കൊവിഡ് പിടിപെടുകയും വാക്‌സിന്‍ രണ്ട് ഡോസ് എടുക്കുകയും ചെയ്തവരുടെ പ്രത്യേകത; പഠനം

Web Desk   | others
Published : Aug 04, 2021, 08:34 PM IST
കൊവിഡ് പിടിപെടുകയും വാക്‌സിന്‍ രണ്ട് ഡോസ് എടുക്കുകയും ചെയ്തവരുടെ പ്രത്യേകത; പഠനം

Synopsis

വാക്‌സിന്‍ സ്വീകരിച്ചവരിലും കയറിപ്പറ്റാനുള്ള കഴിവുണ്ട് എന്നതാണ് 'ഡെല്‍റ്റ' വകഭേദത്തിലുള്ള വൈറസിന്റെ ഒരു പ്രത്യേകത. ഇത് വലിയ വെല്ലുവിളിയാണ് നിലവില്‍ ഉയര്‍ത്തുന്നത്. വാക്‌സിന്‍ സ്വീകരിച്ച ശേഷവും കൊവിഡ് പിടിപെടുന്നവരില്‍ ഭൂരിപക്ഷം കേസുകളും 'ഡെല്‍റ്റ' മൂലമുള്ളതാണെന്ന് ഇതിനോടകം തന്നെ വിവിധ പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്

കൊവിഡ് 19 മഹാമാരിയുമായുള്ള പോരാട്ടത്തില്‍ തന്നെയാണ് നമ്മളിപ്പോഴും. കൊവിഡിനെതിരായ വാക്‌സിനുകള്‍ ലഭ്യമായെങ്കിലും ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ വ്യാപകമാകുന്നതോടെ ആശങ്കകള്‍ അതുപോലെ തന്നെ തുടരുകയാണ്. 

ഇന്ത്യയില്‍ കണ്ടെത്തപ്പെട്ട 'ഡെല്‍റ്റ' വകഭേദമാണ് ഇക്കൂട്ടത്തില്‍ ഏറ്റവുമധികം അപകടഭീഷണി ഉയര്‍ത്തുന്നത്. രാജ്യത്ത് അതിശക്തമായ കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ചതിന് പുറമെ യുഎസ്, യുകെ, ഓസ്‌ട്രേലിയ, ചൈന തുടങ്ങി പലയിടങ്ങളിലും വീണ്ടും കൊവിഡ് കേസുകള്‍ ഉയര്‍ത്തുകയാണ് 'ഡെല്‍റ്റ'.

വാക്‌സിന്‍ സ്വീകരിച്ചവരിലും കയറിപ്പറ്റാനുള്ള കഴിവുണ്ട് എന്നതാണ് 'ഡെല്‍റ്റ' വകഭേദത്തിലുള്ള വൈറസിന്റെ ഒരു പ്രത്യേകത. ഇത് വലിയ വെല്ലുവിളിയാണ് നിലവില്‍ ഉയര്‍ത്തുന്നത്. വാക്‌സിന്‍ സ്വീകരിച്ച ശേഷവും കൊവിഡ് പിടിപെടുന്നവരില്‍ ഭൂരിപക്ഷം കേസുകളും 'ഡെല്‍റ്റ' മൂലമുള്ളതാണെന്ന് ഇതിനോടകം തന്നെ വിവിധ പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. 

 


എന്നാല്‍ ഐസിഎംആറും (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) നാഷണല്‍ ഇന്‍സ്റ്ററ്റിയൂട്ട് ഓഫ് വൈറോളജിയും സംയുക്തമായി നടത്തിയ ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 'ഡെല്‍റ്റ' വലിയ ഭീഷണി ഉയര്‍ത്തവേ ഈ പഠനം പങ്കുവയ്ക്കുന്ന നിരീക്ഷണങ്ങള്‍ക്ക് ചെറതല്ലാത്ത പ്രാധാന്യമുണ്ട്. 

അതായത് കൊവിഡ് വന്നു പോവുകയും രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ കൊവിഷീല്‍ഡ് സ്വീകരിക്കുകയും ചെയ്തവരില്‍ 'ഡെല്‍റ്റ'യ്‌ക്കെതിരായ പ്രതിരോധം ശക്തമായിരിക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഇത് കൊവിഡ് വന്നുപോയ ശേഷം വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കിലും ശരി, വാക്‌സിന് ശേഷം കൊവിഡ് വന്നുപോയവരിലാണെങ്കിലും ശരി, ഏറെക്കുറെ സുരക്ഷിതമായി നടക്കുമെന്നാണ് പഠനം അവകാശപ്പെടുന്നത്. 

നമുക്കറിയാം, കൊവിഡ് 19 പിടിപെട്ട ശേഷം അതിനെതിരെയുള്ള ആന്റിബോഡികള്‍ രോഗിയായിരുന്ന ആളുടെ ശരീരത്തില്‍ കാണും. ഇതിന്റെ അളവും പ്രവര്‍ത്തനവുമെല്ലാം വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്ക് പോകുമ്പോള്‍ വ്യത്യസ്തമായിരിക്കും. എങ്കിലും പ്രകൃത്യാ രോഗത്തിനെതിരായ ചെറുത്തുനില്‍പ് ഇവരില്‍ സാധ്യമാണ്. അതുപോലെ വാക്‌സിനെടുത്തവരിലും രോഗത്തിനെതിരായ ആന്റിബോഡികള്‍ കാണും. ഈ രണ്ട് വിഭാഗക്കാരിലും കയറിപ്പറ്റാന്‍ 'ഡെല്‍റ്റ'യ്ക്കാകുമെന്ന് നേരത്തേ പറഞ്ഞുവല്ലോ. 

 

 

എന്നാല്‍ ഈ രണ്ട് രീതിയിലും പ്രതിരോധശക്തി നേടിയ ഒരാളില്‍ കയറിപ്പറ്റാന്‍ 'ഡെല്‍റ്റ' അല്‍പം കുഴങ്ങുമെന്നാണ് പഠനം പറയുന്നത്. വാക്‌സിന്‍ സ്വീകരിച്ചവരിലും രോഗം പിടിപെട്ടുപോയവരിലും എത്തരത്തിലാണ് 'ഡെല്‍റ്റ'യുടെ ആക്രമണത്തിന്റെ തോത് എന്നറിയാന്‍ തന്നെയാണ് ഗവേഷകര്‍ പഠനം നടത്തിയത്. 

എന്തായാലും സമീപഭാവിയില്‍ ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച കൊവിഡ് വൈറസുകളെ കുറിച്ച് സൂക്ഷ്മമായ പഠനങ്ങള്‍ വരേണ്ടതുണ്ടെന്നും കൊവിഡ് പ്രതിരോധത്തില്‍ ഇതിന് വലിയ സ്ഥാനമുണ്ടെന്നും കൂടി ഗവേഷകര്‍ ഈ പഠനത്തോടൊപ്പം ഓര്‍മ്മിപ്പിക്കുന്നുണ്ട്. 

Also Read:- കൊവിഡ് ബാധിച്ച ആദ്യ രണ്ട് ആഴ്ചകളില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടി; പഠനം

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം