ഇ-സിഗരറ്റ് നിരോധിച്ചതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം

By Web TeamFirst Published Sep 29, 2019, 1:01 PM IST
Highlights

ഇ-സിഗരറ്റിന്റെ ഉപഭോഗം, ഉത്പാദനം, ഇറക്കുമതി, കയറ്റുമതി, ഗതാഗതം, വിൽപ്പന, വിതരണം, സംഭരണം, പരസ്യം എന്നിവ നിരോധിക്കുന്ന ഓർഡിനൻസ് പിൻവലിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. 
 

ദില്ലി: ഇ-സിഗരറ്റ് നിരോധിച്ചതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം. ഇലക്ട്രോണിക് നിക്കോട്ടിൻ ഡെലിവറി സംവിധാനങ്ങൾ നിരോധിക്കുന്നത് സർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് അഭിഭാഷകർ, മെഡിക്കൽ പ്രൊഫഷണലുകളാണ് പ്രതിഷേധവുമായി രം​ഗത്തെത്തിയിരിക്കുന്നത്.

ഇ-സിഗരറ്റ് ഉപയോക്താക്കളെ പ്രതിനിധീകരിക്കുന്ന അസോസിയേഷൻ ഓഫ് വാപ്പേഴ്‌സ് ഇന്ത്യ (എവിഐ) ദില്ലി, മുംബൈ, ഹൈദരാബാദ്, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനം നടത്തി. ഇത് സർക്കാരിൽ നിന്നുള്ള മനപൂർവമുള്ള വംശഹത്യ എന്നാണ് പ്രതിഷേധക്കാർ വിശേഷിപ്പിച്ചത്. 

“ ഈ തീരുമാനം പുകവലിയിലേക്ക് തള്ളിവിടുകയും രാജ്യത്തെ 11 കോടി പുകവലിക്കാർക്ക് സുരക്ഷിതമായ മാർ​ഗങ്ങൾ നഷ്ടപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്ന്  പ്രതിഷേധക്കാർ പറഞ്ഞു. ഇ-സിഗരറ്റിന്റെ ഉപഭോഗം, ഉത്പാദനം, ഇറക്കുമതി, കയറ്റുമതി, ഗതാഗതം, വിൽപ്പന, വിതരണം, സംഭരണം, പരസ്യം എന്നിവ നിരോധിക്കുന്ന ഓർഡിനൻസ് പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. 

ഇ-സിഗരറ്റ് നിരോധനത്തിനെതിരെ നിരവധി പേർ തെരുവിലിറങ്ങുന്നു. അടിയന്തര പ്രാബല്യത്തിൽ നിരോധനം പിൻവലിക്കണമെന്ന സന്ദേശം ജനങ്ങളിൽ നിന്ന് വ്യക്തമാണ്. ദില്ലി, മുംബൈ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവുകൾ സർക്കാർ അവഗണിക്കുകയും നിരോധനം ഏർപ്പെടുത്തുകയും ചെയ്തത് ആശ്ചര്യകരമാണ്. 

നിരോധനത്തിനെതിരെ ഞങ്ങൾ കൂടുതൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് എവിഐ ഡയറക്ടറും അഭിഭാഷകനുമായ സാമ്രാത് ചൗധരി പറഞ്ഞു. “പൊതുജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്ന ഒരു ഓർഡിനൻസ് കൊണ്ടുവരുന്നത് മനുഷ്യത്വരഹിതമാണെന്ന് പ്രതിഷേധത്തിന്റെ ദേശീയ കോർഡിനേറ്റർ ജഗന്നാഥ് സാരംഗപാനി പറഞ്ഞു. 

രാജ്യത്ത് ഇ സിഗരറ്റിന്റെ നിര്‍മ്മാണവും വിപണനവും നിരോധിക്കാന്‍ 18നാണ് മന്ത്രിസഭ തീരുമാനിച്ചത്."ഇന്ത്യയില്‍ ഇ സിഗരറ്റ് നിര്‍മ്മിക്കുന്നില്ല. എന്നാല്‍ 400ഓളം ബ്രാന്‍ഡുകള്‍ ഉണ്ട്. 150 രുചികളിൽ ഇവ ലഭ്യമാണ്. മണമില്ലാത്തിനാല്‍ ആളുകള്‍ ആകൃഷ്ടരാവുകയാണ്. എന്നാല്‍ ഉള്ളിലേക്ക് വലിക്കുന്ന നികോട്ടിന്‍ വലിയ അളവിലാണ് എത്തുന്നതെന്ന് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു.

സിഗരറ്റിൽ നിന്ന് മോചനം നേടുക എന്ന ഉദ്ദേശത്തോടെയാണ് പല യുവാക്കളും ഇ സിഗരറ്റിനെ ആദ്യം ആശ്രയിച്ചത്‌. ആ രീതിയിൽ ഇ സിഗരറ്റിന് സ്വീകാര്യതയും ലഭിച്ചു. സിഗരറ്റിനെ അതിജീവിക്കാനാണ് ഇ സിഗരറ്റിനെ ആശ്രയിച്ചത്. എന്നാല്‍ പിന്നീട് വലിയ രീതിയിൽ ആളുകൾ ഇതിനും അടിമപ്പെടുകയായിരുന്നു. യുഎസ്സില്‍ ഏഴ് പേര്‍ ഇതിന്റെ പേരില്‍ മാത്രം മരണപ്പെട്ടിട്ടുണ്ട്. അതിനാലാണ് മന്ത്രിസഭ ജനങ്ങളുടെ ആരോഗ്യം പരിഗണിച്ച് ഇ സിഗരറ്റ് നിരോധിക്കാന്‍ തീരുമാനിച്ചതെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു.

click me!