
മൂത്രാശയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണാറുണ്ട്. എന്നാല്‍ പലപ്പോഴും പുരുഷന്മാരില്‍ മൂത്രതടസം, വേദന, മൂത്രത്തില്‍ രക്തം തുടങ്ങിയ പ്രശ്‌നങ്ങള്‍ മൂത്രാശയവുമായി ബന്ധപ്പെട്ട രോഗങ്ങളെ തന്നെ സൂചിപ്പിക്കുന്നത് ആകണമെന്നില്ല.
പുരുഷന്മാരുടെ പ്രത്യുത്പാദന അവയവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് 'പ്രോസ്‌റ്റേറ്റ്' ഗ്രന്ഥി. ബീജത്തെ ചലിപ്പിക്കാന്‍ സഹായിക്കുന്ന ദ്രവം ഉത്പാദിപ്പിക്കുകയെന്നതാണ് ഇതിന്റെ പ്രധാന ധര്‍മ്മം.
ഇതിനെ ബാധിക്കുന്ന 'പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍' ( Prostate Cancer ) ലക്ഷണങ്ങളായും പുരുഷന്മാരില്‍ മൂത്രസംബന്ധമായ വിഷമതകള്‍ കാണാം. പലപ്പോഴും ഇത്തരം ലക്ഷണങ്ങള്‍ അവഗണിക്കപ്പെടുകയും അതുവഴി ക്യാന്‍സര്‍ നിര്‍ണയിക്കാന്‍ സമയമെടുക്കുകയും ചെയ്യാറുണ്ട്.
പല തരത്തിലുള്ള തെറ്റിദ്ധാരണകളും 'പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍' സംബന്ധിച്ച് പുരുഷന്മാര്‍ക്കിടയിലുണ്ടാകാറുണ്ട്. ഈ തെറ്റിദ്ധാരണകളും രോഗനിര്‍ണയം താമസിപ്പിക്കാറുണ്ട്.
പ്രായമായവരെ മാത്രമാണോ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പിടികൂടുന്നത്?
പ്രായമേറിയ പുരുഷന്മാരില്‍ മാത്രം കാണപ്പെടുന്ന രോഗമാണ് 'പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍' എന്ന് ചിന്തിക്കുന്നവര്‍ നിരവധിയാണ്. ഏതാണ്ട് 65 ശതമാനത്തോളം കേസുകളില്‍ ഇത് ശരിയാണ്. അറുപത്തിയഞ്ചോ അതിന് മുകളിലോ പ്രായമുള്ളവരെയാണ് 65 ശതമാനവും 'പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍' പിടികൂടുന്നത്.
എന്നാല്‍ അതിന് താഴേക്ക് നാല്‍പത് വയസ് വരെയുള്ള പുരുഷന്മാരിലും പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ കാണപ്പെടുന്നുണ്ട്. അതിന് താഴെയും അപൂര്‍വ്വമായി ഇത് കാണാം. നാല്‍പത് വയസുള്ളവരുടെ കാര്യത്തില്‍ പതിനായിരത്തില്‍ ഒരാള്‍ എന്ന നിലയിലാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ കണ്ടെത്തപ്പെടാറെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നാല്‍പത് മുതല്‍ അമ്പത് വയസ് വരെ പ്രായമുള്ളവരാണെങ്കില്‍, നാല്‍പത് പേരില്‍ ഒരാള്‍ തുടങ്ങി- അറുപത് പേരില്‍ ഒരാള്‍ എന്ന നിലയില്‍ രോഗം കണ്ടേക്കാം. അറുപതിനും അറുപത്തിയൊമ്പതിനും ഇടയിലാകുമ്പോള്‍ ഇത് പതിനഞ്ച് പേരില്‍ ഒരാള്‍ എന്ന നിലയിലേക്ക് മാറുന്നു.
എന്തുകൊണ്ട് പ്രേസ്റ്റേറ്റ് ക്യാൻസർ? ലക്ഷണങ്ങൾ...
പാരമ്പര്യം, ആരോഗ്യാവസ്ഥ, ജീവിതരീതി, കാലാവസ്ഥ എന്നിങ്ങനെ പല ഘടകങ്ങളും 'പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍'ന് കാരണമാകാറുണ്ട്. ഇടവിട്ട് മൂത്രമൊഴിക്കാന്‍ തോന്നുക, മൂത്രമൊഴിക്കാന്‍ തുടങ്ങുമ്പോഴോ നിര്‍ത്തുമ്പോഴോ വിഷമത നേരിടുക, മൂത്രമൊഴിക്കുമ്പോള്‍ വേദന, എരിച്ചില്‍, മൂത്രം തടസപ്പെട്ട് പോവുക, മൂത്രത്തില്‍ രക്തം എന്നിവയെല്ലാം പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ലക്ഷണങ്ങളായി വരാറുണ്ട്. അതിനാല്‍ തന്നെ ഇവയിലേതെങ്കിലും പ്രശ്‌നം പതിവായി അനുഭവപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തേണ്ടതുണ്ട്.
ഇവയ്ക്ക് പുറമെ ലൈംഗികപ്രശ്‌നങ്ങളും പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ലക്ഷണമായി വരാറുണ്ട്. ഉദ്ധാരണപ്രശ്‌നം ( Ejaculation ), ഉദ്ധാരണത്തിനിടെ വേദന, ശുക്ലത്തില്‍ രക്തം, നടു എപ്പോഴും ബലമായി നില്‍ക്കുന്ന അവസ്ഥ, ഇടുപ്പ്-തുടകള്‍ എന്നിവിടങ്ങളിലും അനാവശ്യമായ ബലം അനുഭവപ്പെടല്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ പതിവാകുന്നപക്ഷവും ഡോക്ടറഎ സമീപിക്കേണ്ടതാണ്.
Also Read:- പുരുഷന്മാരില്‍ ലൈംഗിക ഉണര്‍വ് കുറയുമ്പോള്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam