, ലോവര്‍ ട്രാക്റ്റ് ഇൻഫെക്ഷൻ ഇങ്ങനെ രണ്ടുരീതിയിലുള്ള അണുബാധയാണ് കാണപ്പെടുന്നത്. ഗര്‍ഭാശയം, കിഡ്നി എന്നിവ അടങ്ങിയ ഭാഗത്തിന് സമീപമുള്ള മൂത്രനാളിയെ അപ്പര്‍ യൂറിനറി ട്രാക്റ്റ് എന്നും മൂത്രസഞ്ചി, മുത്രാശയം എന്നിവ ഉൾക്കൊണ്ട ഭാഗത്തെ ലോവര്‍ ട്രാക്റ്റ്  എന്നും വേര്‍തിരിക്കാം. സാധാരണഗതിയില്‍  ലോവര്‍ യൂറിനറിട്രാക്റ്റിനെ ബാധിക്കുന്ന അണുബാധ വേഗത്തില്‍ ചികിത്സിച്ചു മാറ്റാന്‍ കഴിയും. 

ഡോക്ടര്‍ നിര്‍ദേശിക്കും പ്രകാരം ചെറിയ അളവിലെ ആന്റിബയോട്ടിക്ക് മരുന്നുകള്‍ കൊണ്ട് ഇതു ഭേദമാക്കാം. കൂടാതെ ധാരാളം വെള്ളം കുടിക്കുകയും ആവശ്യത്തിനു വിശ്രമം എടുക്കുകയും വേണം. ഹൃദ്രോഗത്തിനോ കിഡ്നി സംബന്ധമായ രോഗങ്ങള്‍ക്കോ മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍ അത് ഡോക്ടറോടു പറയണം. 

മൂത്രം ഒഴിക്കുമ്പോള്‍ വേദനയും പുകച്ചിലും, കൂടെക്കൂടെ മൂത്രമൊഴിക്കണമെന്ന തോന്നല്‍ രക്തം കലര്‍ന്ന് മുത്രം പോകുക, രൂക്ഷമായ ദുര്‍ഗന്ധം, മൂത്രത്തിനു നിറവ്യത്യാസം എന്നിവയാണ് ലക്ഷണങ്ങള്‍. യൂറിനെറി ഇൻഫെക്ഷൻ അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

ഒന്ന്...

ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം. ചൂടുള്ള കാലാവസ്ഥയാണെങ്കില്‍ ഇതിന്റെ അളവ് കൂട്ടണം. ശരീരത്തില്‍ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ വെള്ളത്തിനോളം കഴിവ് മറ്റൊന്നിനുമില്ല. പഴച്ചാറുകള്‍ കുടിക്കുന്നതും നല്ലതാണ്. മദ്യം, കാര്‍ബോനേറ്റഡ് ഡ്രിങ്ക്സ് എന്നിവ ഒഴിവാക്കാം. 

രണ്ട്...

നല്ല ഇളം ചൂടു വെള്ളത്തിലെ കുളി മുത്രാശയരോഗക്കാര്‍ക്കു നല്ലതാണ്. മുത്രാശയരോഗത്തെ തുടര്‍ന്നുള്ള അടിവയര്‍ വേദനയ്ക്ക് ഇത് നല്ലതാണ്.

മൂന്ന്...

മൂത്രം ഒഴിക്കണമെന്ന് തോന്നിയാല്‍ പിടിച്ചു വയ്‌ക്കാതെ ഉടന്‍ മൂത്രം ഒഴിക്കുക. ഇത് വളരെ പ്രധാനമാണ്. കൂടുതല്‍ നേരം മൂത്രം പിടിച്ചു നിര്‍ത്തുന്നത് അണുക്കളെ കൂടുതല്‍ ശക്തരാക്കുകയേയുള്ളൂ.

നാല്...

യൂറിനറി ഇൻഫെക്ഷൻ മാറ്റാൻ ഏറ്റവും നല്ലതാണ് വെള്ളരിക്ക ജ്യൂസ്. ധാരാളം ജലാംശം അടങ്ങിയ ഒന്നാണ് വെള്ളരിക്ക. വെള്ളം കുടിക്കാന്‍ സാധിച്ചില്ലെങ്കില്‍ പോലും ഇടയ്ക്കിടെ വെള്ളരിക്ക കഴിക്കുന്നത്‌ നല്ലതാണ്. വെള്ളരിക്ക മാത്രമാക്കേണ്ട എല്ലാ പഴവര്‍ഗങ്ങളും കഴിക്കാം.

അഞ്ച്....

മൂത്രാശയരോഗത്തെ അകറ്റാന്‍ ഏറ്റവും നല്ലതാണ് ക്രാന്‍ബെറി ജ്യൂസ്. മിക്കവരും അണുബാധ ഉണ്ടായ ശേഷമാണ് ഇതിനെ ആശ്രയിക്കുന്നത്. എന്നാല്‍ ക്രാന്‍ബെറി ജ്യൂസ്‌ ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മൂത്രാശയരോഗം പിടിപെടില്ല. ഇതൊരു മികച്ച ആന്റി ഒക്സിടന്റ്റ്‌ കൂടിയാണ്. ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാനും ക്രാന്‍ബെറി ജ്യൂസ്‌ കുടിക്കുന്നത് ഗുണം ചെയ്യും. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ