378 സാനിറ്റൈസറുകൾക്ക് വിലക്കേർപ്പെടുത്തി എഫ്ഡിഎ

Published : Jan 25, 2023, 07:47 PM IST
378 സാനിറ്റൈസറുകൾക്ക് വിലക്കേർപ്പെടുത്തി എഫ്ഡിഎ

Synopsis

അമേരിക്ക, ചൈന, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ ഉത്പാദിപ്പിക്കുന്ന 378-ഓളം സാനിറ്റൈസറുകൾക്കാണ് എഫ്ഡിഎ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ആരോ​ഗ്യപ്രശ്നങ്ങൾ അടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ സാനിറ്റൈസറുകൾ ഉപയോ​ഗിക്കരുതെന്ന് എഫ്ഡിഎ നിർദേശം നൽകിയിരിക്കുന്നത്. 

അമേരിക്ക, ചൈനയുൾപ്പെടെയുള്ള പല വിദേശ രാജ്യങ്ങളിലും കൊവിഡ് നിരക്കുകൾ കുതിച്ചുയരുകയാണ്. പല രാജ്യങ്ങളും മാസ്ക്, സാനിറ്റൈസർ ഉൾപ്പെടെയുള്ള കൊവിഡ് പ്രതിരോധമാർ​ഗങ്ങൾ വീണ്ടും ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ നിരവധി സാനിറ്റൈസറുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് യുഎസ് ഫുഡ് ആൻഡ് ഡ്ര​ഗ് അഡ്മിനിസ്ട്രേഷൻ (FDA). 

അമേരിക്ക, ചൈന, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ ഉത്പാദിപ്പിക്കുന്ന 378-ഓളം സാനിറ്റൈസറുകൾക്കാണ് എഫ്ഡിഎ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ആരോ​ഗ്യപ്രശ്നങ്ങൾ അടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ സാനിറ്റൈസറുകൾ ഉപയോ​ഗിക്കരുതെന്ന് എഫ്ഡിഎ നിർദേശം നൽകിയിരിക്കുന്നത്. മെഥനോൾ, 1-പ്രൊപനോൾ, ബെൻസൈൻ, അസറ്റൽഡിഹൈഡ് തുടങ്ങിയ ഏതാനും ഘടകങ്ങളടങ്ങിയ സാനിറ്റൈസറുകൾക്കാണ് വിലക്ക്. 

ഒപ്പം ഈഥൈൽ ആൽക്കഹോൾ, ഐസോപ്രോപിൽ ആൽക്കഹോൾ, ബെൻസൽകോനിയം ക്ലോറൈഡ് തുടങ്ങിയവ മതിയായ അളവിൽ ഇല്ലാത്ത സാനിറ്റൈസറുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്താനും എഫ്ഡിഎ തീരുമാനിച്ചിട്ടുണ്ട്. മെഥനോൾ അടങ്ങിയ സാനിറ്റൈസറുകളുമായി സമ്പർക്കം പുലർത്തിയവർ ഉടനടി ചികിത്സ തേടണമെന്നും എഫ്ഡിഎ വ്യക്തമാക്കുന്നു. ഉയർന്ന അളവിൽ മെഥനോൾ അടങ്ങിയവയുമായി സമ്പർക്കം പുലർ‌ത്തുന്നത് വഴി ഛർദി, തലവേദന, കാഴ്ചമങ്ങൽ, കോമ, നാഡീവ്യവസ്ഥയ്ക്ക് തകരാർ തുടങ്ങി മരണം വരെ സംഭവിക്കാമെന്നും എഫ്ഡിഎ മുന്നറിയിപ്പ് നല്‍കുന്നു. 

അതേസമയം, ദീർഘദൂര വിമാനയാത്രകൾ ചെയ്യുന്നവരോട് മാസ്കുകൾ ധരിക്കാൻ അതാത് രാജ്യങ്ങൾ നിർദേശിക്കണമെന്ന് ലോകാരോ​ഗ്യസംഘടന അടുത്തിടെ വ്യക്തമാക്കി. അമേരിക്കയിൽ ഉൾപ്പെടെ പുതിയ ഒമിക്രോൺ വകഭേദങ്ങളുടെ തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണിത്. കൊവി‍ഡ് വ്യാപനം രൂക്ഷമായ ഇടങ്ങളിൽ ഉള്ളവരെല്ലാം ഈ നിർദേശം പാലിക്കുന്നതാണ് അഭികാമ്യമെന്ന് യൂറോപ്പിലെ ലോകാരോ​ഗ്യസംഘടനയുടെ സീനിയർ എമർജൻസി ഓഫീസറായ കാതറിൻ സ്മാൾവുഡ് പറഞ്ഞു.

2019 അവസാനത്തോടെ ചൈനയിലാണ് ആദ്യമായി കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത്. പിന്നീട് ചുരുങ്ങിയ സമയത്തിനകം തന്നെ ഇത് ലോകരാജ്യങ്ങളിലേക്കെല്ലാം എത്തുകയായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം പല കൊവിഡ് തരംഗങ്ങള്‍ക്കും ശേഷം ചൈനയിലിപ്പോള്‍ മറ്റൊരു ശക്തമായ കൊവിഡ് തരംഗം ആഞ്ഞടിച്ചത്. 

Also Read: ഇവിടെ മതിലില്‍ മൂത്രമൊഴിച്ചാല്‍ 'തിരിച്ചൊഴിക്കും'; ഇത് പ്രതികരണശേഷിയുള്ള മതിലുകള്‍!

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ